കുളപ്പുള്ളി : അനങ്ങനടി കോതകുറുശ്ശി തരുവകോണത്ത് നിർമിച്ച 110 കെ.വി. സബ്സ്റ്റേഷന്റെ പരീക്ഷണയോട്ടം തുടങ്ങി. കൺട്രോൾ റൂം, പവർ ട്രാൻസ്ഫോമർ, യാർഡ് എക്യുപ്മെന്റ്, കൺട്രോൾ റൂം പാനൽ തുടങ്ങിയവ സ്ഥാപിക്കൽ പൂർത്തിയായതോടെയാണിത്.

To advertise here,

2024 മാർച്ചിലാണ് സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം നടത്തിയത്. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂമിയും റവന്യൂവകുപ്പിന്റെ ഭൂമിയും ചേർത്ത്‌ 1.14 ഏക്കർ പാട്ടത്തിനെടുത്താണ് സബ്സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഇതിൽ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 32 സെന്റിനുപുറമേ, റവന്യൂവകുപ്പിന്റെ കീഴിലുള്ള 76 സെന്റുമാണുള്ളത്. 12 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.

നിലവിൽ വൈദ്യുതിപ്രശ്നം രൂക്ഷമായ പ്രദേശമാണ് അനങ്ങനടി. ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, ഷൊർണൂർ, അമ്പലപ്പാറ എന്നിവിടങ്ങളിൽനിന്നാണ് കോതകുറുശ്ശി സെക്ഷൻ പരിധിയിലേക്ക് വൈദ്യുതിയെത്തുന്നത്. ഇവിടങ്ങളിൽ തകരാർ വരുന്നതോടെ അനങ്ങനടിയിൽ വൈദ്യുതിതടസ്സങ്ങളും വോൾട്ടേജ് പ്രശ്നങ്ങളും പതിവായിരുന്നു. 110 കെ.വി. ടവർ ലൈൻ അനങ്ങനടിയിലൂടെ കടന്നുപോകുന്നുണ്ട്‌. ഇതേത്തുടർന്നാണ്, സബ്സ്റ്റേഷൻ നിർമിക്കുന്നതിനായി ചെർപ്പുളശ്ശേരി അസി. എക്സി. എൻജിനിയറുടെ നേതൃത്വത്തിൽ പ്രൊപ്പോസൽ സമർപ്പിച്ചത്. നിർമാണോദ്ഘാടനം നടന്നെങ്കിലും ചില സാങ്കേതികപ്രശ്നങ്ങൾ വന്നതോടെ പണി നിലച്ചിരുന്നു. തുടർന്ന്, പി. മമ്മിക്കുട്ടി എം.എൽ.എ.യുടെ ഇടപെടലിലൂടെ പ്രശ്നപരിഹാരമായി.

ഫെബ്രുവരിയിൽ ഉദ്ഘാടനംചെയ്യുമെന്ന് സ്ഥലം സന്ദർശിച്ച പി. മമ്മിക്കുട്ടി എം.എൽ.എ. പറഞ്ഞു. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഉദയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രൻ, എക്സി. എൻജിനിയർ ടി. രാധാകൃഷ്ണൻ, അസി. എക്സി. എൻജിനിയർ കെ.ആർ. മധുസൂദനൻ, അസി. എൻജിനിയർ കെ.പി. ഉണ്ണിക്കൃഷ്ണൻ, റിട്ട. എക്സി. എൻജിനിയർ കെ. സോമൻ, റിട്ട. ഇ.എ. വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.