
ന്യൂജഴ്സിയിലെ ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ് നടത്തുന്ന വിമാനം | ഫോട്ടോ - എഎഫ്പി
വാഷിങ്ടണ്‍: യുഎസില്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ കാരണം നൂറുകണക്കിന് വിമാനസർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത 750-ലധികം വിമാനങ്ങൾ റദ്ദാക്കിയത്. വ്യാഴാഴ്ച 6,400-ലധികം യുഎസ് വിമാനങ്ങൾ വൈകുകയും 200 എണ്ണം റദ്ദാക്കുകയും ചെയ്തു. ഇതുവഴി പതിനായിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. യുഎസിലുടനീളമുള്ള യാത്രക്കാര്‍ വിമാനങ്ങൾ റീബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ്.
ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ ജീവനക്കാരുടെ കുറവ് വരുത്തിയതോടെയാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്. രാജ്യത്തെ തിരക്കേറിയ 40 മേഖലകളിലേക്കുള്ള വിമാന സർവീസുകൾ 10 ശതമാനംവരെ വെട്ടിക്കുറയ്ക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ ഉത്തരവ് പാലിച്ചാണ് നടപടി.
ഫ്‌ളൈറ്റ് അവയര്‍ എന്ന ട്രാക്കിങ് വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച്, വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന 750-ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. പ്രതിദിനം 220 ഫ്‌ളൈറ്റുകള്‍ റദ്ദാക്കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത ഏകദേശം 170 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ഡെല്‍റ്റ എയര്‍ലൈന്‍സും നൂറോളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയെന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും അറിയിച്ചു.
അറ്റ്‌ലാന്റ, നെവാര്‍ക്ക്, ഡെന്‍വര്‍, ഷിക്കാഗോ, ഹൂസ്റ്റണ്‍, ലോസ് ആഞ്ജലീസ് ഉള്‍പ്പെടെയുള്ള രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളെയാണ് ഫ്‌ളൈറ്റുകളുടെ ഈ കുറവ് വളരെയധികം ബാധിക്കുക. അതേസമയം, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പാലിക്കുമെങ്കിലും ഇവ തങ്ങളുടെ അന്താരാഷ്ട്ര റൂട്ടുകളെ ബാധിക്കില്ലെന്ന് വിമാനക്കമ്പനികളായ യുണൈറ്റഡ് എയര്‍ലൈന്‍സും ഡെല്‍റ്റയും അറിയിച്ചിട്ടുണ്ട്. റദ്ദാക്കലുകള്‍ കൂടുതലും പ്രാദേശിക റൂട്ടുകളെയാണ് ബാധിക്കുകയെന്നാണ് ഇത് നല്‍കുന്ന സൂചന.
ഷട്ട്ഡൗണ്‍ കാരണം പതിനായിരക്കണക്കിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് ജീവനക്കാരുടെ ക്ഷാമത്തിനും കാരണമായി. യുഎസില്‍ ഇത്തരമൊരു സാഹചര്യം അഭൂതപൂര്‍വമാണ്. വ്യോമയാന രംഗത്തെ തന്റെ 35 വര്‍ഷത്തെ അനുഭവത്തില്‍, ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവന്ന സാഹചര്യം ഓര്‍മയിലില്ലെന്ന് എഫ്എഎ അഡ്മിനിസ്‌ട്രേറ്റര്‍ ബെഡ്‌ഫോര്‍ഡ് പറയുന്നു.
Published: 07 Nov 2025, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented