
പാരിസ്/റോം/ബ്രസൽസ്: വ്യാഴാഴ്ച രാവിലെ യൂറോപ്പിലുടനീളമുള്ള വിമാനങ്ങൾക്ക് കൂട്ടത്തോടെ ബോംബ് ഭീഷണി. സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് വിമാനങ്ങൾ അടിയന്തരമായി സുരക്ഷാ അകമ്പടിയോടെ നിലത്തിറക്കി. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഭീഷണികൾ ഉയരുന്നത്. പരിശോധനയിൽ ഇതെല്ലാം വ്യാജഭീഷണി സന്ദേശങ്ങളാണെന്ന് കണ്ടെത്തി. സുരക്ഷാ നടപടികളെ തുടർന്ന് വിമാനങ്ങൾ അടിയന്തരമായി വഴിതിരിച്ചുവിട്ടതും ലാൻഡ് ചെയ്യേണ്ടിവന്നതും സർവീസുകളെ സാരമായി ബാധിച്ചു.
ഡബ്ലിനിൽനിന്ന് റോമിലേക്ക് പോയ എയർ ലിംഗസ് (Aer Lingus) വിമാനം EI402 മുൻകരുതൽ നടപടിയായി പാരിസിന് പടിഞ്ഞാറുള്ള എവ്രു (Evreux) വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കോപ്പൻഹേഗൻ, മാഡ്രിഡ് എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലും ലണ്ടനിൽനിന്നുള്ള വിമാനം പ്ലോവ്ഡീവിലും അടിയന്തര ലാൻഡിംഗ് നടത്തി.
പ്രാഗിലേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതായി ചെക്ക് പോലീസ് അറിയിച്ചെങ്കിലും ഭീഷണികളുടെ വിശ്വസനീയത കുറവാണെന്നാണ് വിലയിരുത്തൽ. ഹെൽസിങ്കിയിൽനിന്ന് റോമിലേക്ക് പോയ ഫിൻഎയർ (Finnair) വിമാനത്തിന് ഇറ്റാലിയൻ വ്യോമസേന സുരക്ഷാ അകമ്പടി നൽകിയപ്പോൾ, മറ്റൊരു ഫിൻഎയർ വിമാനം വിയന്നയിൽ ലാൻഡ് ചെയ്തു.
ഭീഷണിയെ തുടർന്ന് വാഴ്‌സയിൽനിന്ന് ബ്രസൽസിലേക്ക് പോയ പോളിഷ് എയർലൈൻ വിമാനത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. പാരിസിലേക്ക് പുറപ്പെടാൻ ടാക്‌സി ചെയ്യുകയായിരുന്ന മറ്റൊരു വിമാനത്തിൽനിന്നും യാത്രക്കാരെ മുൻകരുതലായി മറ്റ് വിമാനത്തിലേക്ക് മാറ്റി.
ഭീഷണികളുടെ ഉത്തരവാദിത്വം നിലവിൽ ആരുടെയും മേൽ ചുമത്തിയിട്ടില്ലെങ്കിലും, റഷ്യയും ഇറാനും ചേർന്ന് ഹൈബ്രിഡ് ആക്രമണങ്ങളും അട്ടിമറികളും നടത്തുകയാണെന്ന് യൂറോപ്യൻ അധികൃതർ ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങൾ മോസ്‌കോയും ടെഹ്‌റാനും പൂർണ്ണമായി നിഷേധിച്ചു.
നേരത്തെ യൂറോപ്പിലെ സൂപ്പർ മാർക്കറ്റുകളിലെ ഫ്രീസറുകളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണങ്ങളെ തുടർന്ന് കോടികളുടെ ഭക്ഷ്യവസ്തുക്കളാണ് പാഴായത്. ഇത്തരത്തിൽ തുടർച്ചയായി യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ബഹുമുഖ ആക്രമണങ്ങളുടെ ഭാഗമാണ് വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണികളെന്നാണ് വിലയിരുത്തൽ.
വിമാന സർവീസുകളെ പ്രതിസന്ധിയിലാക്കുന്നതിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയും രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തും ജനങ്ങൾക്കുമേലും സമ്മർദ്ദവും ഭീതിയും സൃഷ്ടിക്കുക എന്ന തന്ത്രമാണ് പയറ്റുന്നതെന്നാണ് വിലയിരുത്തൽ. ഫ്രീസറുകൾക്കുനേരെ നടന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഉത്തര കൊറിയ ആണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, ആരോപണങ്ങൾ അവർ നിഷേധിക്കുകയും ചെയ്തു.
Content Highlights: Multiple flights across Europe faced bomb hoax threats, causing emergency landings and significant disruptions to airline services this week.
Published: 05 Nov 2026, 05:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented