വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയതിന് പിന്നിൽ ഇറാൻ യുദ്ധത്തിലെ അമേരിക്കൻ നയമാണെന്നാണ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്. എന്നാൽ യഥാർഥത്തിൽ അത് മാത്രമാണോ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് പിന്നിൽ? അല്ല, വെറും രണ്ട് വർഷങ്ങൾക്ക് മുൻപ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും പിന്തുണച്ചിരുന്ന അമേരിക്കൻ ജനത അത് തിരുത്തി മറ്റൊരു വിധിയെഴുതണമെങ്കിൽ അതിന് പിന്നിൽ അതിശക്തമായ മറ്റ് കാരണങ്ങളുണ്ട്. 

To advertise here,

ട്രംപ് നടപ്പിലാക്കിയ വൻതോതിലുള്ള ഇറക്കുമതി തീരുവ നയങ്ങളും ഉയർന്ന ജീവിതച്ചെലവുമാണ് ആ പ്രധാനപ്പെട്ട കാരണങ്ങൾ. താരിഫ് യുദ്ധം ആഹ്വാനം ചെയ്ത് ട്രംപ് ആഗോളപ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, നിത്യോപയോഗ സാധനങ്ങളും പലചരക്കും വാങ്ങാനുള്ള പണത്തിനായി പ്രതിദിനം രണ്ടു ലക്ഷത്തോളം അമേരിക്കക്കാർ പ്ലാസ്മ ദാനം ചെയ്യുന്ന അവസ്ഥ വരെയുണ്ടായി എന്ന് ചൂണ്ടിക്കാണിച്ചത് ടെക്‌സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് ആണ്. അത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വിദേശ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തി അമേരിക്കൻ വിപണിയെ സംരക്ഷിക്കാമെന്ന ട്രംപിന്റെ കണക്കുകൂട്ടൽ അമേരിക്കൻ ഉപഭോക്താക്കൾക്ക് തന്നെ വൻ സാമ്പത്തിക ഭാരമായി മാറുകയായിരുന്നു. ആ ബാധ്യതകൾക്ക് അമേരിക്കൻ ജനത പകരം ചോദിക്കുക തന്നെ ചെയ്തുവെന്നുവേണം കണക്കാക്കാൻ.

റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ സർവേ അനുസരിച്ച് 48% വോട്ടർമാരും ജീവിതച്ചെലവിനെയാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി കണ്ടത്. 49% ജനങ്ങളും ട്രംപ് അധികാരത്തിൽ വന്നതിനുശേഷം തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായതായി വ്യക്തമാക്കുന്നു. എന്നാൽ ഇതേ വിഷയങ്ങൾ മുൻനിർത്തിയാണ് സ്വന്തം ഭരണത്തിന്റെ വിലയിരുത്തലായി ട്രംപ് ഉയർത്തിക്കാട്ടിയ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകിയത്.

2025 ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി അധികാരത്തിലേറുന്നത്. അമേരിക്ക ഫസ്റ്റ് നയവുമായി ഏറ്റവും ആദ്യം പ്രഖ്യാപിച്ച നയമായിരുന്നു തീരുവനയം. 2025 ഏപ്രിലിൽ ട്രംപ് ഭരണകൂടം 10% തീരുവ പ്രഖ്യാപിച്ചു. അതായത് അമേരിക്കയിലേക്ക് സാധനങ്ങൾ ഇറക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും ചുരുങ്ങിയത് 10 ശതമാനം തീരുവ നൽകണമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. രാജ്യങ്ങൾക്കനുസരിച്ച് ഈ തീരുവ കൂടിയും കുറഞ്ഞുമിരുന്നു.

വിദേശ രാജ്യങ്ങളെക്കൊണ്ട് പണം നൽകിപ്പിക്കാനും യുഎസ് വിപണിയെ സംരക്ഷിക്കാനുമുള്ള ഒരു മാർഗ്ഗമായാണ് ട്രംപിന്റെ ഈ നീക്കം അമേരിക്കക്കാർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. വിശാലമായ അമേരിക്കൻ വിപണിയെ വിദേശശക്തികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും അമേരിക്കൻ വിപണിയെ സംരക്ഷിക്കാനുമാണ് ഈ തീരുമാനമെന്ന് ട്രംപ് വിശദീകരിച്ചു. എന്നാൽ ട്രംപ് ഉദ്ദേശിച്ചതിന് നേരെ വിപരീതമായ കാര്യമാണ് സംഭവിച്ചത് എന്നാണ് 'കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേൾഡ് ഇക്കണോമി'യുടെ പഠനം സൂചിപ്പിക്കുന്നത്. 

നിർണായക ശക്തിയായി ഇന്ത്യയും

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ കാര്യവും ശ്രദ്ധേയമാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 26 ശതമാനം 'റെസിപ്രോക്കൽ' തീരുവയാണ് ട്രംപ് ഭരണകൂടം ആദ്യം ഏർപ്പെടുത്തിയത്. പിന്നീട് ഇത് 25 ശതമാനമായി കുറച്ചു. പിന്നീട് റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി ക്രൂഡ് ഓയിൽ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് മാസത്തിൽ ട്രംപ് 25 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ, ഇന്ത്യയിൽ നിന്നുള്ള പല ഇറക്കുമതി ഉൽപന്നങ്ങൾക്കും മേലുള്ള ആകെ യുഎസ് തീരുവ 50 ശതമാനമായി ഉയർന്നു.

പ്രത്യക്ഷത്തിൽ ഇന്ത്യയ്ക്കുള്ളതായിരുന്നു ട്രംപിന്റെ തിരിച്ചടിയെങ്കിലും ഇതിന്റെ യഥാർഥ ഭാരം പേറിയത് അമേരിക്കൻ ജനതയായിരുന്നു. ജർമ്മനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വേൾഡ് ഇക്കണോമി നടത്തിയ പഠനമനുസരിച്ച് ട്രംപിന്റെ തീരുവ ഭാരത്തിന്റെ 4 ശതമാനം മാത്രമാണ് അമേരിക്കയിലേക്കുള്ള കയറ്റുമതിക്കാർക്ക് വഹിക്കേണ്ടി വന്നത്. ബാക്കി 96 ശതമാനം സാമ്പത്തിക ഭാരവും ഇറക്കുമതി ചെയ്യുന്ന കമ്പനികളിലൂടെ അമേരിക്കൻ ഉപഭോക്താക്കളിലേക്കും വ്യാപാരികളിലേക്കുമാണ് കൈമാറ്റം ചെയ്യപ്പെട്ടത്.

വലിയ വില കൊടുത്ത് സാധനങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവന്ന അമേരിക്കൻ കമ്പനികൾ സാധനങ്ങളുടെ വില കുത്തനെ കൂട്ടി. കടകളിൽ എത്തിയപ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് ഈ സാധനങ്ങൾ വലിയ വില കൊടുത്ത് വാങ്ങേണ്ടി വന്നു. വിദേശ സാധനങ്ങൾക്ക് വില കൂടിയപ്പോൾ അമേരിക്കയിൽ തന്നെയുള്ള പ്രാദേശിക കമ്പനികളും അവരുടെ ലാഭം കൂട്ടാനായി സാധനങ്ങളുടെ വില വർധിപ്പിച്ചു. ഇതിനാൽ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടാതായി. വിലക്കയറ്റത്തിലൂടെ ഇത് അമേരിക്കൻ ജനതയുടെ ജീവിതച്ചെലവ് പണ്ടെങ്ങുമില്ലാത്തവിധം ഉയർത്തി. ഇതിലൂടെ 2025-ൽ യു.എസ് കസ്റ്റംസ് നികുതി വരുമാനം 200 ബില്യൺ ഡോളറോളം ഉയർന്നുവെങ്കിലും ഇത് അമേരിക്കക്കാർക്ക് മേലുള്ള ഒരു ഉപഭോഗ നികുതിയായി (Consumption tax) മാറുകയായിരുന്നു.

അമേരിക്കൻ വിപണിക്ക് തിരിച്ചടി കിട്ടിയ ഈ താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണ്. അതായത് നികുതി വർധിപ്പിച്ചപ്പോൾ കൂടിയ നികുതിയിൽ കയറ്റുമതി ചെയ്യുകയല്ല ഇന്ത്യ ചെയ്തത്, പകരം കയറ്റുമതി തന്നെ കുറയ്ക്കുകയാണുണ്ടായത്. ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയിലുടനീളം പ്രതിഫലിച്ചു. ചില പ്രത്യേക ഉത്പന്നങ്ങളുടെ വിതരണവും ലഭ്യതയും പാടെ കുറഞ്ഞു. ഇറക്കുമതിക്കാർക്ക് കൂടുതൽ പണം നൽകേണ്ടി വന്നു. വ്യാപാരികൾക്ക് ചെലവ് വർധിച്ചു. ഇത് വിപണിവിലയേയും ഉപഭോക്താക്കളെ, അതായത് അമേരിക്കൻ ജനതയെ അപ്പാടെ വിലക്കയറ്റത്തിന്റെ രൂപത്തിൽ ബാധിക്കുകയും ചെയ്തു.

അമേരിക്കയിലെ വസ്ത്ര ഇറക്കുമതിയുടെ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നാണ്. കൂടാതെ ലോകത്തിലെ ഡയമണ്ട് പോളിഷിംഗിന്റെ 90 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. തീരുവ ഉയർന്നതോടെ ബസ്മതി അരി, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സുകൾ എന്നിവയ്ക്ക് അമേരിക്കൻ വിപണിയിൽ വില വർധിക്കുകയും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറയുകയും ചെയ്തു. ഇന്ത്യ മാത്രമല്ല, അമേരിക്ക ഇറക്കുമതിക്കായി ആശ്രയിച്ചിരുന്ന പലരാജ്യങ്ങളും ഇതേനിലപാടാണ് സ്വീകരിച്ചുവന്നിരുന്നത്. കീൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

എന്നാൽ തീരുവ മാത്രമല്ല, റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നിലുള്ളത്. റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് പ്രതികരിക്കുന്നത് ഇങ്ങനെ, കാൻസാസിൽ 30.6 ശതമാനം വോട്ടർമാരെയും ഏറ്റവും കൂടുതൽ അലട്ടിയത് ജീവിതച്ചെലവ്, ഊർജ്ജ പ്രതിസന്ധി, പലചരക്ക് സാധനങ്ങളുടെ വില എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. 18.5 ശതമാനം പേർ അഴിമതിയെ പ്രധാന വിഷയമായി ചൂണ്ടിക്കാട്ടിയപ്പോൾ, 10.1 ശതമാനം പേർ ഇറാൻ യുദ്ധത്തിന്റെ ചെലവിനെയാണ് ഒരു പ്രധാന പ്രശ്‌നമായി കണ്ടത്. അതിലേക്ക് തീരുവ പ്രധാനകാരണമായി മാറുകയായിരുന്നു.

സാധാരണനിലയിൽ ഇടക്കാല തിരഞ്ഞെടുപ്പ് എന്നാൽ അമേരിക്ക പ്രസിഡന്റുമാർക്ക് അടുത്ത തിരഞ്ഞെടുപ്പിന്റെ ട്രയൽ റൺ കൂടിയാണ്. ട്രംപും അങ്ങനെതന്നെയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്റെ ഭരണനേട്ടങ്ങളെ വിലയിരുത്താൻ പ്രസിഡന്റ് തന്നെ വോട്ടർമാരോട് ആവശ്യപ്പെടുകയായിരുന്നു. അവർ അത് ചെയ്യുകയും ചെയ്തു.