വാഷിങ്ടണ്‍: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാകാതിരുന്നതോടെ യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലായി. ഇതോടെ അവശ്യസേവനങ്ങളൊഴികെ ഫെഡറല്‍ സര്‍ക്കാരിന്റെ പല സേവനങ്ങളും തടസപ്പെടും. ഷട്ട്ഡൗണിലായതോടെ ഏകദേശം 40 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കും.

To advertise here,

ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത്. ഒന്നാം തീയതി മുതല്‍ ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍വന്നതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ മാസത്തേക്കും തുടര്‍ന്നുമുള്ള ഫണ്ടിങ് നിലയ്ക്കും. വിമാനയാത്ര മുതല്‍ മൃഗശാലകളുടെ പ്രവര്‍ത്തനത്തെ വരെ ഷട്ട്ഡൗണ്‍ ബാധിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ജീവനക്കാര്‍ മിക്കവരും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുന്നതോടെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയടക്കം ഏറെ സമയമെടുക്കും. ഇത് വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂവിനും കാരണമാകും. അതിനാല്‍ തന്നെ വിമാനത്താവളങ്ങളിലെ നടപടികള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍ ഇക്കാലയളവിലും ജോലിക്കെത്തും. അവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് ഷട്ട്ഡൗണ്‍ കാലയളവിലും ഇവര്‍ ജോലിക്കെത്തുന്നത്. എന്നാല്‍, ഷട്ട്ഡൗണ്‍ അവസാനിക്കുന്നത് വരെ ഇവര്‍ക്ക് ശമ്പളം ലഭിക്കില്ല.

യുഎസിലെ ദേശീയ ഉദ്യാനങ്ങളും ദേശീയപാര്‍ക്കുകളും ഷട്ട്ഡൗണ്‍ അവസാനിക്കുന്നത് വരെ അടച്ചിടാനാണ് സാധ്യത. അതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇവിടങ്ങളില്‍ പ്രവേശനമുണ്ടാകില്ല. മുന്‍പത്തെ ഷട്ട്ഡൗണിലും ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ചില പാര്‍ക്കുകള്‍ ഏതാനും ജീവനക്കാരുമായി കഴിഞ്ഞ ഷട്ട്ഡൗണില്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഈ തീരുമാനം പാര്‍ക്കുകളില്‍ വന്‍ നാശനഷ്ടത്തിന് കാരണമായെന്നും സന്ദര്‍ശകര്‍ പലതും നശിപ്പിച്ചെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

മൃഗശാലയില്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണവും അവയുടെ പരിചരണവും മുടക്കംകൂടാതെ നടക്കും. എന്നാല്‍, മൃഗശാലകളില്‍നിന്നുള്ള വെബ്ക്യാം ഷോകള്‍ തടസ്സപ്പെടും.

ദരിദ്രര്‍ക്കും വയോധികര്‍ക്കുമായുള്ള മെഡികെയര്‍, മെഡികെയ്ഡ് തുടങ്ങിയ സാമൂഹിക ആരോഗ്യപദ്ധതികള്‍ ഷട്ട്ഡൗണ്‍ കാലയളവിലും തുടരും. എന്നാല്‍, ജീവനക്കാരുടെ കുറവ് സേവനങ്ങളെ ബാധിച്ചേക്കും. അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഷട്ട്ഡൗണ്‍ ബാധിക്കില്ലെങ്കിലും ദുരന്ത നിവാരണ ഏജന്‍സികളുടെ മറ്റുപ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ദേശീയ വെള്ളപ്പൊക്ക ഇന്‍ഷുറന്‍സ് പദ്ധതി പൂര്‍ണമായും നിര്‍ത്തിവയ്ക്കും. ഷട്ട്ഡൗണ്‍ നീണ്ടുപോയാല്‍ ഭക്ഷ്യസഹായ പദ്ധതികളെയടക്കം ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.