വാഷിങ്ടൺ: പുതിയ സാമ്പത്തികവർഷത്തിലേക്കുള്ള ധനബിൽ പാസാകാഞ്ഞതിനെത്തുടർന്ന് യുഎസ് സർക്കാരിന്റെ പ്രവർത്തനം അവതാളത്തിലായതോടെ ബഹിരാകാശ ഏജൻസിയായ നാസയുടെ വെബ്സൈറ്റ് അടക്കമുള്ള പൊതുജന സമ്പർക്ക പരിപാടികളെല്ലാം താത്കാലികമായി നിർത്തിവെച്ചു.

To advertise here,

ഫെഡറൽ ഫണ്ടിങ് പുനഃസ്ഥാപിക്കുന്നതുവരെ നാസയുടെ ദൗത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ, വിദ്യാഭ്യാസ സാമഗ്രികൾ, ബഹിരാകാശ വാർത്തകൾ എന്നിവ പൊതുജനങ്ങൾക്കും ഗവേഷകർക്കും ലഭ്യമാകില്ല. ഇത് നാസയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ വലിയതോതിൽ ബാധിക്കും. ഇതിനുമുൻപ് 2013, 2018-19 കാലയളവുകളിൽ യുഎസ് സർക്കാർ ഷട്ഡൗൺ നേരിട്ടപ്പോഴും നാസയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

ഫെഡറൽ ഫണ്ടിങ് നിലച്ചതോടെ 15,000 നാസ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിച്ചിരിക്കയാണ്. ഇതിന്റെ ഭാഗമായാണ് ‘ധനസഹായം ലഭിക്കുന്നതുവരെ പുതിയ അപ്ഡേറ്റുകൾ ഉണ്ടാവുന്നതല്ല’ എന്ന അറിയിപ്പ് നാസ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. വെബ്സൈറ്റ് പ്രവർത്തനത്തിന് പുറമെ ഏജൻസിയുമായി ബന്ധപ്പെട്ടുനടക്കുന്ന ഗവേഷണങ്ങൾ, പുതിയ ദൗത്യങ്ങളുടെ ആസൂത്രണം, വിഷേപണ ദൗത്യങ്ങൾ, മറ്റ് അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചുള്ള പദ്ധതികൾ എന്നിവയും താത്‌കാലികമായി മരവിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.