കോയമ്പത്തൂർ : ധാരാപുരം നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം തമിഴകത്തെ മൂന്നു പാർട്ടികൾക്കും നിർണായകമാവുകയാണ്. സംസ്ഥാനം ഭരിക്കുന്ന തമിഴക വെട്രി കഴകത്തിന് വിജയം കൂടിയേതീരൂ. ഉപതിരഞ്ഞെടുപ്പുകളിൽ എന്നും ഭരണകക്ഷിക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായിട്ടുള്ളതെന്നതിനാൽ വിജയപ്രതീക്ഷയിലാണ് മുഖ്യമന്ത്രി ജോസഫ് വിജയും അണികളും.
എന്നാൽ അണ്ണാ ഡി.എം.കെ.യ്ക്ക് ഇത് അഭിമാനപ്പോരാട്ടമാണ്. മാസങ്ങൾക്ക് മുൻപുനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും എം.എൽ.എ. ആയി തരഞ്ഞെടുക്കപ്പെട്ട പി. സത്യഭാമ രാജിവെച്ച് ടി.വി.കെ.യിൽ ചേർന്നത് അണ്ണാ ഡി.എം.കെ.യ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തുകയെന്നത് പാർട്ടിക്ക് അഭിമാന പ്രശ്‌നമാണ്.
ഡി.എം.കെ.യ്ക്ക് ആവട്ടെ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതാണ് ലക്ഷ്യം. 2021-ലെ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച ബി.ജെ.പി. നേതാവ് കേന്ദ്രമന്ത്രി എൽ. മുരുകനെ തോൽപിച്ച് മുൻമന്ത്രി കൽവിഴി സെൽവരാജ് വിജയിച്ചിരുന്നു. എന്നാൽ 2026-ലെ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായി. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡി.എം.കെ. നേതൃത്വം.
മാസങ്ങൾക്ക് മുൻപുനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 89.96 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 2,22,434 വോട്ടർമാരിൽ 2,00,101 പേർ വോട്ടുചെയ്തു. എന്നാൽ കഴിഞ്ഞദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ 80.30 ശതമാനമായിരുന്നു പോളിങ്. 9.66 ശതമാനം കുറവാണ് വന്നിരിക്കുന്നത്. പോളിങ് ശതമാനം കുറഞ്ഞത് ആർക്ക് ഗുണംചെയ്യും എന്നത് നിർണായകമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. ജയിച്ചപ്പോൾ ഡി.എം.കെ. രണ്ടാംസ്ഥാനത്തും ടി.വി.കെ. മൂന്നാം സ്ഥാനത്തുമായിരുന്നു. യുവ വോട്ടർമാരും സ്ത്രീ വോട്ടർമാരുമായിരുന്നു അന്ന് ടി.വി.കെ.യ്ക്ക് പിന്നിൽ അണിനിരന്നിരുന്നത്. മുതിർന്ന വോട്ടർമാരാണ് അണ്ണാ ഡി.എം.കെ.യുടെയും ഡി.എം.കെ.യുടെയും ശക്തി.
വൻവിജയം നേടുമെന്ന് മന്ത്രി സെങ്കോട്ടയ്യൻ
പഴനി : ധാരാപുരം, മധുരാന്തകം ഉപതിരഞ്ഞെടുപ്പുകളിൽ തമിഴക വെട്രി കഴകം വൻവിജയം നേടുമെന്ന് റവന്യൂ മന്ത്രി കെ.എ. സെങ്കോട്ടയ്യൻ പറഞ്ഞു. പഴനിമല ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഏറ്റവുമുയർന്ന ഭൂരിപക്ഷംതന്നെ രണ്ടിടത്തെയും ടി.വി.കെ. സ്ഥാനാർഥികൾക്ക് ലഭിക്കും. തമിഴക വെട്രി കഴകം സംസ്ഥാനത്ത് മികച്ച രീതിയിലാണ് ഭരണം നടത്തുന്നത്. അതിനെ അംഗീകരിക്കുന്ന വിജയം ഉണ്ടാവും. കൂടുതൽ അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർ ടി.വി.കെ.യിലേക്ക് വരുമോ എന്നത് കാത്തിരുന്ന കാണാമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ വെങ്കിടേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആനന്ദഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി സന്ധ്യാപൂജയിൽ പങ്കെടുത്തശേഷം മുരുകന് വിശേഷാൽ പൂജകളും വഴിപാടുകളും നടത്തി.
രാത്രി മലക്ഷേത്രത്തിൽ സ്വർണത്തേര് വലിച്ചും വഴിപാട് നടത്തി.
Published: 09 Oct 2026, 02:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented