
വാഷിങ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട പരാജയം തനിക്കുള്ള പ്രഹരമല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാന് എതിരായ സൈനിക നടപടികളെ ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായി ഉയർന്ന പെട്രോൾ വിലയും താൽക്കാലിക സാമ്പത്തിക ഭാരവും താങ്ങാൻ ജനങ്ങൾ തയ്യാറാകാതിരുന്നതാണ് തോൽവിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്വം സ്ഥാനാർഥികൾക്കാണെന്നും താനായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കിൽ പാർട്ടി വൻ വിജയം നേടുമായിരുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ തോൽവിയുടെ വ്യാപ്തി അപ്രതീക്ഷിതമായിരുന്നുവെന്ന് ട്രംപ് സമ്മതിച്ചു.
തിരഞ്ഞെടുപ്പിനുമുന്നോടിയായി സ്ഥാനാർഥികൾക്കായി ട്രംപ് നേരിട്ട് പ്രചാരണത്തിനിറങ്ങുകയും വിവാദ സ്ഥാനാർഥികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗംപേരും പരാജയപ്പെട്ടു. 2024-ൽ ട്രംപ് വിജയിച്ച ടെക്സസ്, സൗത്ത് കരോളിന തുടങ്ങിയ സംസ്ഥാനങ്ങളിൽ അദ്ദേഹം പിന്തുണച്ച കെൻ പാക്സ്റ്റൺ, ഡാർലിൻ ഗ്രഹാം എന്നിവർ പരാജയപ്പെട്ടത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായി. നോർത്ത് കരോളിനയിൽ ട്രംപ് പിന്തുണച്ച മൈക്കൽ വാറ്റ്‌ലി, മുൻ ഗവർണറും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ റോയ് കൂപ്പറിനോടാണ് പരാജയപ്പെട്ടത്.
സെനറ്റിലും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെ യുഎസിലെ ഭരണാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. സെനറ്റ് ഭൂരിപക്ഷം ഉപയോഗിച്ച് പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ തടയാനും കോൺഗ്രസ് സമിതികൾ വഴി അന്വേഷണങ്ങൾ നടത്താനും ഡെമോക്രാറ്റുകൾക്ക് സാധിക്കും. എന്നാൽ, തനിക്കെതിയുള്ള നീക്കങ്ങൾക്കുമേൽ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Trump denied that the Republican election setbacks were a personal blow to him., He attributed the defeat to the temporary economic burden of high fuel prices stemming from military actions against Iran., Democrats secured majorities in both the Senate and the House of Representatives., Trump claimed he would have secured a landslide victory if he were personally running in the race.
Published: 04 Nov 2026, 02:31 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented