വടക്കഞ്ചേരി : ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റുകളിലെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. ഇരുദിശയിലേക്കുമുള്ള ഗതാഗതം നിയന്ത്രിച്ചതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം, ടോളിന് ഇളവൊന്നും ഉണ്ടാവില്ല.

To advertise here,

പാലക്കാട് ദിശയിലേക്കുള്ള പാലത്തിൽ ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാലത്തിൽ മൂന്ന് ജോയിന്റുകൾ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. തൃശ്ശൂർ ദിശയിലേക്കുള്ള പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി നവംബർ ഒന്നിന് തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.

പാലക്കാട് ദിശയിലേക്കുള്ള പാലത്തിൽ കോൺക്രീറ്റ് ഇടിഞ്ഞ ഭാഗത്തെ ജോയിന്റ് പൂർണമായി കുത്തിപ്പൊളിച്ച് നന്നാക്കണമെങ്കിൽ ഗതാഗതം പൂർണമായി നിരോധിക്കണം. തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിലൂടെ ഗതാഗതം തുടങ്ങിയ ശേഷമേ ഇത് സാധ്യമാവൂ. കുത്തിപ്പൊളിച്ച ഭാഗത്ത് കോൺക്രീറ്റിങ് നടത്തി ചുരുങ്ങിയത് ഒരാഴ്ചയ്ക്കു ശേഷമേ പാലം തുറക്കാനാവൂ.

സുരക്ഷാ പരിശോധന വേണം

വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റുകൾ തുടർച്ചയായി തകരുന്ന സാഹചര്യത്തിൽ പാലത്തിന്റെ സുരക്ഷാ പരിശോധന അടിയന്തരമായി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കെ. രാധാകൃഷ്ണൻ എം.പി.യും പി.പി. സുമോദ് എം.എൽ.എ.യും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും ദേശീയപാതാ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും കത്തയച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. റിസർച്ച് ആൻഡ് പോളിസി വിങ് കൺവീനർ കെ.സി. സുബ്രഹ്മണ്യൻ മുഖ്യമന്ത്രിക്ക് കത്തുനൽകി.