
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ പുതുതായി നടപ്പിലാക്കിയ 'ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്' (കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക) നയത്തെത്തുടർന്ന് അതിർത്തി മേഖലകളിൽ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വൻ തിരക്ക്. നയം ഭരണപരമായ നടപടികളിലേക്ക് നീങ്ങിയതോടെ നോർത്ത് 24 പർഗാന, മാൾഡ ജില്ലകളിലെ അതിർത്തി പോയിന്റുകളിൽ നൂറുകണക്കിന് ആളുകളാണ് തിരിച്ചുമടങ്ങാനായി ഒത്തുകൂടുന്നത്.
നോർത്ത് 24 പർഗാനയിലെ ബസീർഹട്ട് സബ് ഡിവിഷനിലുള്ള ഹക്കിംപുർ ചെക്ക് പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ നൂറിലധികം ബംഗ്ലാദേശി പുരുഷന്മാരും സ്ത്രീകളും അതിർത്തി കടക്കാനെത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന ഇവർ, നാടുകടത്തൽ നടപടികളെക്കുറിച്ചും വിദേശികൾക്കായി ഹോൾഡിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുമുള്ള സർക്കാർ പ്രഖ്യാപനങ്ങളെത്തുടർന്നാണ് അതിർത്തിയിലേക്ക് പാഞ്ഞെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) പരിധിയിൽ വരാത്ത എല്ലാവരെയും നുഴഞ്ഞുകയറ്റക്കാരായി പരിഗണിക്കുമെന്നും അവരെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത് ബി.എസ്.എഫിന് കൈമാറുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. ഇത്തരക്കാരെ താൽക്കാലികമായി താമസിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ഹോൾഡിങ് സെന്ററുകൾ സ്ഥാപിക്കാൻ സർക്കാർ നീക്കം ആരംഭിച്ചു.
ബംഗാളിൽ ആദ്യമായി ഹോൾഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചത് മാൾഡ ജില്ലയിലാണ്. ഇംഗ്ലീഷ് ബസാർ ടൗണിലെ ചന്ദൻ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിൽ നിലവിൽ മൂന്ന് സ്ത്രീകളും ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടെ ഒൻപത് ബംഗ്ലാദേശി പൗരന്മാരെ പാർപ്പിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണവും പന്ത്രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങളാണ് ഈ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഗാസോൾ പോലീസ് സ്റ്റേഷൻ പരിധിയിലെ പാണ്ഡുവയിൽ നിന്നാണ് ഇവരെ പിടികൂടി ഈ കേന്ദ്രത്തിലേക്ക് മാറ്റിയത്.
രേഖകൾ പരിശോധിക്കാനും ദേശീയത സ്ഥിരീകരിക്കാനുമുള്ള താൽക്കാലിക ട്രാൻസിറ്റ് സൗകര്യമായാണ് ഈ ഹോൾഡിങ് സെന്ററുകൾ പ്രവർത്തിക്കുന്നത്. സംശയിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരെ 30 ദിവസംവരെ ഇവിടെ പാർപ്പിക്കാനും അവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്യാനും ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അധികാരമുണ്ടാകും. പഴയ നിയമങ്ങൾക്ക് പകരമായി വന്ന 'ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്‌സ് ആക്ട്, 2025' പ്രകാരം ഹെഡ് കോൺസ്റ്റബിൾ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെ തന്നെ സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടുണ്ട്. എന്നാൽ 2024 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്ക് ഈ നടപടികളിൽനിന്ന് കേന്ദ്രം ഇളവ് നൽകിയിട്ടുണ്ട്.
Content Highlights: West Bengal initiates 'detect, delete and deport' policy for illegal migrants in 2026.
Published: 27 May 2026, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented