9,471 വോട്ട് വ്യത്യാസത്തിലാണ് ഡി.എം.കെ.യുടെ എസ്. സുകന്യയെ പരാജയപ്പെടുത്തിയത്

To advertise here,

തിരുപ്പൂർ : ധാരാപുരം ഉപതിരഞ്ഞെടുപ്പിൽ 'വിസിൽ' മുഴക്കി ഭരണകക്ഷിയായ തമിഴക വെട്രി കഴകം സ്ഥാനാർഥി പി. സത്യഭാമ വിജയം ആവർത്തിച്ചു. അഞ്ചു മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യുടെ സ്ഥാനാർഥിയായിരുന്ന സത്യഭാമ 9,471 വോട്ടിനാണ് ഡി.എം.കെ. സ്ഥാനാർഥി എസ്. സുകന്യയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ ഭൂരിപക്ഷം 16,727 വോട്ടായിരുന്നു.

എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി കെ. ഭാനുമതിക്ക് മൂന്നാംസ്ഥാനമേ നേടാനായുള്ളൂ. 13 സ്വതന്ത്രരുൾപ്പെടെ 22 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആറുതവണവീതം ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും നാലുതവണ കോൺഗ്രസും വിജയിച്ച മണ്ഡലത്തിൽ ടി.വി.കെ.യുടെ കന്നിവിജയമാണ്.

തിരുപ്പൂർ എൽ.ആർ.ജി.സർക്കാർ കോളേജിലായിരുന്നു വോട്ടെണ്ണൽ. 1,331 പോസ്റ്റൽ വോട്ടുകളിൽ ഡി.എം.കെ.യുടെ സുകന്യയ്ക്ക് 613-ഉം ഭാനുമതിക്ക് 406-ഉം സത്യഭാമയ്ക്ക് 255-ഉം ലഭിച്ചു. 15 വോട്ട് അസാധുവായി.

വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ നാല് റൗണ്ടുകളിൽ പിന്നിലായിരുന്ന സത്യഭാമ അഞ്ചാംറൗണ്ടിൽ 724 വോട്ടിന്റെ ലീഡ് നേടുകയായിരുന്നു. തുടർന്നുള്ള റൗണ്ടുകളിൽ പിന്തിരിഞ്ഞു നോക്കേണ്ടിവന്നില്ലെന്ന് മാത്രമല്ല, പതിനൊന്നാം റൗണ്ടോടെ ലീഡ് 10,000 കടക്കുകയും ചെയ്തു.

തുടക്കംമുതലേ മൂന്നാംസ്ഥാനത്ത് നിന്ന ഡി.എം.കെ. പതിനൊന്നാം റൗണ്ടോടെ രണ്ടാംസ്ഥാനത്തേക്കെത്തി.

ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., ടി.വി.കെ. പോലെയുള്ള പ്രധാന പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ കമ്യൂണിസ്റ്റുപാർട്ടികൾക്ക് തമിഴ്നാട്ടിൽ വിജയിക്കാനോ കുറഞ്ഞത് ഗണ്യമായ വോട്ട് വിഹിതമെങ്കിലും നേടാനോ സാധ്യതതയില്ലെന്ന് ഫലങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു.

സി.പി.എം. പിന്തുണയോടെ മത്സരിച്ച സി.പി.ഐ.യുടെ ലക്ഷ്മണന് കിട്ടിയത് വെറും 1,157 വോട്ടുമാത്രം. നാം തമിഴർ കക്ഷിയുടെ എം. കാർത്തികയ്ക്ക് ലഭിച്ചത് 5,268 വോട്ട്.

പ്രധാനകക്ഷി സ്ഥാനാർഥികൾ നേടിയ വോട്ടുകൾ

പി. സത്യഭാമ (ടി.വി.കെ.) -66,841

എസ്. സുകന്യ (ഡി.എം.കെ.) -57,370

കെ. ഭാനുമതി (എ.ഐ.എ.ഡി.എം.കെ.)-45,280

എം. കാർത്തിക (നാം തമിഴർ കക്ഷി) - 5,268

പി. ലക്ഷ്മണൻ (സി.പി.ഐ.)- 1,157