വാഷിങ്ടൺ: ധനവിനിയോഗബിൽ പാസാകാത്തതിനെത്തുടർന്ന് യുഎസിലുണ്ടായ ദൈർഘ്യമേറിയ ഖജനാവ് പൂട്ടൽ വിമാനസർവീസുകളെയും തകിടംമറിച്ചു. ആഭ്യന്തര വിമാനസർവീസിന്റെ ശേഷി നാലുമുതൽ 10വരെ ശതമാനം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) ഉത്തരവ് വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തിൽവന്നു. നിലവിൽ സർവീസുകൾ നാലുശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നവംബർ 14-ഒാടെ അത് 10 ശതമാനമാക്കുമെന്ന് എഫ്എഎ അറിയിച്ചു. രാവിലെ ആറുമുതൽ രാത്രി 10 വരെയുള്ള എല്ലാ യാത്രാ-ചരക്കു വിമാന സർവീസുകളെയും തീരുമാനം ബാധിക്കും. സാധാരണ അടച്ചിടൽ ബാധിക്കാത്ത അവശ്യസേവനമേഖലയാണ് വ്യോമയാനം.
24-ഒാളം സംസ്ഥാനങ്ങളിലായുള്ള 40 വിമാനത്താവളങ്ങളോടാണ് സർവീസുകൾ കുറയ്ക്കാൻ എഫ്എഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാലസ്, ലോസ് ആഞ്ജലിസ്, അറ്റ്‍ലാന്റ, ഡെൻവർ, ഷാർലറ്റ്, നോർത്ത് കരൊലൈന, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഷിക്കാഗോ, വാഷിങ്ടൺ തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ സർവീസുകളെ ഇത് ബാധിക്കും.
മുന്നറിയിപ്പിനെത്തുടർന്ന് വ്യാഴാഴ്ചതന്നെ വ്യോമയാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയും മറ്റുചിലത് പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. ഫ്ളൈറ്റ്അവേറിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച ദേശീയതലത്തിൽ 780 വിമാനമാണ് റദ്ദാക്കിയത്. അടച്ചുപൂട്ടൽ ആറാം ആഴ്ചയിലേക്ക് നീണ്ടതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡെമക്രാറ്റുകളെ പഴിച്ചു. അവരെ ‘കാമികാസി’യെന്നാണ് വിളിച്ചത്. രണ്ടാംലോകയുദ്ധകാലത്ത് ജാപ്പനീസ് വിമാനം ശത്രുപക്ഷത്തുനടത്തിയ ചാവേറാക്രമണമാണ് കാമികാസി.
ചരിത്രത്തിലെ നീണ്ട അടച്ചിടൽ
:ബുധനാഴ്ച 36 ദിവസം പിന്നിട്ടതോടെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഖജനാവ് പൂട്ടലാണിത്. ഖജനാവ് പൂട്ടിയതോടെ സർക്കാർ ഓഫീസുകളും ഓരോന്നായി അടച്ചു. 2019-ൽ ട്രംപിന്റെ ആദ്യസർക്കാരിന്റെകാലത്തെ 35 ദിവസംനീണ്ട ഖജനാവ് പൂട്ടലിന്റെ റെക്കോഡാണ് ഇതു തകർത്തത്.
എന്തുകൊണ്ട് ഇപ്പോൾ?
ഒക്ടോബർ ഒന്നിനാണ് യുഎസിൽ ബജറ്റ് വർഷം തുടങ്ങുന്നത്. സെപ്റ്റംബർ മുപ്പതോടെ സർക്കാരിന്റെ ചെലവിനുള്ള 12 ബില്ലുകൾ കോൺഗ്രസ് പാസാക്കണം. അതുണ്ടായില്ലെങ്കിൽ ബില്ലുകൾ പാസാകുംവരെ ഖജനാവ് പൂട്ടും. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബർ 30-ന് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ ധനാനുമതിക്കാര്യത്തിൽ റിപ്പബ്ലിക്കന്മാരും ഡെമക്രാറ്റുകളും സമവായത്തിലെത്തിയില്ല. നിർത്തലാക്കിയ ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് ർെമക്രാറ്റുകൾ കടുപിടത്തം നടത്തുന്നത്.
ദൈനംദിനച്ചെലവ് കണ്ടെത്താൻ വഴിയില്ലാത്തതിനാൽ ബജറ്റ് ഏഴുലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് താത്കാലിക തൊഴിൽനഷ്ടമുണ്ടാക്കിയിരിക്കുകയാണ്. പലരോടും ശമ്പളമില്ലാ അവധിയിൽപ്പോകാൻ നിർദേശിച്ചു. അവശ്യസർവീസുകൾ ഒഴികെ എല്ലാ വകുപ്പുകളേയും ഇതു ബാധിച്ചു. ദേശീയോദ്യാനങ്ങളും സന്ദർശകകേന്ദ്രങ്ങളും പാർക്കുകളും പൂട്ടി. പാസ്പോർട്ട് അപേക്ഷ, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങി പലതിനുമുള്ള നടപടിക്രമങ്ങൾ ആൾലഭ്യതയില്ലാത്തതിനാൽ വൈകുന്നു. ഭക്ഷ്യസുരക്ഷാപരിശോധനകൾ വൈകുന്നത് പൊതുജനാരോഗ്യത്തെയും ബാധിച്ചു. അതിനിടെ, ആരോഗ്യമേഖല സംബന്ധിച്ച് ഡെമക്രാറ്റിക് നിർദേശങ്ങളുൾക്കൊള്ളിക്കാത്ത പുതിയ ധനബിൽ റിപ്പബ്ലിക്കന്മാർ വെള്ളിയാഴ്ച സെനറ്റിൽ അവതരിപ്പിക്കുന്നുണ്ട്. അടച്ചുപൂട്ടലുണ്ടായതിനുശേഷം 14-ാം തവണയാണ് ബിൽ അവതരിപ്പിക്കുന്നത്.
Content Highlights: US Government Shutdown Disrupts Air Travel
Published: 08 Nov 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented