മൂന്നുദിവസത്തിനിടെ മൂന്ന് അപകടം
കണ്ണുതുറക്കാതെ അധികാരികൾ
പന്നിത്തടം : പന്നിത്തടം കവലയിൽ കഴിഞ്ഞ മൂന്നു ദിവസം മൂന്ന് അപകടങ്ങളുണ്ടായിട്ടും അധികൃതർ അടിയന്തരനടപടിയെടുക്കാത്തതിനെതിരേ പ്രതിഷേധമുയരുന്നു. വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയും കേച്ചേരി-അക്കിക്കാവ് ബൈപാസും സംഗമിക്കുന്ന നാൽക്കവലയിലാണ് ഒരിടവേളയ്ക്കുശേഷം തുടരെ അപകടങ്ങളുണ്ടായത്.
അപകടമില്ലാതാക്കുന്നതിന് ഇക്കഴിഞ്ഞ ജനുവരിയിൽ ട്രാഫിക് കമ്മിറ്റി കൂടി നടപടിയെടുക്കാൻ തീരുമാനിച്ചു. കവലയിൽ ക്യാമറ സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ട് കണ്ടെത്തി നടപടി സ്വീകരിച്ചുവരുന്നതായും അധികൃതർ അറിയിച്ചിരുന്നു. വേഗത കുറയ്ക്കുന്നതിന് റോഡിൽ സംവിധാനങ്ങളൊരുക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, അതെല്ലാം പാഴ്വാക്കായി മാറി.
വേണം, സുരക്ഷാക്രമീകരണങ്ങൾ
:2025 ഒക്ടോബർ 27-ന് ബൈപാസിന്റെ ഉദ്ഘാടനം പൂർത്തിയായതോടെയാണ് കവലയിൽ അപകടങ്ങൾ പതിവായത്. സിഗ്നൽസംവിധാനമുണ്ടെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ബൈപാസിലൂടെ അമിതവേഗത്തിൽ കവലയിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് വലിയ വളവ് കഴിഞ്ഞയുടൻ നാൽക്കവലയുള്ളത് അറിയാനാകാത്തതും കാരണമാണ്.
കവലയുണ്ട് എന്ന് സൂചിപ്പിക്കുന്ന സിഗ്നലുകളും സൂചനാ ബോർഡുകളും ഉണ്ടെങ്കിലും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. സംസ്ഥാനപാതയിൽ കാഴ്ചയുടെ ബുദ്ധിമുട്ടുകളോ പാതയുടെ വീതിക്കുറവോ ഇല്ല. എന്നാൽ, ബൈപ്പാസിലൂടെ പോകുന്ന വാഹനങ്ങളാണ് കൂടുതൽ വേഗത്തിലും അശ്രദ്ധമായും കവലയിലേക്കു കടന്ന് അപകടങ്ങളുണ്ടാക്കുന്നത്.
നവരാത്രി, ശബരിമല സീസണിൽ കൂടുതൽ ശ്രദ്ധവേണം
:നവരാത്രിയുത്സവത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉല്ലാസയാത്രാസംഘങ്ങൾ കവല വഴി കടന്നുപോകാനിടയുണ്ട്. കൂടാതെ വരാനിരിക്കുന്ന ശബരിമല സീസണിലും ആയിരക്കണക്കിന് വാഹനങ്ങൾ ഇതുവഴി പോകും.
കഴിഞ്ഞ സീസണിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ഇവിടെ അപകടത്തിൽപ്പെട്ട് മുഴുവൻ യാത്രക്കാർക്കും പരിക്കേറ്റിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രക്കാർ ഭൂരിഭാഗം യാത്രക്കാരും ഈ പാതയെ ആശ്രയിച്ചാണ് കടന്നു പോകുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് മുഴുവൻസമയ ജാഗ്രത കവലയിൽ വേണമെന്നാണ് ആവശ്യം.
യാത്രക്കാർക്ക് നിൽക്കാനിടമില്ല
:സംസ്ഥാനപാത വികസനത്തിനായി പൊളിച്ച ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഒൻപതു വർഷമായിട്ടും പുനർനിർമിച്ചിട്ടില്ല.
വയോജനങ്ങളും അംഗവൈകല്യമുള്ളവരും ഗർഭിണികളും, വിദ്യാർഥികളും ഉൾപ്പടെ ആയിരങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സിഗ്നൽബോർഡുകൾ സ്ഥാപിക്കണം
മുഴുവൻസമയ സിഗ്നൽ സംവിധാനവും എ.ഐ. ക്യാമറ, ജങ്ഷൻ എത്തുന്നതിനു മുൻപ് നാലുവശത്തും ഇടവിട്ട് സ്പീഡ്ബ്രേക്കറുകൾ, ജങ്ഷൻ ആണെന്ന് സൂചിപ്പിക്കുന്ന സിഗ്നൽബോർഡുകൾ എന്നിവ കാണുന്ന പോലെ നാലുവശത്തും സ്ഥാപിക്കണം. ഈ സ്ഥലങ്ങളിൽ രാത്രികാലത്ത് ആവശ്യമായ ലൈറ്റുകൾ ഒരുക്കണം. സമീപത്തെ കടകളിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറുന്നത് ഒഴിവാക്കാൻ ബാരിക്കേഡുകളും വേണം.
വിഷ്ണു ചിറമനേങ്ങാട് (യൂത്ത് കോൺഗ്രസ് സെക്രട്ടറി,കടങ്ങോട് മണ്ഡലം)
വേണ്ടത് അകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ
തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും അധികാരികളുടെ കണ്ണ് തുറക്കാത്തത് ഖേദകരമാണ്. പ്രശ്നപരിഹാരത്തിന് ചുമതലപ്പെടുത്തിയെന്ന് പറയുന്നതല്ലാതെ യാതൊരുവിധ മാറ്റവും സംഭവിക്കുന്നില്ല. റോഡ് ഭാഗം തിരിച്ചുള്ള ഡിവൈഡറും സ്പീഡ് ബ്രേക്കറുകളും നിരീക്ഷണക്യാമറയും സ്ഥാപിക്കണമെന്നത് പൊതുജനം പറഞ്ഞ് മടുത്തു. വകുപ്പുകൾ പരസ്പരം പഴിചാരാതെ സമയബന്ധിതമായി അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സത്വരമായ നടപടികളാണ് പൊതുജനത്തിന് ആവശ്യം.
എം.പി. സിജോ(ഐ.എൻ.ടി.യു.സി. മുൻ സെക്രട്ടറി)
Published: 16 Oct 2026, 02:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented