
ബംഗ്ലാദേശില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇടക്കാലസര്‍ക്കാരിന്റെ മേധാവി മുഹമ്മദ് യൂനുസ്. 2026-ലെ റംസാന് മുന്‍പ് ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പു നടത്താന്‍ ആവശ്യമായ സജ്ജീകരണം ചെയ്യാന്‍ ഇടക്കാലസര്‍ക്കാരിനുവേണ്ടി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ക്ക് താന്‍ കത്തെഴുതുമെന്നാണ് മുഹമ്മദ് യൂനുസ് പറഞ്ഞത്. 'ഞങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാരിന് അധികാരം കൈമാറുക എന്നതാണ് അത്. ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കാനും നീതിയുക്തവും സുഗമവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും.'- മുഹമ്മദ് യൂനുസ് പറഞ്ഞു.
2024 ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച പ്രക്ഷോഭത്തിനുശേഷം, രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കുടുങ്ങിക്കിടക്കുന്ന ബംഗ്ലാദേശില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ പുറത്താക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് യൂനുസ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിനുശേഷം ബംഗ്ലാദേശില്‍ നടക്കാന്‍പോകുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഫെബ്രുവരിയിലേത്. 2026 ഏപ്രിലില്‍ തിരഞ്ഞെടുപ്പു നടത്തുമെന്നാണ് യൂനുസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, അത് നേരത്തെയാക്കണമെന്ന് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പുവരെ സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസ് തുടരും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്ഥാനമൊഴിയും.

ബംഗ്ലാദേശില്‍ സംഭവിച്ചത്
ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന വ്യക്തിയായിരുന്നു ഷെയ്ഖ് ഹസീന. 17.5 കോടി ജനസംഖ്യയുള്ള രാജ്യത്ത് അവര്‍ 15 വര്‍ഷമാണ് ഭരണത്തിലിരുന്നത്. അവരുടെ കീഴില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചെങ്കിലും ഏകാധിപത്യ സ്വഭാവമുള്ള ഭരണത്തില്‍ ജനങ്ങളില്‍ ഒരു വിഭാഗവും എതിരാളികളും അസംതൃപ്തരായിരുന്നു. അനുയായികള്‍ക്ക് അവര്‍ 'ഉരുക്കുവനിത'യാണ്, ബംഗ്ലാദേശിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ച പ്രധാനമന്ത്രി. പക്ഷേ വിമര്‍ശകര്‍ക്ക് അവര്‍ 'ഏകാധിപതി'യാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണാധികാരി. ഹസീനയുടെ ഭരണകാലത്തിനെതിരേ ഉടലെടുത്ത എല്ലാതരം പ്രതിഷേധങ്ങളേയും അവര്‍ ആയുധമെടുത്ത് തന്നെ അടിച്ചമര്‍ത്തി. പ്രതിപക്ഷത്തെ നേതാക്കളില്‍ പലരും ജയിലിയായി. അതിനാല്‍ തന്നെ ശൈഖ് ഹസീനയ്ക്ക് എതിരായ വികാരം ബംഗ്ലാദേശില്‍ വ്യാപകമായിരുന്നു. അവരുടെ ഇന്ത്യാ അനുകൂല നിലപാടും വിമര്‍ശിക്കപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരേ അസ്വസ്ഥത പുകയുന്ന ഘട്ടത്തിലാണ് സംവരണ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
2024 ജൂലായ് ഒന്നിനാണ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ പൊതുമേഖലാ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഹസീനയെ സ്വേച്ഛാധിപതി എന്ന് വിളിക്കുന്ന മുദ്രാവാക്യങ്ങള്‍, ഗാനങ്ങള്‍ എന്നിവയെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രതിഷേധം പെട്ടന്ന് തന്നെ അക്രമാസക്തമാകുകയും ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ ഹസീന സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായി. കര്‍ഫ്യൂവും സൈന്യത്തിന്റെ സമ്മര്‍ദവും ലംഘിച്ച് പ്രതിഷേധക്കാര്‍ ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. 2024 ഓഗസ്റ്റ് അഞ്ചിനാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഹസീനയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത്. അതോടെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഹെലികോപ്റ്ററില്‍ ഹസീന രാജ്യംവിട്ടു. പ്രകടനക്കാര്‍ പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും കത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2024 ജൂലായ് മുതല്‍ ഓഗസ്റ്റ് വരെ പ്രതിഷേധത്തിനിടെ ഏകദേശം 1,400 പേരാണ് കൊല്ലപ്പെട്ടത്.
