
വാഷിങ്ടൺ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിൽ. ഹോർമുസ് കടലിടുക്കിൽവെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ഇറാനിലെ മിസൈൽ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും തകർത്തതായി അമേരിക്ക അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു ചരക്കുക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്നാരോപിച്ച്, ശനിയാഴ്ച ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ കേന്ദ്രങ്ങളിലുമാണ് അമേരിക്ക ആക്രമണം നടത്തിയത്. ജൂൺ 25-ന് എം/വി എവർ ലൗലി (M/V Ever Lovely) എന്ന വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.
ഇത്തരം അതിക്രമങ്ങൾ വെടിനിർത്തൽ കരാറിന് വിരുദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന് മുന്നറിയിപ്പ് നൽകി. മേഖലയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്കിടയിലും ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം തുടരുന്നത് ആഗോളതലത്തിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
സിംഗപ്പുർ പതാകയുള്ള കപ്പൽ ഒമാൻ തീരത്തുകൂടെ ഹോർമുസ് കടലിടുക്ക് കടക്കുന്ന സമയത്താണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇറാൻ സേനയുടെ ഈ അനാവശ്യമായ പ്രകോപനം വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും, ഇത് അന്താരാഷ്ട്ര വ്യാപാര പാതയിലെ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തകർക്കുന്നതാണെന്നും അമേരിക്ക പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
ആഗോളതലത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വിതരണം ചെയ്യപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് യുഎസ് സേന സംരക്ഷണം നൽകുന്നത് തുടരുമെന്നും പ്രസ്താവനയിലുണ്ട്.
ഇറാനുനേരെയുള്ള പ്രത്യാക്രമണത്തിന്റെ ദൃശ്യം എന്ന് വെളിപ്പെടുത്തി, തങ്ങൾ നടത്തിയ ആക്രമണത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം അമേരിക്ക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ താഹെറൂയ പിയറിൽ (Taherouyeh pier) സ്‌ഫോടനം കേട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ, 'ആക്രമണത്തിന് അതേ രീതിയിൽ മറുപടി നൽകും' എന്നാണ് ജെഡി വാൻസ് തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചത്. കൂടുതൽ ആക്രമണങ്ങൾ നടത്തിയാൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഇറാൻ ഒരു വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിട്ടുണ്ട്, ഞങ്ങൾ അത് മാനിക്കുന്നു. എന്നാൽ ആക്രമിച്ചാൽ അതേ മാതൃകയിൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
അതേസമയം, അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളിൽ തങ്ങൾ തിരിച്ചടി നൽകിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചു. ആക്രമണം ആവർത്തിച്ചാൽ കൂടുതൽ ശക്തമായ മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ചരക്കുക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ വെടിനിർത്തൽ കരാറിന്റെ 'ബുദ്ധിശൂന്യമായ ലംഘനം' എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
ഏപ്രിൽ 8-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനിടയിലും മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും യുഎസ് തിരിച്ചടികളും തുടരുകയാണ്. ജൂൺ 17-ന് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യുദ്ധം അവസാനിപ്പിക്കാനായി കരാറിൽ ഒപ്പിട്ടിരുന്നു. സൈനിക നടപടികൾ അവസാനിപ്പിക്കാനും 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനുമാണ് ഈ ഉടമ്പടി ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യവട്ട ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ അവസാനിച്ചത്.
Content Highlights: US military struck Iranian radar and drone sites in response to the M/V Ever Lovely attack. The attack occurred in the Strait of Hormuz, violating the April 8 ceasefire agreement. President Trump and VP JD Vance issued stern warnings regarding further Iranian aggression. Iran's Revolutionary Guards threatened a broader response to future US military actions. Diplomatic efforts remain ongoing following the 14-point deal signed on June 17.
Published: 27 Jun 2026, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented