എപ്സ്റ്റീന്‍ കേസിന് വീണ്ടും തീപിടിച്ചിരിക്കുകയാണ്. ആ ചൂടില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എപ്സ്റ്റീന്‍ കേസ് വിവാദം ശുദ്ധതട്ടിപ്പാണെന്നും അതിന്റെ പിന്നാലെ നടന്നു സമയം കളയരുതെന്നും പറഞ്ഞ് സ്വന്തം അനുയായികളെപ്പോലും വെറുപ്പിച്ച പ്രസിഡന്റിന് പണി കിട്ടിയത് കഴിഞ്ഞ ദിവസം വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഒരു പിറന്നാളാശംസയാണ്. 2003-ല്‍ ജെഫ്രി എപ്സ്റ്റീന് അമ്പതാം പിറന്നാളാശംസ അര്‍പ്പിച്ചുകൊണ്ട് ട്രംപ് അയച്ചതെന്നു ആരോപിക്കപ്പെടുന്ന കുറിപ്പ്. ഒരു നഗ്നവനിതയുടെ രേഖാചിത്രത്തിനുള്ളില്‍ ആശംസ ടൈപ്പ് ചെയ്തിരിക്കുന്നു. 'ഹാപ്പി ബെര്‍ത്‌ഡേ! ഓരോ ദിവസവും വിസ്മയകരമായ ഓരോ രഹസ്യമായിരിക്കട്ടെ!'. 

To advertise here,

അതോടെ ബഹളമായി. സ്വന്തം പേരു പുറത്തു വരാതിരിക്കാനാണ് പ്രസിഡന്റ് ട്രംപ്, എപ്സ്റ്റീന്റെ ഇടപാടുകാരുടെ പട്ടിക (ക്ലയന്റ് ലിസ്റ്റ്) ഇല്ലെന്നു വാദിക്കുന്നതെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പോലും ആരോപിച്ചു. എഴുതിയതും പടം വരച്ചതും താനല്ലെന്ന് ട്രംപ്. 'ജീവിതത്തില്‍ ഞാന്‍ ചിത്രം വരച്ചിട്ടില്ല. സ്ത്രീകളുടെ ചിത്രം വരയ്ക്കാറുമില്ല. അതെന്റെ ഭാഷയല്ല, വാക്കുകളുമല്ല.' പക്ഷേ, അതിനൊന്നും പൊതുജനാഭിപ്രായത്തെ തടയാനാവില്ലെന്നു കണ്ടാവണം അദ്ദേഹം കേസു സംബന്ധിച്ച് ഗ്രാന്‍ഡ് ജൂറിക്കു മുമ്പാകെ നല്‍കിയ മൊഴികള്‍ പുറത്തുവിടാന്‍ ട്രംപ് ഉത്തരവിട്ടത്. തനിക്കെതിരെ വാര്‍ത്ത നല്‍കിയ പത്രത്തിനും മുതലാളി മര്‍ഡോക്കിനുമെതിരെ അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

ലൈംഗിക കുറ്റകൃത്യങ്ങള്‍ മാത്രമല്ല, ഉന്നതര്‍ക്ക് നിയമവും കോടതിയുമൊന്നും ബാധകല്ല എന്ന പൊതുബോധവും കേസ് ഇത്രയും വാര്‍ത്താപ്രാധാന്യം നേടുന്നതിന് കാരണമാണ്. സാധാരണക്കാര്‍ക്ക് എത്തിനോക്കാന്‍ പോലും പറ്റാത്ത, അത്യാഡംബര സൗകര്യങ്ങളുള്ള പ്രത്യേക കേളീഗൃഹങ്ങളുള്ള സ്വകാര്യദ്വീപ്. ലോകം ഭരിക്കുന്ന രാഷ്ട്രീയക്കാരും കമ്പനി മുതലാളിമാരും സിനിമാക്കാരുമാണ് പതിവുകാര്‍. ലോലിത എക്സ്പ്രസ് (അര്‍ത്ഥം വ്യക്തമാണല്ലോ!) എന്നു ലോകം വിളിച്ച സ്വകാര്യവിമാനത്തിലെത്തി അവര്‍ വിലക്കപ്പെട്ട, നിയമവിരുദ്ധമായ ആനന്ദങ്ങള്‍ ആസ്വദിച്ചു മടങ്ങുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് 'മുഖ്യാകര്‍ഷണം'. സ്വര്‍ഗത്തിന്റെ ആവരണത്തിനടിയില്‍ അഴുകുന്ന കാമനരകം.

അധികാരത്തിന്റെ ഇടനാഴികളിലെവിടെയും കയറിച്ചെല്ലാന്‍ സ്വാധീനമുള്ള എപ്സ്റ്റീന്‍ അതിന്റെ നടത്തിപ്പുകാരനാണ്. ബില്‍ ക്ലിന്റണ്‍, ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍, യെഹൂദ് ബരാക്ക്, റോബെര്‍ട്ട് കെന്നഡി ജൂനിയര്‍, നടന്‍ കെവിന്‍ സ്പേസി- അങ്ങനെ രാഷ്ട്രീയത്തിലെയും സിനിമയിലെയും ഫാഷനിലെയും സാമ്പത്തികലോകത്തെയും ഒന്നാംനിരക്കാര്‍ അയാള്‍ക്കൊപ്പം നിന്നു ചിത്രമെടുക്കും. പക്ഷേ, അയാളുടെ സ്വാധീനത്തിന്റെ അസ്തിവാരം അമേരിക്കയുടെ വിര്‍ജിന്‍ ദ്വീപസമൂഹത്തിലെ ലിറ്റില്‍ സെയിന്റ് ജെയിംസ് എന്ന ദ്വീപായിരുന്നു. ലോകം എപ്സ്റ്റീന്‍സ് ഐലന്‍ഡ് എന്നു വിളിച്ച ഈ വിലക്കപ്പെട്ട രതിസുഖങ്ങളുടെ ദ്വീപാണ് എപ്സ്റ്റീന്റെ ഉയര്‍ച്ചക്കു പിന്നിലെ മാന്ത്രിക കംബളമെന്ന് പിന്നീട് വ്യക്തമായി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചതിന് 2005-ല്‍ പിടിയിലായെങ്കിലും നീതിന്യായ വ്യവസ്ഥയുടെ ഔദാര്യപൂര്‍വമായ രീതികള്‍ കാരണം 13 മാസത്തെ തടവുമായി തടിയൂരി. 2019-ല്‍, ട്രംപിന്റെ ആദ്യ ടേമില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികാവശ്യത്തിനു കടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്‍ ഒരു മാസത്തിനകം ജയിലില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ആത്മഹത്യയെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. പക്ഷേ, വലിയൊരു വിഭാഗം ജനങ്ങള്‍ അതു വിശ്വസിക്കുന്നില്ല. ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പുറത്തുവിട്ട എപ്സ്റ്റീന്റെ ജയില്‍ദൃശ്യങ്ങളില്‍ നിര്‍ണായകമായ മൂന്നുമിനിട്ട് എഡിറ്റ് ചെയ്തു നീക്കിയിരിക്കുന്നതായി അവര്‍ ആരോപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ നടന്ന കൊലപാതകമാണതെന്ന് അവര്‍ ആരോപിക്കുന്നു
 
