
പ്രതീകാത്മക ചിത്രം | Photo: Getty Images via AFP
വാഷിങ്ടണ്‍/ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാസംഘാംഗം അന്‍മോള്‍ ബിഷ്‌ണോയി അടക്കം 200 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തി. യുഎസില്‍നിന്ന് പുറപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തും.
അന്‍മോള്‍ ബിഷ്‌ണോയിക്ക് പുറമേ പഞ്ചാബില്‍നിന്നുള്ള രണ്ട് പിടികിട്ടാപ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്. ബാക്കി 197 പേർ അനധികൃത കുടിയേറ്റക്കാരാണ്. കുപ്രസിദ്ധ അധോലോകനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയസഹോദരനാണ് അന്‍മോള്‍ ബിഷ്‌ണോയി. മഹാരാഷ്ട്രയിലെ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
2024 അവസാനത്തോടെയാണ് അന്‍മോള്‍ ബിഷ്‌ണോയി കാലിഫോര്‍ണിയയില്‍വെച്ച് പിടിയിലായത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ തുടരുകയായിരുന്നു. പരോള്‍ കാലയളവില്‍ ഇയാളെ നിരീക്ഷിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളടക്കം യുഎസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ആങ്കിള്‍ മോണിറ്റര്‍, ജിപിഎസ് സംവിധാനം തുടങ്ങിയവയാണ് പരോളിലിരിക്കെ നിരീക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. നേരത്തേ വ്യാജമായി നിര്‍മിച്ച റഷ്യന്‍ രേഖകള്‍ ഉപയോഗിച്ചാണ് അന്‍മോള്‍ ബിഷ്‌ണോയി കാനഡയിലേക്കും അവിടെനിന്ന് യുഎസിലും എത്തിയതെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെത്തിയാല്‍ ഏത് ഏജന്‍സിയാണ് അന്‍മോള്‍ ബിഷ്‌ണോയിയെ ആദ്യം കസ്റ്റഡിയിലെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായതിനാലും അധോലോക ബന്ധങ്ങളുള്ളതിനാലും എന്‍ഐഎ ആയിരിക്കും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ബാബാ സിദ്ദിഖി കേസിലെ അന്വേഷണത്തിനായി മുംബൈ പോലീസിനും പ്രതിയെ കൈമാറിയേക്കും.
Content Highlights: US deports 200 Indians, including notorious gangster Anmol Bishnoi, to Delhi. Bishnoi, brother of Lawrence Bishnoi, faces multiple criminal cases. Arrived via fake documents.
Published: 19 Nov 2025, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented