വാഷിങ്‌ടൺ: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം സുസ്ഥിരമായിരിക്കുമെന്ന് യു.എസ്. അംബാസഡർ സെർജിയോ ഗോർ. അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളെ പരോക്ഷമായി വിമർശിക്കാനും ഗോർ മടിച്ചില്ല. ‘ഇന്ത്യ സ്ഥിതിചെയ്യുന്നത് സങ്കീർണ്ണമായ ഒരിടത്താണ്. പ്രശ്നക്കാരായ അയൽരാജ്യങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. തോന്നുന്നത് പോലെ പ്രതികരിക്കുന്നവർ. അവരുടെ ഒരു ചെറിയ ഇടപെടൽ മതി ആ മേഖലയിലെ കാര്യങ്ങൾ മാറ്റിമറിക്കാൻ.’- അയൽരാജ്യങ്ങളെ ഉദ്ദേശിച്ച് ഗോർ പറഞ്ഞു.

To advertise here,

രാഷ്ട്രീയമായ മാറ്റങ്ങൾക്കപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള താൽപ്പര്യങ്ങളും കെട്ടുറപ്പും ഇന്ത്യ-യു.എസ്. ബന്ധത്തിന് സുരക്ഷയേകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർമിതമബുദ്ധി, സാങ്കേതികവിദ്യ, വ്യോമയാനം തുടങ്ങിയ ഏത് മേഖല എടുത്താലും ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കാൻ അമേരിക്ക സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്‌ടണിൽ നടന്ന യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻഡോ-പസിഫിക് കമാൻഡിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെയും അംബാസഡർ തള്ളിക്കളഞ്ഞു. പേര് എന്താണെന്നതിലല്ല, അമേരിക്ക യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത് എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പേര് മാറിയാലും നമ്മുടെ സാന്നിധ്യത്തിന് മാറ്റമില്ല. ലോകത്ത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സൈനികാഭ്യാസങ്ങൾ അമേരിക്കയുമായി ചേർന്ന് ഇന്ത്യ നടത്തുന്നുണ്ടെന്നും ഗോർ പ്രതികരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ അന്തിമഘട്ടത്തിലാണെന്നും, നിയമപരമായ ഏതാനും കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും അംബാസഡർ അറിയിച്ചു. കരാർ പൂർത്തിയാക്കാൻ അല്പം സമയം എടുക്കുന്നുണ്ടെന്ന വിമർശനത്തോട്, യൂറോപ്യൻ വ്യാപാരക്കരാർ പൂർത്തിയാക്കാൻ 20 വർഷമെടുത്ത കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. യൂറോപ്യൻ കരാറിനേക്കാൾ വേഗത്തിൽ ഇത് പൂർത്തിയാക്കാൻ സാധിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.