വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്ക ആരംഭിച്ച സൈനികനീക്കം 12 ദിവസങ്ങൾ പിന്നിടുമ്പോൾ, പ്രതീക്ഷിച്ച ലക്ഷ്യങ്ങളിൽനിന്ന് വഴിമാറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ ശക്തമായ തിരിച്ചടി, ആഗോളതലത്തിൽ ഉണ്ടായ ഇന്ധന വിലക്കയറ്റം, ഹോർമുസ് കടലിടുക്കിന് നേരിട്ട ഭീഷണി എന്നിവ അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇറാൻ ഭരണകൂടം പെട്ടെന്ന് തകരുമെന്ന തെറ്റായ ധാരണയും വ്യക്തമായ ഒരു പിൻവാങ്ങൽ പദ്ധതിയുടെ അഭാവവും യുദ്ധത്തെ സങ്കീർണ്ണമാക്കി. നിലവിൽ സംഘർഷം പരിഹരിക്കാനുള്ള വഴികൾ തേടാൻ വൈറ്റ് ഹൗസിന് മേൽ നയതന്ത്ര സമ്മർദ്ദം വർദ്ധിച്ചുവരികയാണ് എന്നാണ് വിവരം.
ഇസ്രയേലുമായി ചേർന്ന് ഇറാനെതിരായി സൈനികനീക്കം ആരംഭിക്കുമ്പോൾ വളരെ ലളിതമായിരിക്കുമെന്നാണ് അമേരിക്കൻ ഭരണകൂടം കരുതിയിരുന്നത്. എന്നാലത് പ്രതീക്ഷിക്കാത്ത ആഗോള പ്രത്യാഘാതങ്ങളിലേക്ക് മാറുകയായിരുന്നു. യുദ്ധത്തെത്തുടർന്ന് അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തി. ഇത് അമേരിക്കയിലും ആഗോളതലത്തിലും വില വർദ്ധിക്കുന്നതിനും വലിയ സാമ്പത്തിക സമ്മർദ്ദത്തിനും കാരണമായി. എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതി മൂലം പേർഷ്യൻ ഗൾഫിലൂടെയുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായി.
ഇന്ത്യയിൽ ഈ യുദ്ധം വലിയ തോതിലുള്ള പാചക വാതക (LPG) ക്ഷാമത്തിന് കാരണമാവുകയും ഗ്യാസ് പ്ലാന്റുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു. ഒരു ചെറിയ സൈനിക നീക്കം വെറും പന്ത്രണ്ട് ദിവസത്തിനുള്ളിൽ തന്നെ വൻതോതിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയായി മാറിയിരിക്കുന്നതിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അമേരിക്കൻ ഭരണകൂടത്തിന് അഞ്ച് പ്രധാന മേഖലകളിൽ തെറ്റായ കണക്കുകൂട്ടലുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1. ഇറാന്റെ തിരിച്ചടിയെ കുറച്ചുകണ്ടു: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ ഇറാനെ ഭയപ്പെടുത്തുമെന്നും അവർ പിൻവാങ്ങുമെന്നുമാണ് അമേരിക്ക കരുതിയത്. എന്നാൽ, ഈ പോരാട്ടത്തെ നിലനിൽപ്പിനായുള്ള പോരാട്ടമായി കണ്ട ഇറാൻ, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികളെ സജീവമാക്കുകയും ചെയ്തു. ബഹ്റൈനിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (Fifth Fleet) താവളത്തിന് സമീപം വലിയ സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയുടെ സഖ്യകക്ഷികളായ സൗദി അറേബ്യയ്ക്കും യു.എ.ഇ.യ്ക്കും നേരെ വന്ന മിസൈലുകൾ അവർക്ക് പ്രതിരോധിക്കേണ്ടി വന്നു.
2. ഭരണമാറ്റത്തെക്കുറിച്ചുള്ള അമിതപ്രതീക്ഷ: ശക്തമായ ആക്രമണങ്ങളിലൂടെ ഇറാന്റെ നേതൃത്വത്തെ തകർക്കാമെന്നും ഭരണകൂടം തകരുമെന്നും വൈറ്റ് ഹൗസ് വിശ്വസിച്ചിരുന്നു. അയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം ഇറാന്റെ രാഷ്ട്രീയ സംവിധാനം തകരുമെന്ന് അവർ പ്രതീക്ഷിച്ചു. ഇതിന് വിപരീതമായി, ഇറാൻ ഭരണകൂടം തകരാതെ നിൽക്കുകയും ജനങ്ങൾക്കിടയിൽ ദേശീയ വികാരം ശക്തിപ്പെടുകയുമാണ് ഉണ്ടായത്. പശ്ചിമേഷ്യയിലുടനീളമുള്ള തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിച്ച് ഇറാൻ യുദ്ധരംഗം വ്യാപിപ്പിച്ചു.
3. ഹോർമുസ് കടലിടുക്കിലെ ഭീഷണി: ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷിയെ അമേരിക്കൻ ആസൂത്രകർ ഗൗരവമായി കണ്ടില്ല. ഇറാൻ ഈ പാത ലക്ഷ്യം വെച്ചതോടെ ആഗോള ഊർജ്ജ സുരക്ഷ അപകടത്തിലാവുകയും കപ്പൽ ഗതാഗതം മന്ദഗതിയിലാവുകയും ചെയ്തു.
4. എണ്ണ വിപണിയിലെ ആഘാതം: യുദ്ധം എണ്ണവിപണിയിൽ ചെറിയ ചലനങ്ങൾ മാത്രമേ ഉണ്ടാക്കൂ എന്നായിരുന്നു അമേരിക്കൻ വിലയിരുത്തൽ. എണ്ണവിലയിലുണ്ടാകുന്ന വർദ്ധന താൽക്കാലികമായിരിക്കുമെന്നും അവർ കരുതി. എന്നാൽ, വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടലുകൾക്ക് വിപരീതമായി എണ്ണവില കുതിച്ചുയർന്നു, ബാരലിന് 100 ഡോളറിന് മുകളിൽ എത്തി. ഇത് അമേരിക്കയിലും ആഗോളതലത്തിലും വലിയ സാമ്പത്തിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്തു.
5. എക്സിറ്റ് സ്ട്രാറ്റജിയുടെ അഭാവം: യുദ്ധം എങ്ങനെ തുടങ്ങണമെന്ന് ആസൂത്രണം ചെയ്ത ഭരണകൂടത്തിന് അത് എങ്ങനെ മാന്യമായി അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. യുദ്ധം നീണ്ടുപോകുന്ന സാഹചര്യം അമേരിക്കയ്ക്കുള്ളിൽ തന്നെ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് (Political backlash) കാരണമാകുന്നുണ്ട്. ഈ യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്താണെന്ന ചോദ്യം അമേരിക്കൻ ജനതയ്ക്കിടയിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ഉടൻ തന്നെ ഒരു 'എക്സിറ്റ് റാംപ്' (Exit ramp) അഥവാ യുദ്ധത്തിൽനിന്ന് പിന്മാറാനുള്ള വഴി കണ്ടെത്താൻ ഉപദേശകർ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
Content Highlights: Underestimation of Iran's retaliatory capabilities and regional influence. Miscalculation regarding the stability of the Iranian regime under pressure. Severe global economic impact due to oil price surges exceeding $100/barrel. Strategic vulnerability at the Strait of Hormuz affecting global energy supply. Absence of a clear exit strategy leading to political backlash in the US.
Published: 12 Mar 2026, 07:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented