ലണ്ടൻ: യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ഇന്ന് സ്ഥാനമേൽക്കും. ജനപ്രീതി നഷ്ടപ്പെട്ടതിനെ തുടർന്ന് കെയ്ർ സ്റ്റാർമർ രാജിവച്ച സാഹചര്യത്തിലാണ് മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ബേൺഹാം ബ്രിട്ടന്റെ അമരത്തെത്തുന്നത്. പത്ത് വർഷത്തിനിടെ ബ്രട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ചാൾസ് രാജാവ് സ്റ്റാർമറുടെ രാജി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പടിയിറക്കം ഔദ്യോഗികമായി. ചാൾസ് രാജാവിൽനിന്ന് ആൻഡി ബേൺഹാം സ്ഥാനം ഏറ്റെടുക്കും.
വെള്ളിയാഴ്ച്ച ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവായി ബേൺഹാമിനെ തിരഞ്ഞെടുത്തിരുന്നു. 2016-ന് ശേഷം ബ്രിട്ടണിലെ ഏഴാമത്തെ പ്രധാനമന്ത്രിയാണ് ബേൺഹാം. രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി നേതൃമാറ്റങ്ങൾ ഉണ്ടായ കാര്യത്തെ കുറിച്ച് ബോധവാനാണ് ബേൺഹാം എന്നും രാജ്യത്തിന് സ്ഥിരത തിരികെ കൊണ്ടുവരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
രണ്ടുവർഷം മുമ്പ് അധികാരമേറ്റപ്പോൾ സ്റ്റാർമറും സമാനമായ വാഗ്ദാനമാണ് നൽകിയിരുന്നത്. എന്നാൽ, തീരുമാനങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും പാർട്ടിയുടെയും പൊതുജനങ്ങളുടെയും പിന്തുണ നഷ്ടപ്പെടാൻ കാരണമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തിന് രാജി പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.
ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഏക സ്ഥാനാർഥിയായിരുന്നു ബേൺഹാം. ഹൗസ് ഓഫ് കോമൺസിലെ 403 ലേബർ എംപിമാരിൽ 379 പേരുടെ പിന്തുണ അദ്ദേഹം നേടി.
ബക്കിങ്ഹാം കൊട്ടാരത്തിലെത്തി സ്റ്റാർമർ രാജി സമർപ്പിച്ചതിന് പിന്നാലെ കൊട്ടാരത്തിലെത്തുന്ന ആൻഡി ബേൺഹാമിനോട് പുതിയ സർക്കാർ രൂപീകരിക്കാൻ രാജാവ് ആവശ്യപ്പെടും. ഇതിനുശേഷമാകും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ബേൺഹാമിന്റെ ആദ്യ പ്രധാനമന്ത്രി പ്രസംഗം. ധനമന്ത്രി സ്ഥാനത്തുനിന്ന് മാറിയ റെയ്ച്ചൽ റീവ്‌സിന് പകരക്കാരനടക്കമുള്ള പുതിയ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും ഇന്നുതന്നെ ഉണ്ടാകും
അധികാരത്തിലേറുന്നതിന് തൊട്ടുമുൻപ് തന്നെ പ്രധാന തീരുമാനങ്ങളുമായി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാർമർ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന, 1.8 ബില്യൺ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഐഡി പദ്ധതി അദ്ദേഹം റദ്ദാക്കി. ഈ തുക ജീവിതച്ചെലവ് കുറയ്ക്കുന്നതുപോലെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം.
എന്നാൽ, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, ഉയർന്ന കടമെടുപ്പ്, കുടിയേറ്റ പ്രശ്‌നങ്ങൾ, രാജ്യാന്തര തലത്തിലെ ഊർജ്ജ വിലക്കയറ്റം എന്നിവ ബേൺഹാമിന് മുന്നിൽ വലിയ പ്രതിസന്ധിയായി തുടരും. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മൂന്ന് വർഷം മാത്രം ബാക്കിനിൽക്കെ, പാർട്ടിക്കും രാജ്യത്തിനും കാര്യങ്ങൾ ശരിയാക്കാനുള്ള 'അവസാന അവസരമാണിത്' എന്നാണ് ബേൺഹാം സ്വന്തം അനുഭാവികളോട് വ്യക്തമാക്കിയത്.
Content Highlights: Andy Burnham appointed as the new UK Prime Minister following Keir Starmer's resignation., Cancellation of the controversial £1.8 billion digital ID project., Focus on restoring stability and addressing cost-of-living concerns., Cabinet reshuffle expected immediately following the official appointment.
Published: 20 Jul 2026, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented