വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവർത്തകനുമായ ചാർളി കിർക്കിന്റെ വധത്തെ ആഘോഷിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനം നടത്തിയ ആറ് പേരുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കി.

To advertise here,

അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ ഇവിടെ താമസിപ്പിക്കാൻ അമേരിക്കയ്ക്ക് ബാധ്യതയില്ലെന്ന് യുഎസ് ആഭ്യന്തര വകുപ്പ് 'എക്‌സ്' പോസ്റ്റിൽ പറഞ്ഞു.

കിർക്കിന്റെ വധത്തെ സ്വാഗതം ചെയ്ത വിദേശികളായ ആറു വിസ ഉടമകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ നേരത്തേ ആഭ്യന്തര വകുപ്പ് പങ്കുവെക്കുകയും വിസ റദ്ദാക്കുമെന്ന് സൂചന നൽകുകയും ചെയ്തിരുന്നു. സെപ്റ്റംബർ 10-ന് യൂട്ടായിലെ സർവകലാശാലാ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

വിസ റദ്ദാക്കപ്പെട്ട ആറ് പേർ അർജന്റീന, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ബ്രസീൽ, ജർമ്മനി, പരാഗ്വേ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. 'ചാർളി കിർക്കിന്റെ നിഷ്ഠൂരമായ കൊലപാതകം ആഘോഷിച്ച വിസ ഉടമകളെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.' പ്രസ്താവനയിൽ പറഞ്ഞു.

ഇവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തന്റെ വിസ റദ്ദാക്കിയതായി ദക്ഷിണാഫ്രിക്കൻ പൗരനായ ഹ്ലാമുലോ ബലോയി മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പങ്കുവെച്ച പോസ്റ്റുകളിലൊന്ന് താനാണ് എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. ആ പോസ്റ്റിൽ, 'കിർക്ക് ഒരു നായകനായി ഓർമ്മിക്കപ്പെടില്ല' എന്നും അദ്ദേഹത്തിന്റെ അനുയായികളെ 'ട്രെയിലർ ട്രാഷ്' എന്നും വിശേഷിപ്പിച്ചിരുന്നു.

കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം വിസ അപേക്ഷകളിൽ സോഷ്യൽ മീഡിയ പരിശോധന വിപുലീകരിക്കുകയും ആയിരക്കണക്കിന് വിദ്യാർത്ഥി വിസകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട് . ഈ വർഷം 6,000-ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾ റദ്ദാക്കിയിട്ടുണ്ട്.