ഓച്ചിറ : ഓച്ചിറ ക്ഷേത്രത്തിലെ കെട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിഘാതമായി നിൽക്കുന്ന ദേശീയപാതയിലെ തടസ്സങ്ങൾ മാറ്റിത്തുടങ്ങി. കൃഷ്ണപുരംമുതൽ വവ്വാക്കാവുവരെയുള്ള ഭാഗങ്ങളിലെ തടസ്സങ്ങളാണ് മാറ്റിത്തുടങ്ങിയത്. ഇതിനായി ആധുനിക യന്ത്രസാമഗ്രികളും മറ്റും എത്തിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ തടസ്സങ്ങൾ നിൽക്കുന്ന, ക്ഷേത്രത്തിലേക്കുള്ള പ്രധാന പ്രവേശനകവാടമായ കൊട്നാട്ട് ജങ്ഷനിലെ കുഴികൾ, ഇളകിയ ഓടകളുടെ സ്ലാബുകൾ തുടങ്ങിയവ മാറ്റി ചെമ്മണ്ണും കരിങ്കൽ ചീളുകളും മറ്റും ഉപയോഗിച്ച് മൂടിയിട്ടുണ്ട്. ഈഭാഗത്തെ ഡിവൈഡറുകളും മറ്റ് തടസ്സങ്ങളും മാറ്റിസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും കരാർ കമ്പനിയായ വിശ്വസമുദ്രയുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ പണം ഉൾപ്പെടെയുള്ള സഹായം ക്ഷേത്ര ഭരണസമിതി നൽകാനും തീരുമാനമായിട്ടുണ്ട്. വവ്വാക്കാവ്, ബ്ലോക്ക് ഓഫീസ് ജങ്ഷൻ, ചങ്ങൻകുളങ്ങര, വലിയകുളങ്ങര, കൃഷ്ണപുരം, മുക്കട തുടങ്ങിയ സ്ഥലങ്ങളിൽ ഇനിയും നിർമാണം പൂർത്തിയാകാത്ത ഓടകൾ മണ്ണിട്ട് നികത്തുകയും, അവിടങ്ങളിലെ പാതയിലെ കുണ്ടും കുഴിയും നിരപ്പാക്കി, കെട്ടുകാളകൾക്ക് സുഗമമായി കടന്നുവരാനുള്ള പ്രവർത്തനങ്ങൾ കെട്ടുത്സവം നടക്കുന്ന 23-ന് മുൻപ് പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൃഷ്ണപുരം ഭാഗത്തെ സമാന്തര പാതയിൽ തടസ്സമായി നിന്നിരുന്ന 21 വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലായി.
ശനിയാഴ്ചകൊണ്ട് പ്രവർത്തനം പൂർണമാകുമെന്നാണ് കരുതുന്നത്. തൂണുകളിലൂടെ കടന്നുപോയ വൈദ്യുത കമ്പികൾ മാറ്റി, താത്കാലിക മരത്തൂണുകൾ സ്ഥാപിച്ച് അതുവഴിയാണ് ഇപ്പോൾ കേബിളുകൾ വലിച്ചിട്ടുള്ളത്. തുടർന്ന് കേബിളുകൾ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന സ്ഥിരംസംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
Published: 19 Sept 2026, 02:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented