ജില്ലാപഞ്ചായത്തിന് കീഴിലുള്ള രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
കിഴക്കഞ്ചേരി : നീണ്ട കാത്തിരിപ്പിനുശേഷം പാലക്കുഴി വെള്ളച്ചാട്ടത്തെ ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉത്പാദനം തുടങ്ങി. ജില്ലാപഞ്ചായത്തിന് കീഴിലുള്ള രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. മീൻവല്ലമാണ് ആദ്യത്തേത്.
പാലക്കുഴി വെള്ളച്ചാട്ടത്തിനുമുകളിൽ നിർമിച്ചിട്ടുള്ള തടയണയിൽനിന്ന് വെള്ളം 750 മീറ്റർ പെൻസ്റ്റോക്കിലൂടെ പാലക്കുഴിമലയുടെ താഴ്‌വാരമായ കൊന്നയ്ക്കൽകടവിലെ പവർഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം. അര മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പവർഹൗസിലുള്ളത്. പെൻസ്റ്റോക്കിൽനിന്നുള്ള വെള്ളം ടർബൈനിൽ പതിപ്പിച്ച് ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള അര മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ മുഖാന്തരം വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നൽകുന്ന രീതിയിലാണ് ക്രമീകരണം.
കെ.എസ്.ഇ.ബി. കോഴിക്കോട് ചീഫ് എൻജിനിയറുമായിട്ടാണ് കണക്ടിവിറ്റി എഗ്രിമെന്റ് വെച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 72 മണിക്കൂർവീതം രണ്ട് ജനറേറ്റർ മാറിമാറി പ്രവർത്തിപ്പിക്കും. തുടർന്ന്, രണ്ട് ജനറേറ്ററും ഒരുമിച്ച് പ്രവർത്തിപ്പിക്കും.
നിലവിലെ വെള്ളത്തിന്റെ ലഭ്യതപ്രകാരം ഫെബ്രുവരിവരെ ഉത്പാദനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. കെ.എസ്.ഇ.ബി. വടക്കഞ്ചേരി സബ് സ്റ്റേഷന്റെ കീഴിലുള്ള വാൽക്കുളമ്പ് 11 കെ.വി. ഫീഡറിലേക്കാണ് വൈദ്യുതി എത്തിക്കുന്നത്. പ്രതിവർഷം 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലക്ഷ്യമിടുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്മോൾ ഹൈഡ്രോ കമ്പനിക്കാണ് നടത്തിപ്പുചുമതല. 15.90 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2017-ൽ തുടങ്ങിയ പദ്ധതി വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. യൂണിറ്റിന് കെ.എസ്.ഇ.ബി. എത്രരൂപ നൽകുമെന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. മീൻവല്ലത്ത് യൂണിറ്റിന് 4.88 രൂപയാണ് കെ.എസ്.ഇ.ബി. നൽകുന്നത്.
വൈദ്യുതി ഉത്പാദനത്തിന്റെ സ്വിച്ച് ഓൺ കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബിനുമോൾ, കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ഡയറക്ടർ എ. രാമകൃഷ്ണൻ, ചീഫ് എൻജിനിയർ പ്രസാദ് മാത്യു, കെ.എസ്.ഇ.ബി. കക്കയം പവർഹൗസ് റിലേ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ജോസ് തോമസ്, അസിസ്റ്റന്റ് എൻജിനിയർമാരായ എൻ. റാഷിദ്, എം.വി. പ്രമോദ് കുമാർ, കരാർകമ്പനി ഡയറക്ടർമാരായ പരംജിത്ത് സിങ് സന്ദു, വി. മോഹനൻനായർ തുടങ്ങിയവർ സംസാരിച്ചു.
Published: 09 Oct 2026, 02:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented