ആലത്തൂർ : നെല്ലറയുടെ കാർഷികസംസ്കൃതിയും ഗ്രാമവികസനമാതൃകകളും പഠിക്കാൻ ദക്ഷിണാഫ്രിക്കൻ പാർലമെൻറിന്റെ ഭൂപരിഷ്കരണ-ഗ്രാമവികസനകാര്യ സമിതി ആലത്തൂർ സന്ദർശിച്ചു. കൃഷിയധിഷ്ഠിത പദ്ധതികളിലൂന്നിയുള്ള ഗ്രാമവികസനം, ഉപജീവനശാക്തീകരണം, ഭൂപരിഷ്കരണം, കൃഷിപരിവർത്തനം, ദാരിദ്ര്യ നിർമാർജനം, വികേന്ദ്രീകൃത ഭരണനിർവഹണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ഒൻപത് പാർലമെന്റ് അംഗങ്ങളും ഏഴ് ഉദ്യോഗസ്ഥരുമാണ് എത്തിയത്.

To advertise here,

ഭൂപരിഷ്കരണാനന്തരം കേരളത്തിലുണ്ടായ കാർഷികമുന്നേറ്റങ്ങളും കൂട്ടായ കൃഷിരീതികളും ഗ്രാമവികസനമാതൃകകളും നേരിട്ടറിയാനാണ് എത്തിയതെന്ന് സംഘാധ്യക്ഷൻ മംഗാക്വാ ആൽബെർട്ട് മങ്‌വാഗോ പറഞ്ഞു. തന്റെ നാട്ടിൽ കൃഷിഭൂമി സർക്കാരിന്റേതാണെന്നും കർഷകർക്ക് കൃഷിചെയ്യാൻ നൽകുന്ന സംവിധാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ.മാരായ ടി.എം. ശശി, പി.പി. സുമോദ്, മുൻ എം.എൽ.എ. കെ.ഡി. പ്രസേനൻ, ആലത്തൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, ജില്ലാ കൃഷി ഓഫീസർ കെ. അറുമുഖപ്രസാദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ദീപ്തി, സീനിയർ കൃഷി ഓഫീസർ എം.വി. രശ്മി, കൃഷി ഓഫീസർമാരായ സി. ധന്യ, എസ്. ശ്രുതി എന്നിവർ സംസാരിച്ചു.

ആലത്തൂർ തഹസിൽദാർ ജെറി ജോൺ, ഭൂരേഖാ തഹസിൽദാർ ഇ. ജയകൃഷ്ണൻ എന്നിവർ ദക്ഷിണാഫ്രിക്കൻ സംഘത്തെ സ്വീകരിച്ചു.

ചുക്കുകാപ്പിയും കൊഴുക്കട്ടയും രുചിച്ച്...

ആലത്തൂർ ബോധി പ്രകൃതിജീവന-യോഗകേന്ദ്രത്തിലാണ് ദക്ഷിണാഫ്രിക്കൻസംഘം പ്രാദേശിക കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ബോധിയിലെ പ്രകൃതിസൗഹൃദകൃഷി, സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ സംഘത്തെ പരിചയപ്പെടുത്തി. ചുക്കുകാപ്പിയും കൊഴുക്കട്ടയും വേവിക്കാത്ത പ്രകൃതി പായസവുമടങ്ങിയ വിഭവങ്ങൾ പാർലമെന്റംഗങ്ങൾ രുചിച്ചു.