വടക്കഞ്ചേരി: മംഗലംഡാം ജലസേചന കനാലിൽ ജലമൊഴുക്കിന് തടസ്സമുണ്ടാക്കി മാലിന്യം കുന്നുകൂടുന്നു. ജലസേചനം തുടങ്ങുന്നതിനു മുൻപായി കനാൽ വൃത്തിയാക്കിയതാണെങ്കിലും മാലിന്യങ്ങൾ കനാലിലേക്ക് വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മുടപ്പല്ലൂർ പന്തപ്പറമ്പിൽ കനാലിനു കുറുകേയുള്ള ഷട്ടറിന്റെ ഭാഗത്തും കണ്ണമ്പ്ര തോട്ടുപാലത്തിനു സമീപമുള്ള അക്വഡക്ടിലുമാണ് പ്രധാനമായും മാലിന്യം വന്നടിയുന്നത്.

To advertise here,

മാലിന്യങ്ങൾ തങ്ങിനിൽക്കുന്നതിനെത്തുടർന്ന് കനാൽ കവിഞ്ഞൊഴുകി വെള്ളംപാഴാകുന്ന സ്ഥിതിയുമുണ്ട്. കനാലിന്റെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലും ഉപകനാലുകളിൽ ഷട്ടറുകളില്ലാത്തതിനാലും പലയിടങ്ങളിലും ചോർച്ചയും രൂക്ഷമാണ്. ഈ സ്ഥിതി നിലനിൽക്കുന്നതിനിടെയാണ് മാലിന്യം അടിയുന്നതിനെത്തുടർന്നും വെള്ളം പാഴാകുന്നത്. ഇതേത്തുടർന്ന് വാലറ്റങ്ങളിൽ വേണ്ടത്ര വെള്ളംലഭിക്കാത്ത സ്ഥിതിയുമുണ്ട്.

ഇടയ്ക്ക് ജലസേചന വകുപ്പധികൃതർ മാലിന്യം നീക്കുന്നുണ്ടെങ്കിലും കനാലിന്റെ വശങ്ങളിൽത്തന്നെയാണ് ഇവ ഇടുന്നത്. ഇത് വീണ്ടും കനാലിലേക്ക് വീഴുകയാണ്. കനാലിൽ മാലിന്യംതള്ളൽ തടയാൻ ഗ്രാമപ്പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളും ഉണ്ടാകുന്നില്ല. അണക്കപ്പാറ-ചെല്ലുപടി റോഡിൽ കനാലിലും പരസരത്തും മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി, സ്ഥലം വൃത്തിയാക്കി ബോർഡുകൾ സ്ഥാപിച്ചെങ്കിലും പരിശോധന ഇല്ലാതായതോടെ വീണ്ടും മാലിന്യം വലിച്ചെറിയാൻ ആരംഭിച്ചിട്ടുണ്ട്.

കനാലിന്റെ അരികിലിരുന്ന് മദ്യപിക്കുകയും മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കനാലിലേക്ക് വലിച്ചെറിയുന്ന സംഭവങ്ങളും ഉണ്ട്. സംരക്ഷണമില്ലാത്തതിനെത്തുടർന്ന് കണ്ണമ്പ്ര തോട്ടുപാലത്തിലെ ഇരുമ്പ് കൈവരികൾ ഭൂരിഭാഗവും നഷ്ടപ്പെട്ട നിലയിലാണ്. കൈവരികളായി സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ മുറിച്ചെടുത്ത് വിറ്റതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.