കളക്ടർക്ക് പരാതി നൽകി
കാഞ്ഞിരപ്പുഴ : മലയിൽനിന്ന് മണ്ണെടുത്തതിനാൽ മണ്ണിടിഞ്ഞ് ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന പരാതിയുമായി നാട്ടുകാർ. ഇതുസംബന്ധിച്ച് കളക്ടർക്ക് പരാതി നൽകി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുറ്റിയാംപാടം, പള്ളിപ്പടി വാർഡുകളിലുള്ള 30-ഓളം കുടുംബങ്ങളാണ് പരാതി നൽകിയത്.
പൂഞ്ചോല ഭാഗത്താണ് മലയ്ക്കുമുകളിലായി സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മണ്ണെടുത്തിട്ടുള്ളത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് സ്ഥലത്തേക്ക് വഴിവെട്ടിയൊരുക്കിയാണ് മണ്ണെടുത്തിട്ടുള്ളത്. മലയിലെ വെള്ളമൊഴുകുന്ന ചാലും തടസ്സപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മലകളാൽ ചുറ്റപ്പെട്ട ഭാഗത്താണ് രണ്ടു വാർഡുകളുമുള്ളത്. മണ്ണെടുപ്പുമൂലം തിട്ടകൾ രൂപപ്പെട്ടതിനാൽ ശക്തമായ മഴയിൽ ഏതുനിമിഷവും മണ്ണിടിച്ചിലുണ്ടാകുമെന്നതാണ് നാട്ടുകാരുടെ ആശങ്ക.
മണ്ണെടുത്ത ഭാഗത്തുനിന്ന് 400 മീറ്ററോളം താഴെ ഭാഗത്താണ് വീടുകളുള്ളത്. മണ്ണിടിച്ചിലുണ്ടായാൽ കല്ലും പാറകളും ജനവാസമേഖലയിലേക്കെത്തുമെന്നും ഇവർ ഭയപ്പെടുന്നു.
2018-ലെ പ്രളയകാലത്ത് ഉരുൾപൊട്ടലുണ്ടായ ഭാഗമാണ് കുറ്റിയാംപാടം. ഒട്ടേറെ കൃഷിയിടങ്ങൾ നശിക്കുകയുണ്ടായി.
അന്ന് ജിയോളജിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും നാലു കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തിരുന്നു. ജിയോളജിക്കൽ സർവേ നടത്തിയ പഠനത്തിൽ ഈ ഭാഗങ്ങൾ പരിസ്ഥിതിദുർബലപ്രദേശമായി പ്രഖ്യാപിച്ചതാണെന്നും നാട്ടുകാർ പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഇവിടെയാണ് സ്വകാര്യവ്യക്തി 12 ഏക്കറോളം ഭൂമി വാങ്ങിയതും കുന്നിടിച്ച് മണ്ണെടുത്തിട്ടുള്ളതെന്നും ഇവർ പറയുന്നു.
മണ്ണിടിച്ചിലുണ്ടായാൽ പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞിരം-പൂഞ്ചോല റോഡും തകരും. നടപടി സ്വീകരിക്കാത്തപക്ഷം പ്രതിഷേധപരിപാടികൾക്ക് രൂപംനൽകുമെന്നും പ്രദേശവാസികളായ സജി എത്തലിൽ, മുരളി കീഴേത്ത്, ലാലു താന്നിപൊതിയിൽ, ജോൺ കന്നുംകുളമ്പിൽ എന്നിവർ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
മണ്ണെടുത്തത് ഒരുവർഷംമുൻപാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും വെള്ളമൊലിച്ചിറങ്ങാൻ സാധ്യതയുള്ളതിനാൽ ഒരു നിർമാണപ്രവൃത്തികളും സ്ഥലത്ത് നടത്തരുതെന്ന് സ്ഥല ഉടമകൾക്ക് നിർദേശം നൽകിയിട്ടുള്ളതായും പാലക്കയം സ്പെഷ്യൽ വില്ലേജ് ഓഫീസർ അബ്ബാസലി പറഞ്ഞു.
Published: 18 Sept 2026, 02:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented