കർഷകർക്ക് നഷ്ടം 20 ലക്ഷം രൂപയോളം

To advertise here,

അമ്പലപ്പാറ : ചുനങ്ങാട്ട് കളയും പതിരും നിറഞ്ഞ 20 ഏക്കർ നെൽക്കൃഷി ഉഴുതുമറിച്ചു. കൊയ്താലും നെല്ലുകിട്ടില്ലെന്ന സ്ഥിതിവന്നതോടെയാണ് ഒന്നാംവിള ഉഴുതുമറിച്ചത്. ചുനങ്ങാട് കല്ലടി പഴംകുളം പാടശേഖരത്തിലെ ഏകദേശം പത്തിലേറെ കർഷകരുടെ കൃഷിയാണ് രണ്ടാം വിളയ്ക്കുവേണ്ടി പൂട്ടിക്കളഞ്ഞത്. കൊയ്ത്തുകഴിഞ്ഞ്‌ നെല്ല് പകുതിയിൽത്താഴെമാത്രം ലഭിച്ച്‌ നഷ്ടം സഹിക്കേണ്ടിവന്ന കർഷകർക്കാണ് വീണ്ടും തിരിച്ചടിയായി കൃഷി പൂട്ടിക്കളയേണ്ടിവന്നത്. നേരത്തേ മൂന്നേക്കർ കൃഷി ഉഴുതുമറിച്ചിരുന്നു.

ഇതിനുപിന്നാലെ അഞ്ചേക്കറിലധികം കൃഷിയും ഉഴുതുമറിച്ചിരുന്നു. ബാക്കിയാണ് വ്യാഴാഴ്ച ഉച്ചയ്ക്കു‌ശേഷം പൂട്ടിക്കളഞ്ഞത്. പാടശേഖരസമിതി പ്രസിഡന്റ് അച്യുതത്തിൽ അച്യുതൻ കുട്ടിയുടെ അരയേക്കർ, സെക്രട്ടറി കുന്നത്ത് സുലൈമാന്റെ 11 ഏക്കർ, പഴംകുളം അബ്ദുൾ സമദിന്റെ രണ്ടേക്കർ, സാഗരികയിൽ ബേബി സുഹാസിനിയടെ ഒരേക്കർ തുടങ്ങി പത്തോളം കർഷകർക്കാണ് നഷ്ടം സഹിക്കേണ്ടിവന്നത്. ചില കർഷകർ നെല്ല് കിട്ടാത്തതിനാൽ കൊയ്ത്ത് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. സുലൈമാൻ, ഷൊർണൂരിൽ കൃഷിചെയ്ത ഏഴേക്കർ കൃഷിയും ഉഴുതുമറിച്ചിരുന്നു.

പാടശേഖരത്തിൽ കൃഷിചെയ്ത എല്ലാ കർഷകർക്കുംകൂടി ഏകദേശം 20 ലക്ഷം രൂപയോളം നഷ്ടം വന്നതായി പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.

വർഷങ്ങളായി അമ്പലപ്പാറയിൽ ഒന്നും രണ്ടും വിള കൃഷിയിറക്കുന്ന പാടശേഖരസമിതിയാണ് പഴംകുളം. 90 ഏക്കർ സ്ഥലത്താണ് 65-ഓളം കർഷകർചേർന്ന് കൃഷിയിറക്കുന്നത്.

കഴിഞ്ഞ വർഷം ഒന്നുംരണ്ടും വിള നല്ലരീതിയിൽ കൊയ്തെടുക്കാൻ കഴിഞ്ഞ കർഷകർക്ക് ഇപ്രാവശ്യം കാലാവസ്ഥയിൽവന്ന വ്യതിയാനമാണ് പ്രതിസന്ധിയായത്.

വിട്ടുവിട്ട് പെയ്ത മഴയിൽ മരുന്നടിച്ചിട്ടും കള നിറയുകയായിരുന്നു. ഇത് നെല്ലിനേക്കാൾ ഉയരത്തിൽ പൊന്തിയതും നെല്ല് കതിർവന്ന സമയത്ത് മഴപെയ്തതും ചാഴിനിറയാൻ കാരണമായതായി കർഷകർ പറയുന്നു. ഇതോടെ നെല്ലിൽ മുഴുവനായി പതിര്‌ നിറയുകയായിരുന്നു.

90 ഏക്കറിൽ 70 ഏക്കറോളം സ്ഥലത്താണ് കള നിറഞ്ഞിരുന്നത്. ഇതിൽ കൊയ്ത്തുകഴിഞ്ഞതോടെ പകുതിയിൽത്താഴെ നെല്ലുമാത്രമാണ് ലഭിച്ചിരുന്നത്. ഉഴുതു മറിച്ചതിനുപിന്നാലെ കർഷകർ രണ്ടാംവിളയ്ക്കു‌ള്ള ഒരുക്കം തുടങ്ങി.