ആനക്കര : പട്ടിത്തറ പഞ്ചായത്തിലെ വിവിധ നെൽപ്പാടങ്ങളിൽ മുഞ്ഞകീടാബാധ വ്യാപകമാകുന്നത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നു. പലയിടങ്ങളിലും നെൽച്ചെടികൾ കൂട്ടത്തോടെ മഞ്ഞളിച്ച് കരിയാൻ തുടങ്ങി. കർഷകർക്ക് ജാഗ്രതാനിർദേശവുമായി പട്ടിത്തറ കൃഷിഭവൻ രംഗത്തെത്തി. കൃത്യസമയത്ത് നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വൻതോതിലുള്ള വിളനാശത്തിന് മുഞ്ഞയുടെ ആക്രമണം കാരണമാകുമെന്ന് പട്ടിത്തറ കൃഷി ഓഫീസർ എം.എസ്. ശ്രീലക്ഷ്മി മുന്നറിയിപ്പുനൽകി.

To advertise here,

 

നെൽച്ചെടിയുടെ കടഭാഗത്ത് കൂട്ടമായി തമ്പടിക്കുന്ന മുഞ്ഞ ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതാണ് ചെടികൾ നശിക്കുന്നതിന് പ്രധാന കാരണം. ഇതോടെ ചെടികളുടെ വളർച്ച മുരടിക്കുകയും ക്രമേണ അവ ഉണങ്ങി നശിക്കയും ചെയ്യും.

 

വയലിൽ അങ്ങിങ്ങായി വട്ടത്തിൽ നെൽച്ചെടികൾ മഞ്ഞളിക്കുന്നതാണ് മുഞ്ഞയുടെ ആക്രമണത്തിന്റെ ആദ്യലക്ഷണം. പിന്നീട് ഈ ഭാഗത്തെ ചെടികൾ കരിഞ്ഞുണങ്ങും. നെൽച്ചെടിയുടെ കടഭാഗത്ത് വെള്ളത്തിന് തൊട്ടുമുകളിലായി തവിട്ടുനിറത്തിലുള്ള ചെറിയ പ്രാണികൾ കൂട്ടമായി ഇരിക്കുന്നത് ശ്രദ്ധിച്ചാൽ കീടബാധ തിരിച്ചറിയാനാകും. കീടബാധ ശ്രദ്ധയിൽപ്പെട്ടാൽ കർഷകർ പട്ടിത്തറ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.