ചെന്നൈ : വനിതാനേതാവിന്റെ പീഡനപരാതിയെത്തുടർന്ന് തമിഴ്‌നാട് ബി.ജെ.പി. ജനറൽ സെക്രട്ടറി കറുപ്പ് എം. മുരുകാനന്ദത്തെ ചുമതലകളിൽനിന്ന് നീക്കി. കൃത്രിമഫോട്ടോകൾ ഉപയോഗിച്ചുള്ള വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെന്ന് മുരുകാനന്ദം കുറ്റപ്പെടുത്തി.
മുരുകാനന്ദം ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ബി.ജെ.പി.യുടെ ഒ.ബി.സി. വിഭാഗം സെക്രട്ടറിയാണ് നേതൃത്വത്തിന് പരാതി നൽകിയത്.
വിവാഹംകഴിക്കാമെന്നും തിരഞ്ഞെടുപ്പിൽ സീറ്റുനൽകാമെന്നും വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഇടയ്ക്ക് ഗർഭിണിയായപ്പോൾ തന്റെ അനുമതി കൂടാതെ ബലംപ്രയോഗിച്ച് അലസിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. ഇതിനെല്ലാമുള്ള ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നാണ് വനിതാനേതാവ് പറയുന്നത്.
ബി.ജെ.പി. ദേശീയാധ്യക്ഷൻ നിതിൻ നബീൻ, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, തമിഴ്‌നാടിന്റെ ചുമതലയുള്ള അരവിന്ദ് മേനോൻ, സംസ്ഥാനാധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എന്നിവർക്കാണ് പരാതി നൽകിയത്. മുരുകാനന്ദത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയുടെ വിവരം പുറത്തുവന്നതിനെത്തുടർന്ന് മുരുകാനന്ദത്തെ എല്ലാ ചുമതലകളിൽനിന്നും നീക്കിക്കൊണ്ട് സംസ്ഥാനാധ്യക്ഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് നടപടി.
അന്വേഷണമൊന്നും കൂടാതെയാണ് തനിക്കെതിരേ പാർട്ടി നടപടിയെടുത്തതെന്ന് മുരുകാനന്ദം കുറ്റപ്പെടുത്തി. എ.ഐ. ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ കെട്ടിച്ചമച്ച പരാതിയാണിത്.
മൂന്നുപതിറ്റാണ്ടുനീണ്ട രാഷ്ട്രീയ പ്രവർത്തനകാലത്ത് തനിക്കെതിരേ ആരും ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് മുരുകാനന്ദം പറയുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.
Published: 19 Sept 2026, 03:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented