പെരുമ്പാവൂർ : നാടിന്റെ വികസനത്തിന് സ്ഥലം വിട്ടുനൽകാൻ ജനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി പി.കെ. ബഷീർ.
2.60 കോടി രൂപ ചെലവഴിച്ച് പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ പാണിയേലി - മൂവാറ്റുപുഴ റോഡിന്റെ ഓടക്കാലി മുതൽ മേതല കനാൽ പാലം വരെയുള്ള ഭാഗം ടൈൽ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പെരുമ്പാവൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്‌ളൈ ഓവർ, ബൈപ്പാസുകൾ, ജങ്ഷൻ നവീകരണം എന്നിവയുടെ ആവശ്യകത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഈ മാസം തന്നെ വിദഗ്ധ സംഘം പെരുമ്പാവൂർ സന്ദർശിക്കും. വ്യാപാരികളും ജനപ്രതിനിധികളും നാട്ടുകാരും ഒറ്റക്കെട്ടായി നിന്ന് ആവശ്യമായ സ്ഥലം വിട്ടുനൽകിയാൽ ഫ്‌ളൈ ഓവറും ബൈപ്പാസും യാഥാർഥ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മൂന്നുകൊല്ലം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ റോഡുകളും ഘട്ടങ്ങളായി ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തുമെന്നും പെരുമ്പാവൂരിന്റെ വികസനത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥലലഭ്യത ഉറപ്പുവരുത്താതെ പണികൾ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കുന്ന രീതി ഉണ്ടാകില്ല. പദ്ധതി പ്രദേശത്തെ 80 ശതമാനം സ്ഥലമെങ്കിലും പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ മാത്രമേ നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കുകയുള്ളൂ. പൂർത്തിയായിട്ടും അപ്രോച്ച് റോഡിന് സ്ഥലമില്ലാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുന്ന 28 പാലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അപ്രോച്ച് റോഡുകൾക്ക് സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാട്ടുകാരും മുന്നോട്ടുവന്നാൽ പുതിയ പാലങ്ങളും വികസന പദ്ധതികളും ഗവൺമെന്റ് ഏറ്റെടുത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മനോജ് മൂത്തേടൻ എം.എൽ.എ. അധ്യക്ഷനായി. ബെന്നി ബഹന്നാൻ എം.പി., പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം, മുൻ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി, മുബാസ് ഓടയ്ക്കാലി എന്നിവർ പങ്കെടുത്തു.
Published: 10 Oct 2026, 03:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented