പാലക്കാട് : നൂറാം പിറന്നാൾദിനത്തിലും പാലക്കാടിന്റെ ‘സീനിയർ’ അഡ്വ. പി.ബി. മേനോന്റെ പതിവുകൾക്കൊന്നും പുത്തൂരിലെ ‘റോസ് ലാൻഡി’ൽ മാറ്റമുണ്ടായില്ല. പുലർച്ചെ നാലരയ്ക്ക് കുളിച്ച് ഇഷ്ടദേവനായ ഗുരുവായൂരപ്പനുമുന്നിൽ ദീപംതെളിയിച്ച് കളഭക്കുറിയണിഞ്ഞ്, ആറുമണിയോടെ പതിവുപോലെ ഓഫീസ് മുറിയിലെത്തി. കന്നിമാസത്തിലെ പൂരംനാളായ വ്യാഴാഴ്ചയായിരുന്നു പിറന്നാൾ. കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊത്ത് പിറന്നാൾസദ്യ. വീണ്ടും ഓഫീസിലെ തിരക്കുകളിലേക്ക്.

To advertise here,

പുത്തൂരിലെ വക്കീലോഫീസിലും പാലക്കാട്ടെ കോടതിമുറികളിലും കഴിഞ്ഞ 76 വർഷത്തിലേറെയായി തുടരുന്ന ഈ കൃത്യനിഷ്ഠയാണ് അഡ്വ. പി.ബി. മേനോൻ എന്ന പി. ബാലസുബ്രഹ്മണ്യമേനോനെ കേരളത്തിലെ കോടതിമുറികളിൽ ഏറ്റവുമധികം കാലം തുടർച്ചയായി പ്രാക്ടീസ് ചെയ്ത അഭിഭാഷകനെന്ന ഗിന്നസ് റെക്കോഡിന് അർഹനാക്കിയത്. 73 വർഷവും 60 ദിവസവും പ്രാക്ടീസ് പൂർത്തിയാക്കിയപ്പോഴായിരുന്നു ഗിന്നസ് ബുക്കിൽ പേര് ചേർന്നത്. 97-ാം വയസ്സിൽ ഏറ്റുവാങ്ങിയ റെക്കോഡ് അദ്ദേഹം ഓരോ ദിവസവും സ്വയം പുതുക്കിയെഴുതുന്നു. ഇന്ത്യയിലെ കോടതികളിൽ ഏറ്റവും കൂടുതൽ കാലം പ്രാക്ടീസ് ചെയ്ത അഭിഭാഷകരിലൊരാളാണ്‌ ഇന്നദ്ദേഹം. “അഭിഭാഷകവൃത്തി ഒരു പ്രൊഫഷനാണ്. അത് ബിസിനസല്ല” പുതിയ തലമുറയോട് അദ്ദേഹം ഓർമ്മിപ്പിക്കുന്നത് ഇതാണ്. 1927-ലാണ് ജനനം. പല്ലശ്ശന പാച്ചുവീട്ടിൽ കല്യാണി അമ്മയുടെയും പോലീസ് ഇൻസ്പെക്ടറായിരുന്ന പല്ലാവൂർ പെരിഞ്ചേരി വീട്ടിൽ കോമൻ നായരുടെയും മകനാണ്. ബി.എസ്‌സി. കെമിസ്ട്രി പാസായശേഷം അച്ഛന്റെ നിർദേശമനുസരിച്ചാണ് മദ്രാസിൽ നിയമം പഠിച്ചത്. 1950 ജൂലായ് 18-ന് അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. രാജമന്നാർക്കു മുന്നിൽ അഭിഭാഷകനായി എൻ‌റോൾ ചെയ്തു. അഡ്വക്കേറ്റ് ജനറലായിരുന്ന കെ. കുട്ടിക്കൃഷ്ണമേനോന്റെ കീഴിൽ ഒരുവർഷം അപ്രന്റീസായി. 1952-ൽ നാട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട് കെ.എസ്. രാമകൃഷ്ണയ്യരുടെ ജൂനിയറായിട്ടായിരുന്നു തുടക്കം. ഫോർട്ട് കൊച്ചിയിലെ കോടതിയിൽ സബ് ജഡ്ജിയായിരുന്ന വെങ്കിടേശ അയ്യരുടെ നിർദേശാനുസരണമാണ് സിവിൽ കേസുകളിൽമാത്രം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഭാര്യ മാലതിമേനോന്റെ അച്ഛൻകൂടിയായ സി.പി. മാധവൻ നായരുടെ ജൂനിയറായി. 1967-ലാണ് ഇപ്പോഴത്തെ ഓഫീസ് നിലവിൽ വരുന്നത്. മക്കളായ അനു ജയകൃഷ്ണൻ, ഡോ. സുഭദ്രാ മുരളീധരൻ, ഡോ. വിജയ് സുകുമാർ എന്നിവരടങ്ങുന്ന കുടുംബം ഇദ്ദേഹത്തോടൊപ്പമുണ്ട്.

നൂറാം പിറന്നാളാഘോഷിക്കാൻ ശനിയാഴ്ച അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒത്തുകൂടും. മന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ. ശേഷാദ്രിനാഥൻ, സിക്കിം ഹൈക്കോടതിയിെല ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് തുടങ്ങിയവർ അതിഥികളായെത്തും. രാവിലെ 11-ന് പാലക്കാട് കോസ്മോപോളിറ്റൻ ക്ലബ്ബിലെ സി. ക്യൂബ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

ആശംസയുമായി നരേന്ദ്രമോദി

നൂറാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന അഭിഭാഷകൻ പി.ബി. മേനോന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകൾ നേർന്നു. എട്ടുപതിറ്റാണ്ടിനോടടുത്ത് അഭിഭാഷകവൃത്തിയിൽ തുടരുന്ന പി.ബി. മേനോന്റെ ജീവിതവും നിയമരംഗത്തെ സമർപ്പണവും പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് ആശംസാസന്ദേശത്തിൽ പറഞ്ഞു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി ദീർഘകാലമായി അദ്ദേഹം നടത്തുന്ന സേവനം ഏറെ ആദരമർഹിക്കുന്നതാണ്. നൂറാംവയസ്സിലും സജീവമായി അഭിഭാഷകവൃത്തി തുടരുന്നത് അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പി.ബി. മേനോന്റെ ദീർഘകാലത്തെ സേവനം കേരളത്തിന് അഭിമാനമാണെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.