സമ്പത്തും അധികാരവും പദവികളും ഉള്ളവര്‍ക്ക് എന്തും ചെയ്യാം, അവര്‍ രക്ഷപ്പെട്ടിരിക്കും എന്ന സാധാരണക്കാരന്റെ തോന്നല്‍ ബലപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്തുണ്ടായത്. ഇത്തരം കേസുകളിലെ പ്ലീ ബാര്‍ഗെയ്ന്‍ (കുറഞ്ഞ ശിക്ഷയ്ക്കു പകരമായി പ്രതി കുറ്റസമ്മതം നടത്തുന്നത്) മിക്കപ്പോഴും വമ്പന്‍മാര്‍ക്ക് അനുകൂലമാവുമെന്നാണ് അനുഭവം. എപ്സ്റ്റീന്‍ അറസ്റ്റിലായ ആദ്യകേസില്‍ അതാണുണ്ടായതെന്ന് ഇപ്പോള്‍ അമേരിക്ക തിരിച്ചറിയുന്നുണ്ട്. ഈ കേസില്‍ തിരിച്ചറിയപ്പെട്ട ആയിരത്തിലധികം ഇരകളുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടത് വിരലിലെണ്ണാവുന്നവര്‍ മാത്രം. കേസ് ഇപ്പോഴും നടക്കുകയാണ്.

placeholder
ട്രംപ്, മെലാനിയ, എപ്‌സ്റ്റൈൻ, മാക്‌സ്‌വെൽ എന്നിവർ 2000 ഫെബ്രുവരി 12 ന് ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ ക്ലബ്ബിൽ ഒരുമിച്ച് പോസ് ചെയ്യുന്നു . ഫയൽ ചിത്രം/ Getty Images

ട്രംപും രേഖകളും ക്ലയന്റ് ലിസ്റ്റും

അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞത് എപ്സ്റ്റീന്റെ ഇടപാടുകാരുടെ പട്ടിക ഉണ്ടെന്നും അത് തന്റെ മേശപ്പുറത്തുണ്ടെന്നുമാണ്. പക്ഷേ കഴിഞ്ഞ ജൂലൈ ഏഴിന് നീതിന്യായ വകുപ്പ് (ഡിഒജെ) ഇറക്കിയ മെമ്മോ അത്തരം ഒരു പട്ടിക ഇല്ലെന്നു വ്യക്തമാക്കി. വളരെ വിശദമായി പരിശോധിച്ചിട്ടും ഇടപാടുകാരുടെ പട്ടികയോ ബ്ലാക്ക്മെയില്‍ ചെയ്തതിന് തെളിവോ കിട്ടിയിട്ടില്ല എന്നും എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തതാണെന്നും മെമ്മോ പറയുന്നു. ഫെബ്രുവരി 2025-ന് കേസ് സംബന്ധിച്ച ഒന്നാംഘട്ട രേഖകള്‍ പുറത്തുവിട്ടിരുന്നു. ഏവര്‍ക്കും അറിയുന്നതിനപ്പുറം അവയിലൊന്നുമില്ലായിരുന്നു. ഈ രേഖകള്‍ പ്രകാരം ട്രംപ് ഏഴുതവണ എപ്സ്റ്റീന്‍ വിമാനത്തില്‍ പറന്നിട്ടുണ്ട്, 1993-97 കാലത്ത്. ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങിയ പ്രമുഖരും യാത്ര ചെയ്തിട്ടുണ്ട്.

അനുയായികളില്‍ നിന്നും വിമര്‍ശകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം വര്‍ധിച്ചപ്പോഴാണ് ട്രംപ് ജൂലായ് 18-ന് മൊഴികള്‍ പുറത്തുവിടാനുള്ള ഉത്തരവിറക്കിയത്. പിറ്റേന്നു തന്നെ പാം ബോണ്ടി കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനുള്ള അപേക്ഷ കോടതിയില്‍ നല്‍കി. ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ ഇരകളും സാക്ഷികളും നല്‍കിയ മൊഴികളില്‍ പ്രധാനപ്പെട്ടതും പ്രസക്തമായതും ആയ എല്ലാ മൊഴികളും കോടതിയുടെ അനുമതിയോടെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. ഒടുവില്‍ ഇടപാടുകാരായ വമ്പന്‍മാരുടെ പട്ടിക പുറത്തുവരും എന്ന പ്രതീക്ഷ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. പക്ഷേ, കാര്യമായ പ്രതീക്ഷ വെക്കേണ്ടെന്നാണ് വിദഗ്ധമതം.

ഗ്രാന്‍ഡ് ജൂറിക്കു മുമ്പാകെ ഇരകളും സാക്ഷികളും നല്‍കിയ മൊഴികളാണ് പുറത്തുവിടുന്ന രേഖകളില്‍ പൊതുവേ ഉണ്ടാവുക. അല്ലാതെ, കുറ്റവാളികളുടെ സമഗ്രമായ പട്ടിക അല്ല. പുറത്തുവിടുന്ന മൊഴികള്‍ മിക്കവാറും 2019-ലെ കേസുകള്‍ സംബന്ധിച്ചായിരിക്കും. ഉന്നതരായ ഇടപാടുകാരുടെ പട്ടിക ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. മറ്റൊരു പ്രശ്നം ഇരകളുടെ സ്വകാര്യതയെയും കുറ്റം ചുമത്തപ്പെടാത്ത വ്യക്തികളെയും സംരക്ഷിക്കുന്ന ഫെഡറല്‍ ചട്ടങ്ങളാണ്. ആയിരത്തിലധികം ഇരകളുടെ മൊഴികളും ബാലപീഡനം അടക്കമുള്ള ഞെട്ടിക്കുന്ന ഉള്ളടക്കവും ആണ് രേഖകളില്‍. അതൊന്നും പുറംലോകത്തെ കാണിക്കാന്‍ കഴിയുന്നതല്ല. ഇനി ഏതെങ്കിലും രേഖകള്‍ പുറത്തുവിടാന്‍ അനുവദിച്ചാല്‍ അവ വളരെയധികം വെട്ടിച്ചുരുക്കിയിരിക്കും. എന്തായാലും ഇടപാടുകാരുടെ പട്ടിക ആഗോളതലത്തില്‍ ഒരു  ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഉന്നതര്‍ ഉള്‍പ്പെട്ട വിവാദത്തെ മൂടിവയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങളുടെ പ്രതീകമായി അത് മാറിയിരിക്കുന്നു.  

ട്രംപിന്റെ ചൂതാട്ടം

കോടതിയുടെ അനുമതിപ്രകാരം രേഖകള്‍ പുറത്തു വിടാനുള്ള തീരുമാനം ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ ചൂതാട്ടമാണ്. ഇപ്പോള്‍ തന്നെ, സ്വന്തം അനുയായികള്‍ പോലും അദ്ദേഹത്തെ സംശയിച്ചു തുടങ്ങി. ട്രംപിന് എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം ഇന്ന് രഹസ്യമല്ല. അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിമാനയാത്രാ വിവരങ്ങളുമുണ്ട്. താനൊരിക്കലും ലിറ്റില്‍ സെന്റ് ജെയിംസിലേക്ക് പോയിട്ടില്ല എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കുറ്റകരമായ ഫയലുകളില്‍ ഒന്നും അദ്ദേഹത്തിന്റെ പേരില്ലെന്ന് ബോണ്ടി പറയുന്നു. എങ്കിലും അദ്ദേഹത്തിന്റെ ഭൂതകാലം വീണ്ടും സൂക്ഷ്മ പരിശോധന നേരിടുകയാണ്.  ഡെമോക്രാറ്റുകളും ഒരുവിഭാഗം റിപ്പബ്ലിക്കന്‍മാരും കേസില്‍ ട്രംപിന്റെ പേര് പരാമര്‍ശിക്കുന്ന എല്ലാ ഫയലുകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2002-ല്‍ ന്യൂയോര്‍ക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ട്രംപ് എപ്സ്റ്റീനെ അളവറ്റ് പ്രശംസിച്ചത് ഇപ്പോഴും വാര്‍ത്തയാവുന്നുണ്ട്. എപ്സ്റ്റീനെ പതിനഞ്ചു വര്‍ഷമായി അറിയാം, ഗംഭീര കക്ഷിയാണ്, തന്നെപ്പോലെ അയാള്‍ക്കും സുന്ദരിമാരെ ഇഷ്ടമാണ്, അവരിലധികം പേരും പ്രായം കുറഞ്ഞവരാണ് എന്നൊക്കെ. ഫ്ലോറിഡയിലെ ട്രംപിന്റെ മാരലാഗോ എസ്റ്റേറ്റില്‍ എപ്സ്റ്റീന്‍ പോയിട്ടുമുണ്ട്. അയാളുടെ വിമാനത്തില്‍ പലതവണ ട്രംപ് യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ മുന്‍ഭാര്യ മരിയ മേപ്പിള്‍സും മകള്‍ ടിഫാനിയും ഒപ്പമുണ്ടായിരുന്നു. (വിമാനയാത്ര കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തെളിവാകുന്നില്ല.) പിന്നീട് എപ്സ്റ്റീന്‍ കുപ്രസിദ്ധനായതോടെ അയാളുമായി പിണങ്ങി എന്ന് അവകാശപ്പെടുകയായിരുന്നു.

എന്തായാലും ഈ കേസ് ട്രംപിന്റെ അനുയായിവൃന്ദത്തിന്റെ അടിത്തറയില്‍ വിള്ളല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഉന്നതരുടെ പങ്ക് മൂടിവെക്കാനുള്ള ശ്രമം നടക്കുകയാണെന്ന്  അവര്‍ ആക്ഷേപിക്കുന്നു. ചിലര്‍ ബോണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എപ്സ്റ്റീന്‍ വിവാദം ശുദ്ധതട്ടിപ്പാണെന്ന് പറഞ്ഞ് ട്രംപ് കേസിനെ തള്ളിക്കളഞ്ഞതും കേസ് ഏറ്റുപിടിക്കുന്ന സ്വന്തം അനുയായികളെ ദുര്‍ബലരെന്ന് വിമര്‍ശിച്ചതും പാളിപ്പോയി. അനുയായികളുടെ നിഷേധാത്മകതയെ മയപ്പെടുത്താന്‍ രേഖകള്‍ പുറത്തുവിടുന്നത് സഹായിക്കും. എങ്കിലും ഗൗരവമുള്ള പുതിയ വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ലെങ്കില്‍ അത് അദ്ദേഹത്തിലുള്ള അവിശ്വാസം വര്‍ധിപ്പിക്കുകയേയുള്ളൂ.  

വൈകാരികവും സാമൂഹികവുമായ പലതരത്തിലുള്ള വെല്ലുവിളികളെയും മുന്‍വിധികളെയും ധീരമായി നേരിട്ടു പിടിച്ചു നില്‍ക്കുന്ന ആയിരത്തിലധികം ഇരകളുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് നീതി കിട്ടാന്‍ ട്രംപിന്റെ ചൂതാട്ടം സഹായിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അധികാരത്തെക്കൊണ്ട് എണ്ണിയെണ്ണി കണക്കു പറയിപ്പിക്കാന്‍ സമൂഹമനസ്സാക്ഷിക്കാവുമോ, അതോ വീണ്ടും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും കരിമ്പടം സത്യത്തെ മൂടുകയും ഉന്നതര്‍ പതിവുപോലെ ചില്ലുകൊട്ടാരങ്ങളിലേക്ക് മടങ്ങി പതിവ് മൃഗയാവിനോദങ്ങളിലേര്‍പ്പെടുമോ എന്നാണ് കാണാനുള്ളത്.

എന്താണ് എപ്സ്റ്റീന്‍ ലിസ്റ്റ്?
അടുത്ത ഭാഗത്തിൽ വായിക്കാം