തിരുപ്പൂർ : അസംസ്കൃതവസ്തുക്കളുടെ വില അനിയന്ത്രിതമായി ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്‌ സംസ്ഥാനത്തെ 'കോറുഗേറ്റഡ് ഹാർഡ്ബോഡ്' പെട്ടി നിർമാതാക്കൾ രണ്ടുദിവസത്തേക്ക് ഉത്പാദനം നിർത്തിവെച്ചുകൊണ്ട് പ്രതിഷേധം തുടങ്ങി.വെള്ളിയാഴ്ച രാവിലെമുതൽ ആരംഭിച്ച പ്രതിഷേധഭാഗമായി സംസ്ഥാനത്തുടനീളം 2,500-ഓളം യൂണിറ്റുകളാണ് അടച്ചിരിക്കുന്നതെന്ന് ദക്ഷിണേന്ത്യ ഹാർഡ്ബോർഡ് പെട്ടി നിർമാതാക്കളുടെ സംഘടന (കോയമ്പത്തൂർ സോൺ) അധ്യക്ഷൻ പി. ദണ്ഡപാണി പറഞ്ഞു. ഇതിൽ 870 യൂണിറ്റുകൾ സംസ്ഥാനത്തിന്റെ പശ്ചിമമേഖലയിലാണ് സ്ഥിതിചെയ്യുന്നത്.അസംസ്‌കൃത വസ്തുക്കളിൽ പ്രധാനമായും 'ക്രാഫ്റ്റ് പേപ്പറിന്റെ' വിലയിൽവന്ന ഗണ്യമായ വർധനയാണ് തങ്ങളെ സാരമായി ബാധിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു.

To advertise here,

കഴിഞ്ഞ മൂന്ന് മാസത്തിൽ 25 ശതമാനമാണ് വില കൂടിയത്.

വരുംമാസങ്ങളിൽ 10 ശതമാനം കൂടുമെന്നും പറയുന്നു. വില നിയന്ത്രിക്കാനാവശ്യമായ ഇടപെടൽ വേണമെന്ന് കാണിച്ച് നിരവധി നിവേദനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്‌ കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് ദണ്ഡപാണി പറഞ്ഞു.അതേപോലെ, ക്രാഫ്റ്റ് പേപ്പറിന് 18 ശതമാനം ജി.എസ്.ടി.യും ഹാർഡ്ബോഡ് പെട്ടികൾക്ക് അഞ്ചുശതമാനം ജി.എസ്.ടി.യുമാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ തങ്ങൾക്ക് 13 ശതമാനം വ്യത്യാസം 'ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്' ആയി അവകാശപ്പെടാൻ അർഹതയുണ്ടെങ്കിലും ആ പണം സർക്കാരിൽനിന്ന് കിട്ടുന്നതിൽ വളരെയേറെ കാലതാമസം നേരിടുന്നുണ്ടെന്ന് ദണ്ഡപാണി പറഞ്ഞു.

ഉത്പാദനംനിർത്തൽ സമരം ഹാർഡ്ബോഡ് പെട്ടികൾ പാക്കേജിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്ന തിരുപ്പൂർ വസ്ത്രനിർമാണ മേഖല, പച്ചക്കറി-പഴം, മരുന്ന് മൊത്തവ്യാപാരികൾ എന്നിവരെ സാരമായി ബാധിക്കും.