
ലണ്ടൻ: ബ്രിട്ടനിൽ ബ്രെക്‌സിറ്റോടെ ആരംഭിച്ച രാഷ്ട്രീയഭൂചലനം ഇതുവരെ അവസാനിച്ചിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യം ആറു പ്രധാനമന്ത്രിമാരെ കണ്ടു. ഡേവിഡ് കാമറോൺ, തെരേസ മേയ്, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക്, കെയ്ർ സ്റ്റാമർ. ഏഴാമനായുള്ള കാത്തിരിപ്പിലാണ് രാജ്യം.
യൂറോപ്യൻ യൂണിയൻ വിടുന്നതിനുവേണ്ടി (ബ്രെക്‌സിറ്റ്) 2016-ൽ ബ്രിട്ടനിൽ നടന്ന ജനഹിതപരിശോധനയോടെയാണ് രാഷ്ട്രീയ പ്രതിസന്ധികളാരംഭിച്ചത്. ബ്രെക്‌സിറ്റിനെത്തുടർന്ന് പ്രധാനമന്ത്രി കാമറോൺ രാജിവെച്ചതോടെ മേയ് അധികാരത്തിലെത്തി. ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ പാസാക്കുന്നതിൽ നേരിട്ട തിരിച്ചടികൾ മേയെ സ്ഥാനമൊഴിയാൻ നിർബന്ധിതയാക്കി.
തുടർന്ന് അധികാരത്തിലെത്തിയ ജോൺസൺ 2019-ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. എന്നാൽ, കോവിഡ് മഹാമാരിക്കാലത്തുയർന്ന വിവാദങ്ങളും പാർട്ടിഗേറ്റ് ആരോപണങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ നിറംകെടുത്തി. 2022-ൽ അദ്ദേഹം രാജിവെച്ചു. അടുത്ത ഊഴം ലിസ് ട്രസിന്റെതായിരുന്നു. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിയായി അവരും പടിയിറങ്ങി. സാമ്പത്തിക നയങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളെത്തുടർന്ന് വെറും 45 ദിവസത്തിനകം അവർക്ക് രാജിവെക്കേണ്ടിവന്നു. പിന്നീട് ഇന്ത്യൻ വംശജനായ ഋഷി സുനക് അധികാരമേറ്റെങ്കിലും സാമ്പത്തിക വെല്ലുവിളികൾ, കുടിയേറ്റപ്രശ്‌നങ്ങൾ, ജനപ്രീതിയിലെ ഇടിവ് എന്നിവ അദ്ദേഹത്തിന്റെ ഭരണത്തെയും സമ്മർദത്തിലാക്കി. സുനക്കിന്റെ പിൻഗാമിയായി 2024 ജൂലായിലാണ് 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് കെയ്ർ സ്റ്റാമറുടെ ലേബർ സർക്കാർ അധികാരത്തിലെത്തുന്നത്.
സ്റ്റാമർക്കേറ്റ തിരിച്ചടികൾ
മേയിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് സ്റ്റാമറിനെതിരേ പാർട്ടിയിൽ എതിർവികാരം ശക്തമാകാൻ കാരണം.
തിരഞ്ഞെടുപ്പിനു മുൻപ് വാഗ്ദാനംചെയ്ത സാമ്പത്തികപുരോഗതി കൈവരിക്കാനായില്ലെന്നതും ജനപ്രീതി ഇടിച്ചു. നികുതി-ക്ഷേമ ആനുകൂല്യങ്ങളിലെ ജനദ്രോഹപരമായ നയംമാറ്റം തിരിച്ചടിയായി. ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ അടുപ്പക്കാരൻ പീറ്റർ മണ്ടേൽസനെ യു.എസിലെ ബ്രിട്ടീഷ് സ്ഥാനപതിയാക്കിയതുമായി ബന്ധപ്പെട്ടും വിവാദം കത്തിപ്പടർന്നു.
Content Highlights: Analysis of UK political instability since the 2016 Brexit referendum., Overview of the six Prime Ministers between 2014 and 2024., Evaluation of Keir Starmer's government performance post-2024 election., Impact of economic policies and recent controversies on Labour Party popularity.
Published: 23 Jun 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented