
മോസ്ക്കോ: റഷ്യയുടെ വ്യോമതാവളത്തിനുനേരെ ഞായറാഴ്ച യുക്രൈന് നടത്തിയ ഡ്രോണാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്താന്‍ യുക്രൈന് മാസങ്ങളോളം ആസൂത്രണം നടത്തിയതായും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകർത്തതായാണ് യുക്രൈന് അവകാശപ്പെടുന്നത്. യുക്രൈന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചിട്ടുമുണ്ട്.
സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്(എസ്ബിയു) ആണ് റഷ്യന്‍ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്. യുക്രൈനിലെ വാര്‍ത്താ ഏജന്‍സിയായ ആര്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 18 മാസത്തോളം എസ്ബിയു ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത്. ട്രക്കുകളുടെ പുറകില്‍ വിദഗ്ധമായി ഡ്രോണുകള്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. റിമോട്ട് കണ്ട്രോള്ഡ് റൂഫ് ഉപയോഗിച്ച് ഡ്രോണുകളെല്ലാം മറച്ചുവെച്ചു. പിന്നാലെ വ്യോമതാവളത്തിനടുത്ത് ട്രക്ക് നിലയുറപ്പിക്കുകയും ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. റഷ്യന്‍ യുദ്ധ വിമാനങ്ങൾ തിരിച്ചറിയാനായി നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളടക്കം തകര്‍ത്തതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന് സുരക്ഷാ ഏജന്‍സികളുടെ അവകാശവാദം. ടിയു-22 എം3 ക്ക് 40 മില്ല്യണ്‍ ഡോളറും ടിയു-95 വിമാനത്തിന് 30 മില്ല്യണ്‍ ഡോളറുമാണ് വില. അതേസമയം വിമാനങ്ങളെ കൂടാതെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുക്രൈന് തകര്‍ത്തതായും വിവരമുണ്ട്. റഷ്യന്‍ വ്യോമപ്രതിരോധത്തിലെ നിര്‍ണായകശക്തിയാണ് എ-50 പോലുള്ള ഈ സംവിധാനങ്ങള്‍. ഏകദേശം 350 മില്ല്യൺ ഡോളര്‍ ചെലവുവരുന്നതാണിത്. ഇതടക്കം തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് റഷ്യക്ക് കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ടെന്നുറപ്പാണെന്ന് വിദഗ്ദർ പറയുന്നു. അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം സ്ഥിരീകരിച്ച റഷ്യ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അറിയിച്ചിട്ടുണ്ട്.
ഒലെന്യ വ്യോമതാവളത്തിന് സമീപം സ്ഫോടനശബ്ദങ്ങള് കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യക്കുനേരെ യുക്രൈന് നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.
Content Highlights: Ukraine launches drone attack Russian airbases military aircraft
Published: 01 Jun 2025, 10:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented