വീടിനുള്ള സ്ഥലം വാങ്ങിയത് 2020-ൽ, കൃഷി വില്ലേജ് ഓഫീസർമാരുടെ എതിർപ്പുണ്ടായിട്ടും തരംമാറ്റാൻ അനുമതി
മുളന്തുരുത്തി : ആറുവർഷം മുൻപ് വാങ്ങിയ സ്ഥലത്ത് നിർമിച്ച വീട്ടിലേക്ക് റോഡില്ലെന്നുകാട്ടി മൂന്നുവർഷം മുൻപുവരെ സജീവമായി കൃഷി നടന്നിരുന്ന പാടശേഖരത്തിനുനടുവിലൂടെ പാടം നികത്തി റോഡ് നിർമിക്കാൻ ശ്രമം. മുളന്തുരുത്തി-ചോറ്റാനിക്കര റോഡിനുസമീപം വട്ടുക്കുന്നിൽ മുളന്തുരുത്തി ചെങ്ങോലപ്പാടം പാടശേഖരത്തിൽ പാടം രണ്ടായിമുറിച്ചാണ് റോഡ് നിർമിക്കാൻ ശ്രമിക്കുന്നത്. പാടത്തിനുനടുവിലൂടെ റോഡ് നിർമിച്ചാൽ പാടശേഖരത്തിലെ പെരിയാർവാലി കനാൽവെള്ളമൊഴുകുന്ന തോട് തടയപ്പെടുമെന്നും ശേഷിക്കുന്ന നെൽകൃഷികൂടി ഇല്ലാതാവുമെന്നും കൃഷി-വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് നൽകിയിരുന്നു. റോഡ് നിർമാണത്തിനായി നിലം തരംമാറ്റുന്നതിനായി നൽകിയ അപേക്ഷയിൽ ഓഫീസർമാർ നൽകിയ റിപ്പോർട്ടിലാണ് ഒരു കാരണവശാലും തരംമാറ്റാവുന്ന നിലമല്ല നികത്താനപേക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ പ്രായമായ അപേക്ഷകന്റെ ദൈന്യാവസ്ഥ പരിഗണിച്ചാണ് തരംമാറ്റാൻ ആർ.ഡി.ഒ. അനുവദിച്ചിട്ടുള്ളത്. ഈ വസ്തുവിന്റെ നിലവിലെ സ്ഥലപരിശോധനയിൽ വസ്തു നെൽവയൽ ആണെന്നും വസ്തുവിന്റെ കിഴക്ക്-വടക്ക്-പടിഞ്ഞാറുഭാഗങ്ങൾ മൂന്നുവർഷം മുൻപ് നെൽകൃഷി ചെയ്തിരുന്നതാണെന്നുമാണ് പ്രാദേശികതല നിരീക്ഷണസമിതി തരംമാറ്റൽ അപേക്ഷയേത്തുടർന്നുള്ള പരിശോധനയ്ക്കുശേഷം നൽകിയ റിപ്പോർട്ട്. സമീപപ്രദേശങ്ങളിലെല്ലാം നെൽകൃഷിയുണ്ടെന്നും 2020-ലാണ് റോഡ് നിർമാണത്തിനപേക്ഷിച്ചയാൾ വീടിരിക്കുന്ന സ്ഥലം വാങ്ങിയതെന്നും നിരീക്ഷണസമിതി റിപ്പോർട്ടിൽ പറയുന്നു.
നിലംനികത്തി വീട്ടിലേക്ക് റോഡ് നിർമിക്കുന്നയാൾ വീടിന്റെ പിൻഭാഗത്തെ സ്വന്തം സ്ഥലം പ്ലോട്ടുകളായി തിരിച്ച് വിറ്റിരുന്നുവെന്നും ആ സ്ഥലത്തേക്ക് റോഡുണ്ടായിരുന്നുവെന്നും പാടം നികത്തൽ ശ്രമത്തിനെതിരേ രംഗത്തുള്ള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെറിൻ ടി. ഏലിയാസ് ചൂണ്ടിക്കാട്ടി.
2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടും ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമെന്നുപറഞ്ഞാണ് സ്വകാര്യവ്യക്തിക്ക് തരംമാറ്റാൻ അനുമതി നൽകിയിട്ടുള്ളതെന്നും ജെറിൻ പറഞ്ഞു. ഇക്കാര്യത്തിൽ നേരിട്ടറിയുന്ന ഓഫീസർമാർ വ്യക്തമായി റിപ്പോർട്ട് നൽകിയിട്ടും തരംമാറ്റാൻ അനുമതി ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു.
മുളന്തുരുത്തി-ചോറ്റാനിക്കര റോഡിനു സമീപമുള്ള പാടശേഖരത്തിൽ മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തും ലൈബ്രറിയുമൊക്കെ മുൻകൈയെടുത്ത് അടുത്തകാലത്തും കൃഷി നടത്തിയിരുന്നു. പാടശേഖരത്തെ രണ്ടായി മുറിച്ച് റോഡ് നിർമിച്ചാൽ അതോടെ പാടശേഖരത്തിലെ കൃഷി എന്നെന്നേയ്ക്കുമായി നിലയ്ക്കുമെന്നും ജെറിൻ ചൂണ്ടിക്കാട്ടി. റോഡ് നിർമിക്കുന്നതോടെ വിശാലമായ പാടശേഖരമാകെ നികത്താനുള്ള റിയൽഎസ്റ്റേറ്റ് ലോബിയുടെ ശ്രമത്തിന്റെ ഭാഗമാണ് ചെങ്ങോലപ്പാടത്തിനു നടുവിലൂടെയുള്ള റോഡ് നിർമാണമെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
Published: 10 Oct 2026, 03:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented