വാഷിങ്ടൺ: അമേരിക്കയിൽ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷം. അടച്ചിടൽ നാല് ദിവസം പിന്നിടുമ്പോൾ യാതൊരു പരിഹാരവുമില്ലാതെ അനിശ്ചിതത്വത്തിൽ തന്നെയാണ്. പരിഹാര ശ്രമങ്ങൾക്കായി ട്രംപ് ഭരണകൂടം കിണഞ്ഞു ശ്രമിക്കുന്നുവെങ്കിലും ധന അനുമതി ബിൽ പാസാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെയാണ് ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഷട്ട്ഡൗണിലേക്ക് ട്രംപ് ഭരണകൂടം കടന്നത്. സാധാരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഒരുപോലെ പ്രതിസന്ധിയിലാണ്.
അത്യാവശ്യ ഏജൻസികൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ജീവനക്കാർ ഇപ്പോഴും ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്. ആയിരക്കണക്കിനാളുകളെ ഇനിയും പിരിച്ചിവിട്ടേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന സൂചനകളും ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ദൈംനംദിന ജീവിതത്തിലും ഷട്ട്ഡൗൺ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പലരും വാഷിങ്ടണിൽ നിന്ന് തത്കാലത്തേക്ക് വിട്ടുനിൽക്കുന്നതായും റിപ്പോർട്ടുണ്ട്. സർക്കാർ പ്രവർത്തനവും താളംതെറ്റിയ നിലയിലാണ്.
ദേശീയ സുരക്ഷ, വ്യോമയാനം, ആരോഗ്യ പദ്ധതികളടക്കം തടസ്സപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ സേവനങ്ങൾ തടസ്സപ്പെട്ട നിലയിലാണ്. നാസയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായി നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നു.
യുഎസിലെ ദേശീയ ഉദ്യാനങ്ങളും ദേശീയപാർക്കുകളും ഷട്ട്ഡൗൺ അവസാനിക്കുന്നത് വരെ അടച്ചിട്ടേക്കുമെന്നാണ് വിരം. സന്ദർശകർക്ക് ഇവിടങ്ങളിൽ പ്രവേശനമുണ്ടാകില്ല. മുൻപത്തെ ഷട്ട്ഡൗണിലും ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോട് അവധിയിൽ പോകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ചില പാർക്കുകൾ ഏതാനും ജീവനക്കാരുമായി കഴിഞ്ഞ ഷട്ട്ഡൗണിൽ പ്രവർത്തിച്ചിരുന്നു. പക്ഷേ, ഈ തീരുമാനം പാർക്കുകളിൽ വൻ നാശനഷ്ടത്തിന് കാരണമായെന്നും സന്ദർശകർ പലതും നശിപ്പിച്ചെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.
Content Highlights: US Government Shutdown: Four Days In, Uncertainty Grips Washington
Published: 05 Oct 2025, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented