ആലപ്പുഴ : കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പി. കൃഷ്ണപിള്ള സ്മാരകത്തിനു സമീപം നിലം നികത്താൻ വ്യക്തിക്ക് അധികൃതർ ഒത്താശ ചെയ്തതായി ആക്ഷേപം. നാട്ടുകാർ എതിർത്തതുകൊണ്ട് നികത്തൽ തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. കണ്ണർകാട് പി. കൃഷ്ണപിള്ളസ്മാരകത്തിനു സമീപം വായനശാലയോടു ചേർന്നുള്ള നിലമാണ് നികത്തുന്നത്. 2023 മുതൽ നികത്തുന്നതിനുള്ള നീക്കം തുടങ്ങിയിരുന്നു. ഇതിനെതിരേ വാർഡ് മെമ്പർ ജോളിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരെത്തി കൊടികുത്തി. എന്നാൽ, ഇതെല്ലാം എടുത്തുകളഞ്ഞു.
2023 ഒക്ടോബർ 18-ന് നിലം നികത്തുന്നതിനെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതിന് വില്ലേജ് ഓഫീസർ അബു അന്നു നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘നിലം നികത്തുന്നെന്ന പരാതിയിൽ അന്വേഷണം നടത്തി. സ്റ്റോപ്പ് മെമ്മോ നൽകി.’ ‘അവിടെ നിലം നികത്തുന്നില്ല. കറുക അവിയാൻ പറിച്ചുവെച്ചിരിക്കുകയാണ്’ എന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. എന്നാൽ, ഇവിടെ അഴുകാൻ വെച്ച കറുകയ്ക്കു മുകളിൽ ചെളിവാരി നിറച്ച് വീതിയുള്ള വരമ്പാക്കി. ഇതിനൊപ്പം മണ്ണിറക്കി പരസ്യമായി നികത്തിത്തുടങ്ങുകയും ചെയ്തു. ഇത്രയുമായപ്പോൾ പ്രദേശത്തെ സി.പി.എം. പ്രവർത്തകരുൾപ്പെടെ ഇടപെട്ട് നികത്തൽ തടസ്സപ്പെടുത്തി.
കർഷകസംഘം ഏരിയ നേതാവിന്റെ മകന്റെ ഭാര്യയുടെ പേരിലുള്ളതാണ് സ്ഥലം. ഇവിടെ താൻ നെൽക്കൃഷി നടത്തുന്നതിനുള്ള ശ്രമമാണു നടത്തുന്നതെന്ന് അദ്ദേഹവും പറഞ്ഞിരുന്നു. എന്നാൽ, അതും പാഴായി. ഇവിടെ പിന്നെ നെൽക്കൃഷിയേ നടന്നില്ല. നടന്നത് നികത്തുന്നതിനുള്ള നീക്കം മാത്രം.
ഗ്രാമപ്പഞ്ചായത്തോ വില്ലേജ് അധികൃതരോ സ്ഥലത്തെത്തി നികത്തിയ മണ്ണെടുത്തു മാറ്റുന്നതിനു നടപടി സ്വീകരിച്ചിട്ടില്ല. ഇതിനായി വസ്തു ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുമില്ല. ഗ്രാമപ്പഞ്ചായത്തിന്റെ ഉൾപ്പെടെ സഹായം ലഭിച്ചിട്ടുള്ളതാണ് ഈ പാടശേഖരത്തിനും.
കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ കുണ്ടേലാറ്റ്, കാരിക്കുഴി, നൂറ്റുപാറ, ചാലുങ്കൽ, മായിത്തറ, റൗഡിമുക്കിനു സമീപമുള്ള പാടശേഖരം എന്നിവയ്ക്കു പുറമേയാണ് കൃഷ്ണപിള്ളസ്മാരകത്തിനു സമീപവും നികത്തുന്നത്.
Published: 28 Nov 2026, 02:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented