
കുപ്രസിദ്ധ ബാലപീഡകന് ജെഫ്രി എപ്സ്റ്റീന് 2019-ല്‍ ജയിലില്‍ വെച്ചു മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഇടപാടുകാരുടെ പട്ടിക (എപ്സ്റ്റീന്‍സ് ലിസ്റ്റ്) സംബന്ധിച്ച വിവാദങ്ങളും അഭ്യൂഹങ്ങളും അടങ്ങുന്നേയില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികത്തൊഴിലിന് ഉപയോഗിക്കുകയും അതിനായി മനുഷ്യക്കടത്തു നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു അയാള്‍. അങ്ങനെയൊരു ലിസ്റ്റില്ലെന്ന് അമേരിക്കയിലെ നീതിന്യായ വകുപ്പും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞെങ്കിലും പൊതുജനം അതു വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. അതിനു കാരണം, ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളും നിയമനടപടികളും തന്നെ..
വ്യത്യസ്തമായ നിരവധി ഇഴകള്‍ ചേര്‍ത്തു തുന്നിയതാണ് എപ്സ്റ്റീന് ഫയലുകള്‍ സംബന്ധിച്ച പൊതുബോധം. അതിലേറ്റവും പ്രധാനം എപ്സ്റ്റീന് ബന്ധപ്പെട്ടിരുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ബ്ലാക്ക് ബുക്കാണ്. മറ്റൊന്ന്, എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിരിക്കുന്ന നിരവധി കോടതിക്കേസുകളും, കോടതിക്ക് മുമ്പാകെയുള്ള, ഇനി പുറത്തുവിട്ടേയ്ക്കാവുന്ന രേഖകളും. അവ വളരെ വ്യക്തവും പരസ്പരബന്ധിതവുമായ ചിത്രമാണ് നമുക്ക് മുന്നില്‍ വയ്ക്കുന്നത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചു മാത്രമല്ല, അതിലുള്‍പ്പെട്ടവരുടെയും എപ്സ്റ്റീനെ രക്ഷിക്കാന്‍ സഹായിച്ച വമ്പന്മാരുടെയും വന്ശൃംഖലയിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കുന്നവയാണ് ഈ വിവരങ്ങള്‍.
Read more: എപ്സ്റ്റീന് ദ്വീപിലെ കാമനരകം; വിവാദ കേസിന് വീണ്ടും തീപിടിക്കുമ്പോള്‍ ട്രംപിന്റെ ചൂതാട്ടം
ഇരകളും സാക്ഷികളും നല്കിയ മൊഴികളിലും കോടതിരേഖകളിലുമൊന്നും അയാളുടെ ഇടപാടുകാരുടെ ഇത്തരമൊരു പട്ടികയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കിട്ടിയില്ല എന്നതിനര്‍ത്ഥം ഇല്ല എന്നല്ലല്ലോ. ഇരകളും സാക്ഷികളും അങ്ങനെയൊരു ലിസ്റ്റിനെക്കുറിച്ച് അറിയാന്‍ സാധ്യതയുമില്ല. പക്ഷേ, എപ്സ്റ്റീനെപ്പോലെ ഒരു കൊടുംകുറ്റവാളി തന്റെ ഇടപാടുകാരുടെ ലിസ്റ്റ് സൂക്ഷിക്കാതിരിക്കുക അസംഭവ്യമാണ്- നാട്ടുകാര്‍ പറയുന്നു.
ബ്ലാക്ക്ബുക്ക് പാപത്തിന്റെ കണക്ക്പുസ്തകമോ?
പാം ബീച്ച് പോലീസ് 2005-ലാണ് എപ്സ്റ്റീന്റെ ബ്ലാക്ക്ബുക്ക് പിടിച്ചെടുത്തത്. 2008-ല്‍ അയാളുടെ പ്ലീ ഡീലിന് (കുറ്റം സമ്മതിച്ച് ശിക്ഷയിളവ് നേടുന്ന രീതി) വഴിവെച്ച ക്രിമിനല്‍ കേസിന് വേണ്ടി ശേഖരിച്ച തെളിവുകളുടെ ഭാഗമായിരുന്നു ബുക്ക്. ശിക്ഷാവിധിക്കു ശേഷം മാധ്യമ റിപ്പോര്‍ട്ടുകളിലും കോടതിരേഖകളിലും ബുക്കിന്റെ ഭാഗങ്ങള്‍ പ്രത്യക്ഷമാകാന്‍ തുടങ്ങി. 2015-16 വര്‍ഷങ്ങളില്‍ ഇതിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പത്രപ്രവര്ത്തകരിലൂടെയും കോടതിരേഖകളിലൂടെയും പൊതുമധ്യത്തിലെത്തിയ വിവരങ്ങളാണവ, സര്‍ക്കാര്‍ പുറത്തുവിട്ടതല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ എപ്സ്റ്റീന് ഫയലുകളുടെ ആദ്യഘട്ടം ട്രംപ് സര്‍ക്കാര്‍ പുറത്തുവിട്ടതില്‍ വെട്ടിച്ചുരുക്കിയ ബ്ലാക്ക്ബുക്കും ഉള്‍പ്പെട്ടിരുന്നു. അടുത്ത മാസം എപ്സ്റ്റീന്റെ ഒരു ബ്ലാക്ക് ബുക്ക് ലേലത്തിനും വെച്ചിട്ടുമുണ്ട്- അത് ഏതു കാലത്തേതാണ് എന്നു വ്യക്തമല്ല.
കേസ് സംബന്ധിച്ച് സിവില്‍ കോടതിയിലെ രേഖകള്‍ പരസ്യമാക്കുന്നതിനു വളരെ മുമ്പുതന്നെ ബ്ലാക്ക് ബുക്കിനെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. എപ്സ്റ്റീന്റെ വ്യക്തിപരമായ ഒരു അഡ്രസ്സ് പുസ്തകം മാത്രമായിരുന്നില്ല, ഒരുതരത്തിലുള്ള വരേണ്യ ഡയറക്ടറി ആയിരുന്നു അത്. ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാര്‍, രാജകുടുംബക്കാര്‍, കമ്പനി ഉടമകള്‍, ഹോളിവുഡ് പ്രമുഖര്‍, സെലിബ്രിറ്റികള്‍, ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസവിചക്ഷണര്‍, സുന്ദരിമാര്‍... എന്നിങ്ങനെ അതിസ്വാധീനമുള്ള ആയിരക്കണക്കിന് വ്യക്തികളെ ബന്ധപ്പെടാനുള്ള വിവരങ്ങളായിരുന്നു അതില്‍. പുസ്തകം ഇടപാടുകാരുടെ പട്ടികയാണോ, ഗൂഢാലോചനയിലെ പങ്കാളികളുടെ പട്ടികയാണോ, അതോ വരേണ്യവൃത്തങ്ങളുമായി സജീവ സമ്പര്‍ക്കമുള്ള ഒരാളുടെ സമഗ്രമായ ഒരു ഫോണ്‍ബുക്ക് മാത്രമാണോ എന്നതാണ് ചോദ്യം.
ഒട്ടേറെ പ്രമുഖരുടെ പേരുകളുണ്ട് ബ്ലാക്ക് ബുക്കില്‍. അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റന്, ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്, യോര്‍ക്കിലെ പ്രഭ്വി സാറാ ഫെര്ഗൂസന്, മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബരാക്ക്, ബില്‍ ഗേറ്റ്സ്, എല്‍ ബ്രാന്‍ഡുകളുടെ സ്ഥാപകന്‍ ലെസ്ലീ വെക്സ്നര്‍, ഹയാത്ത് ഹോട്ടല്‍ ശൃംഖല ചെയര്മാന് ടോം പ്രിട്സ്കര്‍, സ്റ്റീഫന്‍ ഹോക്കിങ്ങ്, നോം ചോംസ്കി, മൈക്കല്‍ ജാക്സന്, ലിയനാര്‍ഡോ ഡി കാപ്രിയോ, കെവിന് സ്പെയ്സി, കെയ്റ്റ് ബ്ലാന്‍ചെറ്റ്,. നയോമി കാംബെല്‍, ഹെയ്ഡി ക്ലം, കാമറൂണ്‍ ഡയസ്, ബ്രൂസ് വില്ലിസ്, മൈക്ക് ജാഗര്‍...
ബുക്കില്‍ അവരുടെ പേരുണ്ട് എന്നതിനര്‍ത്ഥം അവര്‍ ജെഫ്രിയുടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയോ തുണയ്ക്കുകയോ ചെയ്തു എന്നല്ല. പട്ടികയിലെ പലരും വെറും പരിചയക്കാരായിരുന്നു, അല്ലെങ്കില്‍ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവരായിരുന്നു. അതുമല്ലെങ്കില്‍ എപ്സ്റ്റീന് 'ഇംപ്രസ്' ചെയ്യാന്‍ ശ്രമിച്ച ആള്ക്കാര്. എങ്കിലും ഈ പേരുകളുടെ എണ്ണവും പേരുകാരുടെ ഔന്നത്യവും കാണിക്കുന്നത് ആഗോള അധികാര ശൃംഖലയുടെ അത്യുന്നതങ്ങളില്‍ കയറിപ്പറ്റാനുള്ള അയാളുടെ ശേഷിയെയാണ്.
തന്റെ അറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുതയുടെ ആവരണമുണ്ടാക്കാന് ഈ ബന്ധങ്ങള്‍ അയാളെ സഹായിച്ചിട്ടുണ്ടാവണം. എപ്സ്റ്റീനെപ്പോലുള്ള മനസ്സാക്ഷിയില്ലാത്ത ഇരപിടിയന്മാര്ക്ക് അധികാരി വര്‍ഗ്ഗത്തോടുള്ള അടുപ്പവും ഉന്നത സാമൂഹിക ബന്ധങ്ങളും അമൂല്യമായ സംരക്ഷണകവചം ആകുന്നതെങ്ങനെ എന്ന് ബ്ലാക്ക്ബുക്ക് കാട്ടിത്തരുന്നു.
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലേക്കും പ്രധാനപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തകരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സിന് എപ്സ്റ്റീനുമായുള്ള ബന്ധം വ്യക്തിജീവിതത്തിലും വലിയ കോട്ടമുണ്ടാക്കി. 2011-നും 2014 നും ഇടയ്ക്ക് പലതവണ ഗേറ്റ്സ് എപ്സ്റ്റീനെ കണ്ടു. ഒരുതവണ എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ യാത്രയും നടത്തി. (പക്ഷേ, അയാള്‍ എപ്സ്റ്റീന് ദ്വീപിലേക്കു പോയതായി രേഖകളില്ല.) എപ്സ്റ്റീനെ കണ്ടതില്‍ ഗേറ്റ്സ് പിന്നീട് ഖേദം പ്രകടിപ്പിച്ചു. ആഗോളതലത്തില്‍ താന്‍ നടത്തുന്ന ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ് തരപ്പെടുത്താന്‍ സഹായകമാകും എന്ന് കരുതിയാണ് അയാളുമായി ബന്ധപ്പെട്ടത് എന്നായിരുന്നു ഗേറ്റ്സിന്റെ വാദം. അത് വലിയ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Read more: എപ്സ്റ്റീന് ദ്വീപിലെ കാമനരകം; വിവാദ കേസിന് വീണ്ടും തീപിടിക്കുമ്പോള്‍ ട്രംപിന്റെ ചൂതാട്ടം
എപ്സ്റ്റീനുമായി ബില്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്സ് വളരെ അസ്വസ്ഥതയും കോപവും പ്രകടിപ്പിച്ചിരുന്നു. അത് അവരുടെ വിവാഹമോചനത്തിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി മാറി. എപ്സ്റ്റീനെ തിന്മയുടെ അവതാരമെന്നായിരുന്നു മെലിന്‍ഡ വിശേഷിപ്പിച്ചത്. ഗേറ്റ്സിന് എപ്സ്റ്റീന്റെ ഏതെങ്കിലും നിയമവിരുദ്ധമായ പ്രവൃത്തികളുമായോ ഇരകളുമായോ എന്തെങ്കിലും ബന്ധമുള്ളതിന് തെളിവില്ലെങ്കിലും അത് വളരെ സൂക്ഷ്മതയോടെ വളര്‍ത്തിയെടുത്ത ജീവകാരുണ്യ പ്രവര്ത്തകന് എന്ന ഗേറ്റ്സിന്റെ സല്‍പേരിന് വലിയ കോട്ടം ഉണ്ടാക്കിയിട്ടുണ്ട്. എപ്സ്റ്റീന് ശിക്ഷിക്കപ്പെട്ടതിനു ശേഷമായിരുന്നു ഗേറ്റ്സ് അയാളുമായി അടുത്തിടപഴകിയത്.
ഉന്നതരെ മുള്ളില്‍ നിറുത്തുന്നതില്‍ ബ്ലാക്ക് ബുക്ക് മാത്രമല്ല, എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും വലിയ പങ്കു വഹിക്കുന്നു. അങ്ങനെ മാനഹാനി ഉണ്ടായവരില്‍ പ്രധാനിയാണ് മുന്‍പ്രസിഡണ്ട് ബരാക്ക് ഒബാമ. പ്രസിദ്ധീകരിച്ച രേഖകളില്‍ ഒന്നും അദ്ദേഹത്തിന്റെ പേര് പ്രത്യക്ഷപ്പെടുന്നില്ല. വിമാനയാത്രാ രേഖകളിലും അദ്ദേഹത്തിന്റെ പേരില്ല. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഡൊണാള്‍ഡ് ട്രംപിനെ പോലുള്ള റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ ജോ ബൈഡന്റെയും ഒബാമയുടെയും പേരുകള്‍ ഈ കേസുമായി ബന്ധപ്പെടുത്തിയിരുന്നു. ഒരുപക്ഷേ ഈ കേസന്വേഷണം സംബന്ധിച്ച മറ്റെല്ലാ വെളിപ്പെടുത്തലുകളെയും സംശയകരമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാവാം ഈ അവകാശവാദം.

ലോലിതാ എക്സ്പ്രസിലെ യാത്രക്കാരും കോടതിരേഖകളും
എപ്സ്റ്റീന്റെ പ്രൈവറ്റ് ജെറ്റുകളിലെ- ലോലിതാ എക്സ്പ്രസിലെ- യാത്രക്കാരുടെ വിവരങ്ങള്‍ (ഫ്ളൈറ്റ് ലോഗ്സ്) ആരൊക്കെയാണ് അയാളുടെ അതിഥികളായി വിവിധ താവളങ്ങളിലേക്ക് പോയത്, അത് എന്നായിരുന്നു, ഒപ്പമുണ്ടായിരുന്നത് ആരാണ് എന്ന ധാരണയുണ്ടാകാന് സഹായിക്കും. (ട്രംപ് പലതവണ ഈ വിമാനത്തില്‍ സഞ്ചിച്ച കാര്യം ആദ്യഭാഗത്തില്‍ പറഞ്ഞിരുന്നു.) വിമാനയാത്ര നടത്തിയത് കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തെളിവല്ലെങ്കിലും അയാളോട് വളരെ അടുത്തു പ്രവര്‍ത്തിച്ചിരുന്ന വ്യക്തികള്‍ ആരൊക്കെയാണെന്നുള്ള വിവരം ഇതില്‍നിന്ന് ലഭ്യമാകും.
മുന്‍പ്രസിഡന്റ് ക്ലിന്ററന്റെ പേര് വിമാനയാത്രക്കാരുടെ രേഖകളില്‍ പലതവണ പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ടായിരത്തിന് ശേഷം നിരവധിതവണ അദ്ദേഹം ലോലിത എക്സ്പ്രസില്‍ യാത്ര ചെയ്തിട്ടുണ്ട്, ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമടക്കം. ചിലപ്പോള്‍ എപ്സ്റ്റീനും ഗിലൈന് മാക്സ്വെല്ലും (എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന വനിത, ഇപ്പോള്‍ ജയിലിലാണ്) പ്രമുഖ വ്യക്തികളും ഒപ്പമുണ്ടായിരുന്നു. ക്ലിന്റന്റെ പ്രതിനിധികള്‍ എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അറിവില്ലായിരുന്നു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു യാത്രകള്‍ എന്നൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയുമൊത്ത് അമേരിക്കയുടെ മുന്‍ സര്വ്വസൈന്യാധിപന് യാത്ര നടത്തിയത് ഏതു സാഹചര്യത്തിലായാലും ന്യായീകരിക്കുക ബുദ്ധിമുട്ടാണ്. അത് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് വലിയ കോട്ടമുണ്ടാക്കി.
Read more: എപ്സ്റ്റീന് ദ്വീപിലെ കാമനരകം; വിവാദ കേസിന് വീണ്ടും തീപിടിക്കുമ്പോള്‍ ട്രംപിന്റെ ചൂതാട്ടം
ഗ്രാന്‍ഡ് ജൂറിയുടെ കൈവശമുള്ള മൊഴികളും രഹസ്യരേഖകളും ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ക്കൊള്ളുന്നവയാകാം. പക്ഷേ, ഗ്രാന്‍ഡ് ജൂറി നടപടിക്രമങ്ങള്‍ രഹസ്യസ്വഭാവം ഉള്ളവയാണ്. നിരപരാധികളെ സംരക്ഷിക്കുക, സ്വതന്ത്രമായി മൊഴി കൊടുക്കാന്‍ സാക്ഷികളെ പ്രോത്സാഹിപ്പിക്കുക, പ്രതികള്‍ പലായനം ചെയ്യുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് രഹസ്യസ്വഭാവത്തിനു കാരണം. പക്ഷേ വളരെയധികം പൊതുജന താല്പര്യമുള്ള കേസുകളില്‍- സത്യം മൂടിവയ്ക്കാനോ വരേണ്യ വിഭാഗങ്ങളെ സംരക്ഷിക്കാനോ ഉന്നത തലത്തില്‍ ശ്രമമുണ്ടെന്ന് ആരോപണമുള്ളപ്പോള്‍- പതിവു നടപടിക്രമങ്ങളെ മറികടന്നേക്കാം. സിവില്‍ കോടതി വ്യവഹാരങ്ങളിലും ഇതുവരെ പുറത്തു വരാത്ത വിവരങ്ങളുണ്ടാവാം. വാദപ്രതിവാദങ്ങള്‍ക്കിടെ ഹാജരാക്കുന്ന തെളിവുകള്‍, കോടതി രേഖകളിലെ മറ്റു വ്യക്തികളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍, യാത്രകളുടെ വിശദാംശങ്ങള്‍, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍, ഇരകളുടെ ആരോപണങ്ങള്‍ എന്നിങ്ങനെ.
തനിക്കെതിരേ ആരോപണമുന്നയിച്ച ഇരയുമായി ആന്‍ഡ്രൂ രാജകുമാരന് കോടതിക്കു പുറത്തുവെച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതും ഗിലൈന് മാക്സ്വെല്ലിനെതിരായ നടപടിയും (കുറ്റകൃത്യമേ നടന്നിട്ടില്ല എന്നു പറയാനാവില്ലല്ലോ!) അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ദശകങ്ങളോളം അധികാരത്തിന്റയും സ്വാധീനത്തിന്റെയും തണലില്‍ പ്രവര്‍ത്തിച്ച ഇത്രയും വലിയ കുറ്റവാളിശൃംഖലയില് പ്രതികള്‍ ഇത്ര മാത്രമാണോ ഉള്ളത്? എന്തുകൊണ്ടാണ് സമഗ്രാന്വേഷണം നടക്കാതിരുന്നത്? എന്തുകൊണ്ടാണ് വിചാരണയ്ക്കു മുമ്പ് ദുരൂഹസാഹചര്യത്തില്‍ എപ്സ്റ്റീന് ജയിലിനുള്ളില്‍ തൂങ്ങിമരിച്ചത്? എപ്സ്റ്റീന്റെ എല്ലാ രഹസ്യങ്ങളുമറിയുന്ന പങ്കാളി മാക്സ്വെല് എന്തുകൊണ്ടാണ് കുമ്പസാരത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്? അതിലെല്ലാമുപരിയായി, ആരാണ് ഈ കേസിന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ യത്നിക്കുന്നത്?
Content Highlights: epstein black book unmasking powerful
Published: 23 Jul 2025, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented