ഷൊർണൂർ: നഗരസഭയുടെ മൊബിലിറ്റി ഹബ്ബ് പദ്ധതി നടപ്പാക്കേണ്ടത്‌ എങ്ങനെയെന്ന വിഷയത്തിൽ ആശയക്കുഴപ്പം. 18 ഏക്കറിൽ നടപ്പാക്കുന്ന പദ്ധതിക്കാവശ്യമായ സ്ഥലത്തിന്റെ ഉടമകളുടെ അനുമതിയും കൗൺസിലിന്റെ അംഗീകാരവും ഇപ്പോഴും ലഭിച്ചിട്ടില്ല. അതിനുമുൻപായാണ് പദ്ധതി അംഗീകാരം നേടിയതെന്ന വിമർശനം ഭരണപക്ഷത്തുനിന്നുതന്നെ ഉയർന്നിട്ടുണ്ട്. നഗരസഭയുടെ മുഖച്ഛായതന്നെ മാറ്റാവുന്ന പദ്ധതിയെക്കുറിച്ച് കൗൺസിലിൽ ചർച്ചചെയ്യാത്തതു പരാതികൾക്കിടയാക്കി.

To advertise here,

550 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യം. ഇതിൽ 125 കോടി രൂപ കേന്ദ്രസർക്കാർ സഹായമായി ലഭിക്കും. ബാക്കിസംഖ്യ കണ്ടെത്തേണ്ടതുണ്ട്. ഇത് വായ്പയായോ സ്വകാര്യ പങ്കാളിത്തമായോ കണ്ടെത്തണം.

പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം പൂർണമായും സ്വകാര്യവ്യക്തികളുടേതാണ്. മാത്രമല്ല, 90 ശതമാനം സ്ഥലവും ഡേറ്റാബാങ്കിലുൾപ്പെട്ടതാണ്. സ്ഥലമുടമകളുടെ അനുമതിയും ലഭിക്കണം. ഇവർക്കിതിന് വില നൽകുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയോ ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനെല്ലാം സ്ഥലമുടമകളുമായി ചർച്ചനടത്തണം. ഇതൊന്നും നടപ്പാക്കാതെയാണ് നഗരസഭാ ഭരണനേതൃത്വം ഇക്കാര്യം പറയുന്നതെന്നാണ് വിമർശനം. പദ്ധതി ആസൂത്രണംചെയ്യുന്നതുപോലും ഭരണപക്ഷത്തുള്ളവർ അറിയുന്നില്ലെന്നതാണ് കൗൺസിലർമാരുടെ പരാതി.

അതേസമയം, ഇക്കാര്യം കൗൺസിലിലും ഉടമകളുമായും ചർച്ച നടത്തുമെന്ന്‌ നഗരസഭാധ്യക്ഷ പി. നിർമല പറഞ്ഞു. വായ്പയോ സ്വകാര്യ പങ്കാളിത്തമോ ആവശ്യമായതിനാൽ ഇക്കാര്യത്തിലും ചർച്ചനടത്തണം. 400 കോടിയോളം രൂപ പുറമേനിന്ന് കണ്ടെത്തണം. അതുകൊണ്ടുതന്നെ രണ്ടുവിഷയത്തിലും വിശദമായ ചർച്ചനടത്തുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.