ക്വീവ്: ചെലവുകുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യയുടെ രണ്ട് പാലങ്ങള്‍ തകര്‍ത്ത് യുക്രൈന്‍ സൈന്യം. റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ പാലമാണ് തകര്‍ത്തത്. യുക്രൈന്‍ സൈന്യം മുന്നോട്ടുവന്നാല്‍ തകര്‍ക്കാനായി റഷ്യന്‍ സൈന്യം ഈ പാലങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നു. പാലങ്ങളില്‍ ഒളിപ്പിച്ചുവെച്ച മൈനുകളുടെയും വെടിക്കോപ്പുകളുടെയും ശേഖരമാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തതെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. 

To advertise here,

തങ്ങള്‍ മുന്നോട്ടുവന്നാല്‍ അപകടത്തില്‍പ്പെടുത്തുകയായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യമെന്നും എന്നാല്‍, യുക്രൈന്‍ ആ പദ്ധതി അവര്‍ക്കെതിരേ തന്നെ തിരിച്ചുവിട്ടെന്നും യുക്രൈന്‍ പ്രതിനിധി സിഎന്‍എന്നിനോട് പറഞ്ഞു. യുക്രൈന്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ തുണികൊണ്ട് മൂടിയ ആന്റി ടാങ്ക് മൈനുകളുടെയും വെടിക്കോപ്പുകളുടെയും ശേഖരം കാണിച്ചുകൊണ്ട് ഒരു ഡ്രോണ്‍ പാലത്തിനടിയിലൂടെ പറക്കുന്നത് കാണാം. തുടര്‍ന്ന് ഡ്രോണ്‍ ഈ ശേഖരത്തിലേക്ക് ഇടിച്ചിറങ്ങി വലിയ സ്‌ഫോടനം നടത്തുകയാണ്. പിന്നാലെ മറ്റൊരു ഡ്രോണ്‍ മൈനുകള്‍ സ്ഥാപിച്ച മറ്റൊരു പാലവും ലക്ഷ്യംവെച്ചെന്നും യുക്രൈന്‍ വ്യക്തമാക്കുന്നു. 

ഒരു ഡ്രോണിന് 600 മുതല്‍ 725 ഡോളര്‍ വരെയാണ് ചെലവെന്ന് യുക്രൈന്‍ വ്യക്തമാക്കുന്നു. മുന്‍പ് ഉപയോഗിച്ചിരുന്ന പതിനായിരക്കണക്കിന് ഡോളര്‍ വിലവരുന്ന റോക്കറ്റുകളെ അപേക്ഷിച്ച് ചെറിയ വിലയാണ് ഈ ഡ്രോണുകള്‍ക്കുള്ളത്. റഷ്യയുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്കിടെ രണ്ട് നിര്‍ണായക പാലങ്ങള്‍ തകര്‍ത്ത് തിരിച്ചടി കൊടുക്കാനായത് യുക്രൈനെ സംബന്ധിച്ച് വലിയ ഊര്‍ജമാണ് നല്‍കുക. ചെലവുകുറഞ്ഞ ഡ്രോണുകളുപയോഗിച്ച് റഷ്യയെ പ്രതിരോധിക്കാനായെന്നതും നേട്ടമായി. ഡ്രോണ്‍ ആക്രമണങ്ങളാണ് യുക്രൈന്‍ പ്രത്യാക്രമണത്തിന്റെ പ്രധാന തന്ത്രമായി ഉപയോഗിക്കുന്നത്.

കഴിഞ്ഞദിവസം യുക്രൈന്‍ നാവികസേനാ നിരീക്ഷണക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യ തകര്‍ത്തിരുന്നു. ഒരു ദശാബ്ദത്തിനിടെ യുക്രൈന്‍ കമ്മിഷന്‍ ചെയ്ത ഏറ്റവുംവലിയ കപ്പലെന്ന് കരുതപ്പെടുന്ന നാവികസേനയുടെ സിംഫെറോപോള്‍ എന്ന കപ്പലാണ് ആക്രമണത്തില്‍ തകര്‍ന്നതായി റഷ്യ പറയുന്നത്. ഡാന്യൂബ് നദിയുടെ ഡെല്‍റ്റയില്‍വെച്ച് കടല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് കപ്പല്‍ തകര്‍ത്തത്. ഇതിന്റെ ഒരുഭാഗം യുക്രൈനിലെ ഒഡെസ മേഖലയിലാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.