വാഷിങ്ടൺ: ക്യൂബയ്‌ക്കെതിരെ സൈനിക നടപടി പരിഗണിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2029-ൽ താൻ അധികാരത്തിൽനിന്ന് മാറുന്നതിന് മുമ്പ് ക്യൂബയുടെ കാര്യം തീർക്കാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. ഒരു വാർത്താ ചാനലുമായുള്ള ടെലഫോൺ സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

To advertise here,

സൈനിക നടപടിയിലൂടെ ക്യൂബയെ മോചിപ്പിക്കാൻ ആലോചിക്കുന്നുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തിൽ മറുപടി നൽകിയത്. 'ഞാൻ പോകുന്നതിനുമുമ്പ് ക്യൂബയുടെ കാര്യം തീർക്കാൻ ആഗ്രഹിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാർ വിഷയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആ ദ്വീപ് അടിസ്ഥാനപരമായി പരാജയപ്പെട്ട ഒരു ഇടമാണ്. അല്ലെങ്കിൽ രാജ്യമാണ്, നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം' ട്രംപ് പറഞ്ഞു. ക്യൂബയിലെ ഇടപെടൽ ശ്രമത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

'ക്യൂബയ്ക്കായി ഞങ്ങൾക്ക് മാർക്കോ എന്ന് പേരുള്ള വളരെ മിടുക്കനായ ഒരു വ്യക്തിയുണ്ട്, കാരണം നിങ്ങൾക്ക് അറിയാമോ എന്ന് എനിക്കറിയില്ല, മാർക്കോയുടെ മാതാപിതാക്കൾ ക്യൂബയിൽ നിന്നുള്ളവരാണ്, അത് ചെയ്യാൻ അദ്ദേഹത്തിന് വലിയ താത്പര്യമുണ്ട്.' അദ്ദേഹം പറഞ്ഞു.

ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ദീർഘകാലമായി ട്രംപ് രംഗത്തുണ്ട്. ക്യൂബയിൽ മോശമായ പെരുമാറ്റങ്ങൾ നേരിടേണ്ടിവരികയും പിന്നീട് അമേരിക്കയിലേക്ക് വരികയും ചെയ്ത ക്യൂബക്കാർക്കായി എനിക്കത് ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നതായും ഫ്‌ളോറിഡയിൽ താൻ ക്യൂബൻ വോട്ടുകൾ ഒരുപാട് സമാഹരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. 

ക്യൂബൻ സർക്കാരിന്റെ പ്രധാന സഖ്യകക്ഷിയായിരുന്ന വൈനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ ഓപ്പറേഷനുശേഷം, ട്രംപ് ക്യൂബയ്ക്കുമേൽ ഉപരോധമേർപ്പെടുത്തിയിരുന്നു. അത് ക്യൂബയിലെ പവർ ഗ്രിഡ് തകരാറിലാക്കുകയും പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തിരുന്നു.

ഇതിനിടെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനായി യു.എസ്. ഇനി ശ്രമിക്കുന്നില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനുമായി ബന്ധപ്പെട്ട് ട്രംപ് പ്രതികരണം നടത്തിയത്. ഇറാനുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ആഭ്യന്തര രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

'ഞങ്ങൾക്ക് ഇറാനുമായൊരു കരാർ ആവശ്യമില്ല, ആ ദിവസങ്ങൾ എപ്പോഴേ കഴിഞ്ഞുപോയി. അവരുടെ പണം, നൂറുകണക്കിന് ശതകോടി ഡോളർ ഞങ്ങളുടെ കൈവശമുണ്ട്, ഞങ്ങളുടെ കൈയിലാണ് ഇപ്പോൾ ആ കടലിടുക്കുള്ളത്!. അമേരിക്കയിലുടനീളം ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലും സംസ്ഥാനങ്ങളിലും നടക്കുന്ന വൻ അഴിമതിയിലും കുറ്റകൃത്യങ്ങളിലും പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ വൈസ് പ്രസിഡന്റ് വാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.' ട്രംപ് കുറിച്ചു.

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു.