ഈ നയം പ്രകാരം 25,000-ത്തിലേറെ കുടിയേറ്റക്കാരെ 29 രാജ്യങ്ങളിലേക്ക് അയച്ചതായാണ് കണക്ക്

വാഷിങ്ടൺ: യുഎസ്സിലെ കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തേക്കല്ലാതെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തുന്ന നടപടിയുമായി മുന്നോട്ടുപോകാൻ സുപ്രീം കോടതിയെ സമീപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. മൂന്നാം രാജ്യങ്ങളിലേക്കുള്ള അതിവേഗ നാടുകടത്തൽ നയം നിയമവിരുദ്ധമാണെന്ന കീഴ്ക്കോടതി വിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം. നാടുകടത്തപ്പെടുന്ന രാജ്യത്ത് നേരിടാനിടയുള്ള അപകടങ്ങളെക്കുറിച്ച് കുടിയേറ്റക്കാർക്ക് പറയാൻ അവസരം നൽകാതെ നടപടിയെടുക്കുന്ന നയം തുടരണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം.
വ്യാഴാഴ്ച അടിയന്തര അപേക്ഷയിലൂടെയാണ് ഭരണകൂടം സുപ്രീം കോടതിയുടെ ഇടപെടൽ തേടിയത്. മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ബോസ്റ്റണിലെ ജില്ലാ ജഡ്ജി ബ്രയൻ മർഫി നേരത്തെ വിധിച്ചിരുന്നു. ഈ വിധി അപ്പീൽ പരിഗണിക്കുന്ന കാലയളവിൽ മരവിപ്പിക്കണമെന്നാണ് ഭരണകൂടത്തിന്റെ ആവശ്യം. സെപ്റ്റംബർ 18-ന് ഒന്നാം യുഎസ് സർക്യൂട്ട് അപ്പീൽ കോടതി മർഫിയുടെ വിധിയിലെ ഭൂരിഭാഗം ഭാഗങ്ങളും ശരിവച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെ വിധി പ്രാബല്യത്തിൽ വരികയും മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തലുകൾ തടയപ്പെട്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
കഴിഞ്ഞ വർഷം നടപ്പാക്കിയ ഈ നയം പ്രകാരം 25,000-ത്തിലേറെ കുടിയേറ്റക്കാരെ 29 രാജ്യങ്ങളിലേക്ക് അയച്ചതായി മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ ഭൂരിഭാഗം പേരെയും മെക്‌സിക്കോയിലേക്കാണ് നാടുകടത്തിയത്. ഉഗാണ്ട, ഇക്വറ്റോറിയൽ ഗിനിയ, ലൈബീരിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലേക്കും ആളുകളെ അയച്ചിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ദക്ഷിണ സുഡാനിലേക്കും നാടുകടത്തലുകൾ നടന്നു. കുറ്റകൃത്യം, തട്ടിക്കൊണ്ടുപോകൽ, സായുധ സംഘർഷം തുടങ്ങിയ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ദക്ഷിണ സുഡാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അമേരിക്കൻ പൗരന്മാർക്കുള്ള മുന്നറിയിപ്പ് നിലനിൽക്കെയാണ് ഈ നാടുകടത്തൽ.
കുടിയേറ്റക്കാരെ നാടുകടത്തുന്നതിലെ പ്രധാന കാര്യങ്ങളിലൊന്നാണ് മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തലെന്നാണ് യുഎസ് നീതിന്യായ വകുപ്പ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. ചില ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും ഇതുവഴി രാജ്യത്തുനിന്ന് പുറത്താക്കാൻ കഴിയുമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. കോടതി വിധി നടപ്പാക്കിയാൽ വിവിധ രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ റദ്ദാക്കപ്പെടുമെന്നും നയതന്ത്ര ക്രമീകരണങ്ങളെയും യുഎസ് വിദേശനയത്തെയും ബാധിക്കാനും ഇടയാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
2025-ലാണ് ഈ കേസിന്റെ തുടക്കം. നാടുകടത്തൽ ഉത്തരവിൽ പറയുന്ന രാജ്യങ്ങളിലൊന്നിലേക്കും തിരിച്ചയക്കാൻ കഴിയാത്ത കുടിയേറ്റക്കാരെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആഭ്യന്തര സുരക്ഷാ വകുപ്പ് ശക്തമാക്കിയതോടെയാണ് കുടിയേറ്റാവകാശ സംഘടനകൾ കോടതിയെ സമീപിച്ചത്. ഇത്തരം രാജ്യങ്ങളിലേക്ക് അയക്കുന്നതിന് മുമ്പ് കുടിയേറ്റക്കാർക്ക് അറിയിപ്പ് നൽകണമെന്നും ആ രാജ്യങ്ങളിൽ നേരിടാനിടയുള്ള പീഡനങ്ങളെ കുറിച്ചുള്ള ആശങ്ക ഉന്നയിക്കാൻ അവസരം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
Content Highlights: The Trump administration approached the US Supreme Court seeking to overturn a lower court ruling that blocked deporting immigrants to third countries without allowing them to raise safety concerns.
Published: 25 Sept 2026, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented