കൊടുവായൂർ: വെട്ടുംപുള്ളി-ഈശ്വരപാടത്ത് നിർമിച്ച വാതക ശ്മശാനം സ്മൃതിവനം ഉദ്ഘാടനം ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ലെന്ന് പരാതി. ത്രിതല പഞ്ചായത്തിന്റെ 1.15 കോടി രൂപ ചെലവഴിച്ചാണ് വാതക ശ്മശാനം നിർമിച്ചത്.

To advertise here,

വാതക ശ്മശാനത്തോടൊപ്പം ഒരേക്കറോളം സ്ഥലമുള്ള ഇവിടെ മൃതദേഹം വിറകിൽ ദഹിപ്പിക്കുന്നതിനും കുഴിച്ചിടുന്നതിനും പ്രത്യേകം മതിൽകെട്ടി തിരിച്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാതക ശ്മശാന കെട്ടിടം, ചുറ്റുമതിൽ, കോൺക്രീറ്റ് റോഡ് എന്നിവയ്ക്കായി രണ്ടുഘട്ടങ്ങളിലായി 87 ലക്ഷം രൂപ വിനിയോഗിച്ചതായി കരാറുകാരൻ പറഞ്ഞു. കൂടാതെ വാതക ശ്മശാനത്തിന് വേണ്ട ബർണർ, ഗ്യാസ് സംവിധാന ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാമായാണ് ഇത്രയും രൂപ ചെലവഴിച്ച് വാതക ശ്മശാനം പണിതിരിക്കുന്നത്.

2025 നവംബർ 22-നാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ശ്മശാനം പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നടപ്പാക്കാൻ കഴിയാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

എന്നാൽ വാതക ശ്മശാനത്തിന്റെ പണി മുഴുവനായും പൂർത്തിയായെന്നും ഉപകരണങ്ങൾ എല്ലാം സ്ഥാപിച്ചിട്ടുണ്ടെന്നും ഡി.എം.ഒ.യിൽനിന്നും മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നും അനുമതി രേഖകൾ ലഭിക്കാൻ ഉണ്ടായ കാലതാമസമാണ് പ്രവർത്തനം വൈകാൻ കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് പറഞ്ഞു. ശ്മശാന പ്രവൃത്തികൾക്ക് രണ്ടുപേരെ പരിശീലനത്തിന് ഉടനെ വിടുമെന്നും അവരുടെ പരിശീലനം കഴിഞ്ഞ് വരുന്ന മുറയ്ക്ക് ശ്മശാനത്തിന്റെ പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്നും പറഞ്ഞു.