ഹസീന രാജ്യംവിട്ടെങ്കിലും വിദ്യാര്‍ഥിപ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരേ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തുകയും വിചാരണ തുടങ്ങുകയും ചെയ്തു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതോടെ ഇന്ത്യയില്‍ അഭയംതേടിയ ഹസീനയുടെ അഭാവത്തില്‍ ധാക്കയിലെ ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലാണ് (ഐസിടി) 11 കേസുകളില്‍ വിചാരണയാരംഭിച്ചത്. ഹസീന സര്‍ക്കാരിന്റെ പതനത്തിനു വഴിവെച്ച 2024 ഓഗസ്റ്റിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണെല്ലാം. കൊലപാതകം, ശാരീരികപീഡനം, കൂട്ടക്കൊല അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു തുടങ്ങി അഞ്ചു കുറ്റങ്ങളാണ് ഹസീനയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. അവാമി ലീഗ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസ്‌സമന്‍ ഖാന്‍ കമാലും മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുള്ള അല്‍ മാമൂനുമാണ് ഹസീനയുടെ കൂട്ടുപ്രതികള്‍.

അധികാരത്തില്‍ മുഹമ്മദ് യൂനുസ്
ഹസീന രാജ്യംവിട്ടതോടെയാണ് മുഹമ്മദ് യൂനുസ് അധികാരത്തിലെത്തുന്നത്. തുടക്കത്തില്‍ ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുത്തു. ഹസീനയുടെ രാജിക്കു പിന്നാലെയുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാനും പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കാനും ബംഗ്ലാദേശ് പാര്‍ലമെന്റായ ജാതിയ സന്‍സദ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബുദ്ദീന്‍ പിരിച്ചുവിട്ടു. ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാക്കളുമായും നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസ് വരണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം യൂനുസ് അംഗീകരിച്ചതോടെ അദ്ദേഹം ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേശകനായി. പ്രധാനമന്ത്രിക്ക് തുല്യമാണ് മുഖ്യ ഉപദേശകന്റെ പദവി. പ്രതിരോധം, വിദ്യാഭ്യാസം, പൊതുഭരണം, ഊര്‍ജം, ഭക്ഷ്യം, ജലവിഭവം, വിവരവിനിമയം തുടങ്ങി 27 വകുപ്പുകളുടെ ചുമതലയും മുഖ്യ ഉപദേഷ്ടാവായ അദ്ദേഹം കൈയടക്കി.
അധികാരമേറ്റതിനുശേഷം, യൂനുസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം 11 പരിഷ്‌കരണ കമ്മീഷനുകള്‍ രൂപീകരിച്ചു. അതിലൊന്ന് ഭാവി സര്‍ക്കാരുകളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും രൂപപ്പെടുത്തുന്നതിനുള്ളതായിരുന്നു. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഒരു സമയക്രമത്തിലും നടപടിക്രമത്തിലും സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുക എന്ന പ്രാഥമിക നടപടിക്രമം മറന്ന ഇടക്കാല സര്‍ക്കാര്‍ രാജ്യത്തിന്റെ വിദേശനയത്തിലാണ് വലിയ ശ്രദ്ധ പതിപ്പിച്ചത്. ഒരുഘട്ടത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള നീക്കങ്ങളാണ് ഇടക്കാല സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനിടെ ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് ഇടക്കാലസര്‍ക്കാര്‍ പ്രവര്‍ത്തനവിലക്ക് ഏര്‍പ്പെടുത്തി. പാര്‍ട്ടി ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഭീകരവിരുദ്ധ നിയമപ്രകാരമായിരുന്നു നടപടി. ഒറ്റ ദിവസംകൊണ്ട് ഭേദഗതിചെയ്ത ഭീകരവാദവിരുദ്ധ നിയമപ്രകാരമാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. അവാമി ലീഗിനെ നിരോധിക്കണമെന്നും ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ (എന്‍സിപി) നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. ഇസ്‌ലാമിക സംഘടനകളുടെയും തീവ്ര വലതുപാര്‍ട്ടികളുടെയും മറ്റ് പ്രതിപക്ഷകക്ഷികളുടെയും പിന്തുണയും പ്രതിഷേധത്തിനുണ്ടായിരുന്നു.

മറുവശത്ത് രാജ്യത്ത് ക്രമസമാധാനനില താറുമാറായി. ആള്‍ക്കൂട്ട അക്രമം, രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ആക്രമണങ്ങള്‍, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായ അസഹിഷ്ണുത - പ്രത്യേകിച്ച് മതതീവ്രവാദികളില്‍ നിന്നുള്ളത് - എന്നിവയെല്ലാം രാജ്യത്ത് വര്‍ധിച്ചു. പുതിയ സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ച് ഹസീനയുടെ അനുയായികളെ ലക്ഷ്യംവെയ്ക്കുന്നുവെന്ന ആരോപണങ്ങളും ഒരുവശത്ത്. ഇതോടെ പലരും ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനിടെ തങ്ങളുടെ ഇരുപതിലധികം അനുയായികള്‍ കസ്റ്റഡിയില്‍ മരിച്ചുവെന്നാണ് അവാമി ലീഗ് പാര്‍ട്ടിയുടെ ആരോപണം. ഇതിനിടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന കാര്യത്തില്‍ ബംഗ്ലാദേശ് സൈന്യവും ഇടക്കാല സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നതകളും രൂക്ഷമായി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രക്ഷോഭവും നടന്നു.
പ്രതിസന്ധി പരിഹരിക്കപ്പെടുമോ?
പൊതുതിരഞ്ഞെടുപ്പ് പരമാവധി വൈകിക്കുന്ന നിലപാടാണ് ഇടക്കാല സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചത്. 2026 ജൂണില്‍ തിരിഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു യൂനുസിന്റെ വാഗ്ദാനം. എന്നാല്‍, കൃത്യം തീയതി അറിയിക്കണമെന്നാണ് ബിഎന്‍പി ആവശ്യപ്പെട്ടത്. 2025 ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ബിഎന്‍പി ആഗ്രഹിച്ചത്. എന്നാല്‍, അതിന് ഇടക്കാല സര്‍ക്കാര്‍ വഴങ്ങിയില്ല. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സമയം ആവശ്യമാണെന്നായിരുന്നു വാദം. അവാമി ലീഗിനെ നിരോധിച്ച സാഹചര്യത്തില്‍ അധികാരത്തിലേറുക എളുപ്പമാണെന്ന പ്രതീക്ഷയിലാണ് ബിഎന്‍പി തിരഞ്ഞെടുപ്പിനായി സമ്മര്‍ദം ശക്തമാക്കിയത്. ഇതിനിടെയാണ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൊതുതിരഞ്ഞെടുപ്പു നടത്തുമെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചത്.

ബംഗ്ലാദേശ് ഇപ്പോള്‍ കടന്നുപോകുന്ന ഈ അരാജകത്വ സാഹചര്യത്തില്‍ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു തിരഞ്ഞെടുപ്പിന് മാത്രമേ അവരെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കഴിയൂ. കാര്യമായ ഭരണപരിചയം പോലും ഇല്ലാത്തവരാണ് ഇടക്കാല സര്‍ക്കാരില്‍ ഉള്ളത്. ആരും രാഷ്ട്രീയക്കാരല്ല. നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അനുഭവസമ്പത്ത് അവരില്‍ പലര്‍ക്കുമില്ല. നേരെമറിച്ച്, ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പൊതുജനവിശ്വാസം കൊണ്ടുവരാനും അധികാരം പുനഃസ്ഥാപിക്കാനും നിര്‍ണായകമായി പ്രവര്‍ത്തിക്കാനും കഴിയും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നിലവിലെ ഭരണത്തിന്‍ കീഴില്‍ തകര്‍ന്നുപോയ ഉദ്യോഗസ്ഥ അച്ചടക്കവും കാര്യക്ഷമതയും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പിരിച്ചുവിട്ട പാര്‍ലമെന്റിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായി, ഒരു ജനാധിപത്യ സർക്കാർ പൊതുജനങ്ങളോടും പാര്‍ലമെന്റിനോടും ഉത്തരവാദിത്തമുള്ളതായിരിക്കും. ജനാധിപത്യ സര്‍ക്കാരിന് ഫലപ്രദമായ ഭരണം നടത്താനും തീവ്ര മതസംഘടനകളെ ഒരുപരിധിവരെ പ്രതിരോധിക്കാനും സാധിക്കുമെന്നും അവര്‍ പറയുന്നു.
പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച് യൂനുസ് പ്രഖ്യാപനം നടത്തിയെങ്കിലും അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. 2024 ജൂലായിലെ പ്രക്ഷോഭത്തിലെ വിദ്യാര്‍ഥി നേതാക്കള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിക്കും (എന്‍സിപി) അവരുടെ ഇസ്ലാമിക സഖ്യകക്ഷികള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ മനഃപൂര്‍വം തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കിയേക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇടക്കാല സര്‍ക്കാരിന് കാര്യമായ ഒരു പരിഷ്‌കാരവും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ജനാധിപത്യവിരുദ്ധശക്തികള്‍ ഭരണകൂടത്തില്‍ പിടിമുറുക്കുകയും ചെയ്തു. അതിനാല്‍ തന്നെ അസ്ഥിരമായി കടന്നുപോകുന്ന ഓരോ ദിവസവും ബംഗ്ലാദേശിന് തിരിച്ചടിയാണ്. കൂടുതല്‍ കാലതാമസം, ജനാധിപത്യത്തിലേക്കുള്ള മടങ്ങിപ്പോക്കിനെ ഗുരുതരമായി ബാധിച്ചേക്കാം. എന്‍സിപിയുടെയും ഇസ്ലാമിക പാര്‍ട്ടികളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന്, ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇടക്കാല സര്‍ക്കാര്‍ അവാമി ലീഗിനെ നിരോധിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് മറ്റൊരു വസ്തുത. ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആ രാജ്യത്തിന് ഒരു സുസ്ഥിര ഭരണത്തിലേക്ക് മടങ്ങാന്‍ സാധിക്കുമോ എന്നതാണ് വലിയ ചോദ്യം.
Content Highlights: Bangladesh Elections 2026 Can a Credible Transition Follow Hasina's Exit?
Published: 07 Aug 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented