ലണ്ടൻ: പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള കെയ്ർ സ്റ്റാർമറുടെ രാജിക്ക് പിന്നാലെ ലേബർ പാർട്ടി നേതാവായ ആൻഡി ബേൺഹാം സ്ഥാനത്തേക്ക് എത്തുമെന്ന് സൂചനകൾ. ലേബർ പാർട്ടി അധികാരത്തിൽ തുടരുകയാണെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക് ആൻഡി എത്തുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

To advertise here,

മുൻപ് ക്യാബിനറ്റ് മന്ത്രിയായും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായും സേവനമനുഷ്ഠിച്ച ബേൺഹാമിന് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ട്. വടക്കൻ ഇംഗ്ലണ്ടിന്റെ താൽപര്യങ്ങൾക്കായി നിലകൊണ്ടതിലൂടെ 'കിംഗ് ഓഫ് ദി നോർത്ത്' എന്ന വിളിപ്പേര് അദ്ദേഹം സമ്പാദിച്ചു. പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാർമറുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള വലിയ സാധ്യതയാണ് നിലവിലുള്ളത്. കെയ്ർ സ്റ്റാർമർ രാജിവെച്ച പ്രധാനമന്ത്രി സ്ഥാനവും ലേബർ പാർട്ടി നേതൃത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

1970 ജനുവരിയിൽ ലിവർപൂളിലാണ് ആൻഡി ബേൺഹാം ജനിച്ചത്. 15-ാം വയസ്സിൽ ലേബർ പാർട്ടിയിൽ ചേർന്ന അദ്ദേഹം, കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. 2001-ലാണ് അദ്ദേഹം ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ എന്നിവരുടെ സർക്കാരുകളിൽ ആഭ്യന്തരം, ട്രഷറി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ അദ്ദേഹം പ്രധാന പദവികൾ വഹിച്ചു. 2008-ൽ കൾച്ചർ സെക്രട്ടറിയായും 2009-ൽ ഹെൽത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

2017-ൽ പാർലമെന്റ് വിട്ട അദ്ദേഹം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മേയറായി ചുമതലയേറ്റു. ഈ കാലയളവിൽ ഗതാഗതം, പാർപ്പിടം, തൊഴിൽ തുടങ്ങിയ മേഖലകളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു. കോവിഡ്-19 കാലത്ത് വടക്കൻ ഇംഗ്ലണ്ടിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾ കാരണം 'കിംഗ് ഓഫ് ദ നോർത്ത്' എന്ന വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചു.

2026-ൽ മേക്കർഫീൽഡിൽനിന്നുള്ള എം.പി.യായി അദ്ദേഹം വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുമുമ്പ് 2010-ലും 2015-ലും ലേബർ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ, ലേബർ പാർട്ടിയെ നയിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. വെസ് സ്ട്രീറ്റിംഗിനെപ്പോലെയുള്ള പ്രമുഖ നേതാക്കളുടെ പിന്തുണയും ആൻഡി ബേൺഹാമിനുണ്ട്.