വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ പോർവിമാനത്തിലെ പൈലറ്റിനെ അതിസാഹസികമായ രാത്രികാല ദൗത്യത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി. ശത്രുരാജ്യത്തിന്റെ മണ്ണിൽ അകപ്പെട്ടുപോയ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനെയാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ പുറത്തെത്തിച്ചത്. ദൗത്യം വിജയകരമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഈ രക്ഷാപ്രവർത്തനത്തിനിടെ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

To advertise here,

കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത എഫ്-15ഇ യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ രക്ഷപ്പെട്ടത്. വിമാനത്തിലെ വെപ്പൺസ് സിസ്റ്റം ഓഫീസറായിരുന്നു ഇദ്ദേഹം. ആദ്യ പൈലറ്റിനെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും രണ്ടാമത്തെ ദൗത്യത്തെ ബാധിക്കുമെന്ന ഭയത്താൽ അത് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാന്റെ ദുർഘടമായ പർവതനിരകളിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്നും ഇത്തരത്തിൽ രണ്ട് പൈലറ്റുമാരെ വെവ്വേറെ രക്ഷപ്പെടുത്തുന്നത് സൈനിക ചരിത്രത്തിൽ ഇതാദ്യമാണെന്നും ട്രംപ് വ്യക്തമാക്കി.

പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും അത്യാധുനിക ആയുധങ്ങളും വിമാനങ്ങളും ശത്രുക്കളുടെ കയ്യിൽ അകപ്പെടാതിരിക്കാൻ അമേരിക്കയ്ക്ക് സ്വന്തം വിമാനങ്ങൾ തന്നെ തകർക്കേണ്ടി വന്നു. ദൗത്യത്തിനിടെ രണ്ട് എംസി-130ജെ (MC-130J) ട്രാൻസ്പോർട്ട് വിമാനങ്ങൾ സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിപ്പോയതിനെ തുടർന്ന് അവ സ്ഫോടനത്തിലൂടെ നശിപ്പിക്കുകയായിരുന്നു. ഇറാനിൽ നിന്ന് പിൻവാങ്ങുന്നതിനിടെ ഈ വിമാനങ്ങൾ ഉപേക്ഷിക്കാൻ സൈന്യം നിർബന്ധിതരായതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

രക്ഷപ്പെടുത്തിയ കേണലിന് പരിക്കേറ്റെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദൗത്യത്തിനായി മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് അമേരിക്ക അയച്ചിരുന്നതെന്ന് ട്രംപ് വെളിപ്പെടുത്തി.

അമേരിക്കയുടെ ഈ 'വിജയത്തെ' ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫ് പരിഹസിച്ചു. തകർന്നു കിടക്കുന്ന വിമാനങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഇത്തരം മൂന്ന് വിജയങ്ങൾ കൂടി ഉണ്ടായാൽ അമേരിക്ക പൂർണ്ണമായും തകരുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ശത്രുവിന്റെ കയ്യിൽ ആധുനിക യുദ്ധവിമാനങ്ങൾ എത്താതിരിക്കാനാണ് തങ്ങൾ അവ നശിപ്പിച്ചതെന്ന വാദത്തെ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.

യുഎസ് വിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടതായാണ് ഇറാന്റെ അവകാശവാദം. കൂടുതൽ യുഎസ് വിമാനങ്ങൾ ദൗത്യത്തിനിടെ തകർക്കപ്പെട്ടിട്ടുണ്ടെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ(ഐആർജിസി) അവകാശപ്പെടുന്നു. ഒരു സി-130 ട്രാൻസ്പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. വിവിധ സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലൂടെയാണ് ശത്രുവിമാനങ്ങളെ തകർത്തതെന്നാണ് ഇറാന്റെ പക്ഷം.

നിലവിലുള്ള കണക്കുകൾ പ്രകാരം ഈ യുദ്ധത്തിൽ ഇതുവരെ ഏഴോളം അമേരിക്കൻ വിമാനങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം ഒരു എഫ്-15 വിമാനവും എ-10 വിമാനവും ഇറാന്റെ വ്യോമാക്രമണത്തിൽ വീണിരുന്നു. ഇറാൻ ഇപ്പോൾ ഉന്നയിക്കുന്ന പുതിയ അവകാശവാദങ്ങൾ കൂടി ശരിയാണെന്ന് വരികയാണെങ്കിൽ, അമേരിക്കയുടെ വിമാന നഷ്ടം രണ്ടക്ക സംഖ്യയിലെത്തും. 

ഇറാഖ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശത്രുരാജ്യത്തുവെച്ച് യുഎസ് യുദ്ധവിമാനം തകർക്കപ്പെടുന്നത്. 2003 ഏപ്രിലിൽ ഇറാഖ് മിസൈൽ ആക്രമണത്തിൽ യുഎസിന്റെ എ-10 തണ്ടർബോൾട്ട് -2 വിമാനം തകർന്നിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് യുഎസിന് യുദ്ധവിമാനം ശത്രുരാജ്യത്ത് വെച്ച് നഷ്ടപ്പെടുന്നത്. 

അമേരിക്കൻ സൈന്യം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രധാനമായും ഗറില്ലാ യുദ്ധമുറകൾ സ്വീകരിക്കുന്ന ഗ്രൂപ്പുകളോടാണ് പോരാടിയിരുന്നത്. അത്തരം ഗ്രൂപ്പുകൾക്ക് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തത് യുഎസിന് വ്യോമ മേധാവിത്വം നൽകിയിരുന്നു.