വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

ട്രംപ് ബില്ലില്‍ ഒപ്പുവെച്ചതോടെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി 30 ദിവസത്തിനുള്ളില്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പുറത്തുവിടും. അതേസമയം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഫെഡറല്‍ അന്വേഷണങ്ങളെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Also Read: ബ്ലാക്ക് ബുക്കിലെ പേരുകളും ലോലിത എക്സ്പ്രസിലെ യാത്രികരും; ഉള്ളുകിടുങ്ങി വരേണ്യ ബാലപീഡകര്‍

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ കഴിഞ്ഞ ദിവസം സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഇത് ഓവല്‍ ഓഫീസിലേക്ക് അയച്ചു. ഇതിനു പിന്നാലെയാണ് ബില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചത്. ഇതിനൊപ്പം ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്‍ ഡെമക്രാറ്റാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

''നമ്മുടെ അതിശയിപ്പിക്കുന്ന വിജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനായി ഡെമക്രാറ്റുകള്‍ അവരെ തന്നെ ബാധിക്കുന്ന എപ്സ്റ്റീന്‍ വിഷയം ഉപയോഗിച്ചു. ഇപ്പോള്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലില്‍ ഞാന്‍ ഒപ്പുവെച്ചിരിക്കുന്നു. 2019-ല്‍ ട്രംപിന്റെ നീതിന്യായ വകുപ്പ് (ഡെമക്രാറ്റുകളല്ല) കുറ്റക്കാരനെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീന്‍ ആജീവനാന്തകാലം ഒരു ഡെമക്രാറ്റായിരുന്നു. ആയിരക്കണക്കിന് ഡോളറാണ് എപ്സ്റ്റീന്‍ ഡെമക്രാറ്റുകള്‍ക്ക് സംഭാവന നല്‍കിയത്. ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള പ്രധാന ഡെമക്രാറ്റുകളുമായും എപ്സ്റ്റീന് അടുത്ത ബന്ധമുണ്ടായിരുന്നു'', ട്രംപ് ആരോപിച്ചു. മറ്റുള്ള തട്ടിപ്പുകള്‍ പോലെ ഈ വിഷയവും ഡെമക്രാറ്റുകള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: അറപ്പിക്കുന്ന ക്രൂരതകള്‍ക്ക് തുണ കാമുകി, പെണ്‍കുട്ടികളുടെ കണ്ണീരില്‍ കെട്ടിപ്പടുത്ത പൈശാചികസാമ്രാജ്യം

എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് എപ്‌സ്റ്റീന് അയച്ചതെന്ന് പറയപ്പെടുന്ന ജന്മദിനാശംസാ സന്ദേശവും നേരത്തേ ഡെമക്രാറ്റുകള്‍ പുറത്തുവിട്ടിരുന്നു. ട്രംപിന്റെ പേര് പരാമര്‍ശിക്കുന്ന എപ്സ്റ്റീന്റെ ചില ഇമെയിലുകളും ഡെമക്രാറ്റുകള്‍ പുറത്തുവിട്ടു.

Also Read: എപ്സ്റ്റീന്‍ ദ്വീപിലെ കാമനരകം; വിവാദ കേസിന് വീണ്ടും തീപിടിക്കുമ്പോള്‍ ട്രംപിന്റെ ചൂതാട്ടം

നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന്‍ 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.