ചെമ്പലോട്-കൽമണ്ഡപം കനൽ റോഡ് തകർന്നുതന്നെ
പാലക്കാട് : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എളുപ്പവഴി തേടിയെത്തുന്ന യാത്രക്കാർ ചെമ്പലോട്-കൽമണ്ഡപം കനാൽ റോഡിലെ കുഴികളിൽവീണ് ദുരിതത്തിലാകുന്നു. ഏകദേശം ഒരു വർഷമായി റോഡ് പൂർണമായി തകർന്നുകിടക്കുകയാണ്.
ചന്ദ്രനഗർ ജങ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതക്രമീകരണം നടപ്പാക്കിയതോടെ ഇതുവഴിയുള്ള വാഹനത്തിരക്കും യാത്രക്കാരുടെ പ്രയാസം ഇരട്ടിയാക്കി. ചന്ദ്രനഗർ ജങ്ഷൻ ഒഴിവാക്കി ദേശീയപാതയിൽനിന്ന് കൽമണ്ഡപത്തേക്ക് വേഗത്തിലെത്താൻ നിരവധിപ്പേരാണ് ഈ പാതയെ ആശ്രയിക്കുന്നത്. പ്രദേശവാസികൾക്കുപുറമേ സ്റ്റേഡിയം സ്റ്റാൻഡ്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്നവരും ചിറ്റൂർ, കാടാങ്കോട് ഭാഗങ്ങളിൽനിന്ന് നഗരത്തിരക്ക് ഒഴിവാക്കിയെത്തുന്നവരും കനാൽ റോഡാണ് ഉപയോഗിക്കുന്നത്. കൽമണ്ഡപം-ചന്ദ്രനഗർ റോഡിൽ കുരുക്കുണ്ടാകുമ്പോൾ വാളയാർ ഭാഗത്തേക്ക് പോകുന്നവർക്കും ഇതൊരു ആശ്രയമാണ്.
കാർ, ഓട്ടോ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡിലുടനീളം വലിയ കുഴികളിൽ ചാടിച്ചാടിയാണ് യാത്ര. കുഴികൾ ശ്രദ്ധയിൽപ്പെടുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് വേഗത കുറയ്ക്കുന്നതിനാൽ പിന്നാലെ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.
റോഡിനോടുചേർന്ന് കനാലുള്ളതിനാൽ, വാഹനങ്ങൾ തെന്നിമാറി കനാലിലേക്ക് വീഴുമോയെന്നും പേടിയുണ്ട്. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും പ്രശ്നമാകുന്നുണ്ട്. യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയായ കനാൽ റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നാണ് ആവശ്യം.
അതേസമയം, കാടാങ്കോട് മുതൽ പടലിക്കാട് വരെ എം.എൽ.എ. ഫണ്ടിൽ റോഡ് നവീകരിക്കാൻ പദ്ധതിയുണ്ടെന്നും ഇതിൽ ചെമ്പലോട്-കൽമണ്ഡപം കനാൽ റോഡും ഉൾപ്പെടുമെന്ന് മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യാ വിനേഷ് പറഞ്ഞു. പടലിക്കാട് ഭാഗത്തുനിന്ന് പണി തുടങ്ങിയതായും പറഞ്ഞു.
Published: 27 Nov 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented