വാഷിങ്‌ടൺ: അമേരിക്കയുടെ പുതിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ചർച്ചകൾക്കായി ഇറാൻ സമീപിച്ചെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഒരു കരാറിനായി അപേക്ഷിക്കുകയാണ്. എന്നാൽ, കരാർ പാലിക്കാൻ അവർ തയ്യാറാണോ എന്ന് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പുതിയ സൈനിക നടപടിക്ക് പിന്നാലെ ഇറാൻ അമേരിക്കയുമായി ബന്ധപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. ‘ഇറാനിൽ നിന്ന് വിളിച്ചിരുന്നു. കരാറിലെത്താൻ അവർക്ക് അത്രയേറെ ആഗ്രഹമുണ്ട്. എന്നാൽ അവർ അതിന് അർഹരാണോ എന്ന് എനിക്കറിയില്ല. അവർ കരാർ പാലിക്കുമോ എന്ന് ഉറപ്പില്ല. അതാണ് പ്രശ്നം’.- ട്രംപ് പറഞ്ഞു.

ഇറാനെക്കാൾ ശക്തമായാണ് അമേരിക്ക തിരിച്ചടിച്ചതെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് സൈനിക നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ‘ഞങ്ങൾ അവർക്ക് നേരെ അതിശക്തമായ ആക്രമണമാണ് നടത്തിയത്. അവർ ആക്രമിക്കുന്ന ഓരോ തവണയും നമ്മൾ 20 മടങ്ങ് ശക്തമായി തിരിച്ചടിക്കും. അവർ ആക്രമിക്കുമ്പോൾ നമ്മൾ അതിലും ശക്തമായി തിരിച്ചടിക്കും’.- അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ സൈനിക നടപടിക്ക് നാറ്റോ സഖ്യകക്ഷികൾ പിന്തുണ വാഗ്ദാനം ചെയ്തതായും എന്നാൽ, ഇപ്പോൾ അവരുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ വിഷയത്തിൽ സഹായിക്കാൻ അവർക്കെല്ലാം വലിയ താത്പര്യമാണ്. എന്നാൽ, അതിന് സമയമേറെ വൈകിപ്പോയി. നമുക്ക് യഥാർത്ഥത്തിൽ സഹായത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.