മുത്തൂരിൽ നൊയ്യൽനദിക്ക് കുറുകേ മേൽപ്പാലം വേണം

To advertise here,

നിലംപതിപ്പാലത്തിലൂടെയാത്ര ഭീതിയോടെ

തിരുപ്പൂർ : ജില്ലയിലെ മുത്തൂരിൽ നൊയ്യൽനദിക്കു കുറുകേ നിലംപതിപ്പാലത്തിനുപകരം മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ച് ഇവിടെ മേൽപ്പാലം പണിയുമെന്ന് തിരഞ്ഞെടുപ്പുസമയങ്ങളിൽ നേതാക്കൾ വാഗ്ദാനംചെയ്തിരുന്നു. പിന്നീട് ഒരു നടപടിയുമുണ്ടായില്ല.

കാങ്കയം നിയമസഭാമണ്ഡലത്തിൽപ്പെടുന്ന പാലത്തിന്‌ നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന്‌ നാട്ടുകാർ പറയുന്നു. തറപ്പാലം തിരുപ്പൂർ ജില്ലയെ ഈറോഡ് ജില്ലയിലെ മൊടകുറിച്ചി മണ്ഡലത്തിൽപ്പെടുന്ന കൊടുമുടി, ശിവഗിരി, രാമനാഥപുരം, പൊരച്ചപാളയം തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്.

മുത്തൂർ ടൗൺ പഞ്ചായത്തിലെ രംഗസാമി ക്ഷേത്രത്തിനുസമീപമുള്ള ഈ പാലത്തിലൂടെ ദിവസവും ഒട്ടേറെ വാഹനങ്ങളും ചരക്കുവാഹനങ്ങളും കടന്നുപോകുന്നുണ്ട്.

എന്നാൽ, സംരക്ഷണഭിത്തികൾ ഇല്ലാത്തതിനാൽ എതിർദിശയിൽ വണ്ടികൾ വരുമ്പോൾ പാലത്തിലൂടെയുള്ള യാത്ര അപകടകരമാവും. രാത്രികാലങ്ങളിലാണ് പ്രശ്നം കൂടുതൽ.

മഴക്കാലങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരുമ്പോഴെല്ലാം പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെക്കുന്നതും പതിവാണ്. ഈസമയങ്ങളിൽ പത്തുകിലോമീറ്ററോളം ചുറ്റിവേണം ഈറോഡ് ജില്ലയിലേക്കു പ്രവേശിക്കാൻ.

എത്രയും പെട്ടെന്ന് മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാഭരണകൂടത്തിനും മറ്റും നിവേദനങ്ങൾ നൽകിയതായി ജനപ്രതിനിധികൾ പറഞ്ഞു.