തെന്മല : ഇടമണിൽ കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് കാട് വളർന്നുപന്തലിക്കുന്നത് നാട്ടുകാർക്ക് ഭീഷണിയാകുന്നു.

To advertise here,

ഇടമൺ സത്രംമുക്ക് കവലയ്ക്കു സമീപവും ഇടമൺ-34, പവർ ഹൗസ് ഭാഗങ്ങളിലുമാണ് ദേശീയപാതയോരത്ത് കാട് വളർന്നിട്ടുള്ളത്. സത്രംമുക്കിൽ യു.പി. സ്കൂളും സ്വകാര്യ സ്കൂളും പ്രവർത്തിക്കുന്നതിനു തൊട്ടുമുന്നിലാണ് പാതയോരം കാടുകയറി അപകടമേഖലയാകുന്നത്. വളവിനോടുചേർന്ന്‌ സ്കൂൾ കുട്ടികൾക്ക് നടന്നുപോകാൻപോലും കഴിയാത്തനിലയിൽ കാട് പടർന്നിട്ടുണ്ട്. കാൽനടയാത്രക്കാർ റോഡിലേക്ക് കയറിനടക്കേണ്ട ഗതികേടിലാണ്. കൊടുംവളവും അപകടമേഖലയുമായ ഇവിടെ പലപ്പോഴും കാൽനടക്കാർ അപകടങ്ങളിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. ഇടമൺ 34-ലും പവർ ഹൗസിനു സമീപവും നൂറുമീറ്ററോളം ഭാഗത്ത് റോഡ് കാണാനാകാത്തനിലയിൽ കാട് വളർന്നുപൊങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ടാറിങ് കഴിഞ്ഞാൽ റോഡിൻെറ വശം കാണാനാകാത്തനിലയാണ്. അതിനാൽതന്നെ ഇവിടെ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രികർക്ക് ഒഴിഞ്ഞുനിൽക്കാനാകുന്നില്ല. ദേശീയപാതയിൽ പലയിടത്തെയും അവസ്ഥയിതാണ്. കാട് വളർന്നുനിൽക്കുന്ന ഭാഗത്ത് ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. ഇത്തരം മേഖലകളിൽ മാലിന്യംതള്ളുന്ന പ്രവണതയും കൂടിയിട്ടുണ്ട്.